ലോക ഫുട്‌ബോളിന്റെ ഇതിഹാസം കണ്ണടച്ചു. ദ്യേഗോ മാറഡോണയെന്ന മാന്ത്രികൻ ഇനിയില്ല. ഹൃദയാഘാതമാണ്‌ മരണകാരണം. 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്‌ മാറഡോണയ്‌ക്ക്‌ ഈയിടെ ശസ്‌ത്രക്രിയ നടത്തിയിരുന്നു.‌

1986ൽ അർജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്ത മാറഡോണ വിശ്വ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനായി വിലയിരുത്തപ്പെട്ടു. ലോകമാകെ ആരാധകരെ സൃഷ്‌ടിച്ചു. അനുപമായ കേളീശൈലി കൊണ്ട്‌ ഹൃദയം കീഴടക്കി.

1982, 1986, 1990, 1994 ലോകകപ്പുകളിൽ അർജന്റീനയ്‌ക്കായി കളിച്ചു. 1986 ലോകകപ്പിൽ ഒറ്റയ്‌ക്ക്‌ അർജന്റീനയെ കിരീടത്തിലേക്ക്‌ നയിച്ചു. ഈ ലോകകപ്പോടെയാണ്‌ മാറഡോണ ലോക ഫുട്‌ബോളിൽ സിംഹാസനം ഉറപ്പിച്ചത്‌.

ക്ലബ്ബ്‌ ഫുട്‌ബോളിൽ ബൊക്ക ജൂനിയേഴ്‌സ്‌, ബാഴ്‌സലോണ, നാപോളി ടീമുകൾക്കായി ബൂട്ടണിഞ്ഞു. ആകെ 588 മത്സരങ്ങളിൽ 312 ഗോൾ.
ക്ലബ്ബിനും ദേശീയ കുപ്പായത്തിലും ഒരുപോലെ മികവുകാട്ടിയ കളിക്കാരനായിരുന്നു മാറഡോണ. അർജന്റീനയ്‌ക്കായി 106 കളിയിൽ 42 ഗോളും നേടി. 2010 ലോകകപ്പിൽ അർജന്റീന ടീമിന്റെ പരിശീലകനുമായിരുന്നു.

ബ്യൂണസ്‌ ഐറിസിലെ സാധാരാണ കുടുംബത്തിൽനിന്നായിരുന്നു മാറഡോണയെന്ന ഇതിഹാസത്തിന്റെ തുടക്കം. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നേടിയ അത്ഭുത ഗോൾ ചരിത്രത്തിന്റെ ഭാഗമായി. ഇംഗ്ലീഷ്‌ താരങ്ങളെ വെട്ടിച്ച്‌ 60 മീറ്റർ ഓടിക്കയറി ലക്ഷ്യം കണ്ടപ്പോൾ അത്‌ നൂറ്റാണ്ടിന്റെ ഗോളായി കുറിക്കപ്പെട്ടു.

ഫുട്‌ബോളിനൊപ്പം ജീവിതവും ലഹരിയായിരുന്നു മാറഡോണയ്‌ക്ക്‌. ഏറെ വിവാദങ്ങളും പിന്തുടർന്നു. പലപ്പോഴും ആശുപത്രിയിലായി. ആരാധകരെ ആശ്വസിപ്പിച്ച്‌ ഓരോ നിമിഷവും മാറഡോണ തിരിച്ചുവന്നു. പക്ഷേ, ഇക്കുറി അതുണ്ടായില്ല. രോഗ മുക്തി നേടുന്നതിനിടെ ലോകത്തെ കണ്ണീരണയിച്ച്‌ ആ നക്ഷത്രം പൊലിഞ്ഞു.