ധോണിയുടെ വിരമിക്കലിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞ് മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത്. കഴിഞ്ഞ 11 മാസത്തിലേറെയായി ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുന്ന ധോണിക്കു ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങി വരവുണ്ടാവില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നതെങ്കിലും ശ്രീശാന്ത് ഇതിനോടു യോജിക്കുന്നില്ല.

രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ധോണിക്ക് അര്‍ഹിച്ച രാജകീയമായ യാത്രയയപ്പ് തന്നെ നല്‍കണമെന്ന് ശ്രീ പറയുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ധോണി കിരീടവിജയത്തില്‍ പങ്കാളിയാവുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ടീമംഗങ്ങള്‍ തോളിലേറ്റി വലം വച്ചത് പോലെ ധോാണിയെയും സഹതാരങ്ങള്‍ തോളിലേറ്റി ആദരിക്കണമെന്നും ശ്രീ പറയുന്നു

ധോണി തീര്‍ച്ചയായും ടി20 ലോകകപ്പില്‍ കളിക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. ലോകകപ്പിനു മുമ്പ് ഐപിഎല്‍ നടക്കണമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ധോണി ഭായിയുടെ ‘ക്രേസി’ ഇന്നിങ്‌സുകള്‍ കാണണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു.

കാരണം ഭാവിയെക്കുറിച്ച് ധോണി പാലിക്കുന്ന മൗനത്തെക്കുറിച്ച് ഒരുപാട് ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്നു നല്ല ബോധ്യമുള്ളയാളാണ് ധോണിയെന്നു ശ്രീ വ്യക്തമാക്കി.

ലോകത്തെ എന്തു വേണമെങ്കിലും പറയാന്‍ അനുവദിക്കുന്നയാളാണ് ഒരു നല്ല മനുഷ്യന് ഏറ്റവും മികച്ച ഉദാഹരണം. ആളുകള്‍ എന്തും പറഞ്ഞോട്ടെ, ധോണി നമ്മുടെ രാജ്യത്തെ സേവിക്കുകയാണ്, ആര്‍മിയെ സേവിക്കുകയാണ്.

രാഷ്ട്രീയത്തില്‍ ചേരാന്‍ താല്‍പ്പര്യമില്ലെന്നു ധോണി വ്യക്തമാക്കിക്കഴിഞ്ഞു. മറിച്ച് സേവനം ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ തനിക്കു അര്‍ഹതയുണ്ടോയെന്ന് പോലും തോന്നുന്നില്ലെന്നു ശ്രീ കൂട്ടിച്ചേര്‍ത്തു.

സ്വന്തം ഭാവിയെക്കുറിച്ച് ധോണി ഭായി തന്നെ തീരുമാനമെടുക്കട്ടെ. ഒരു ക്രിക്കറ്റ് ഫാനെന്ന നിലയിലാണ് സച്ചിന്‍ പാജിയെ കാണുന്നത്. ധോണി ഭായി ടി20 ലോകകപ്പില്‍ കളിക്കുകയും കിരീടം നേടുകയും ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുന്നു.

പിന്നീട് സച്ചിന്‍ പാജി താന്‍ കളി നിര്‍ത്തുന്നതായി ഒരു ദിവസം പറഞ്ഞതു പോലെ ധോണി ഭായിക്കും തിരുമാനമെടുക്കാം. ടീമംഗങ്ങള്‍ ധോണിയെ തോളിലേറ്റി ഗ്രൗണ്ട് ചുറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. അത് നടക്കുക തന്നെ ചെയ്യുമെന്നും ശ്രീ അഭിപ്രായപ്പെട്ടു.