സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് അദ്ദേഹത്തെ തിങ്കളാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഈ കാലയളവിൽ പ്രധാനമന്ത്രിയുടെ എല്ലാ ചുമതലകളും വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിർവഹിക്കും. പ്രതിദിന അടിയന്തര കൊറോണ വൈറസ് അവലോകന കമ്മിറ്റിയിൽ അധ്യക്ഷനാകുന്നതുമുതൽ ബ്രിട്ടനെ രക്ഷിക്കാനുള്ള ചുമതലയും ഇനി അദേഹത്തിന്റെ തോളിലാണ്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ് 46 കാരനായ റാബ്, സർക്കാരിന്റെ ഭരണം ഏറ്റെടുക്കുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടെ ലോകത്തെ വിവിധ കോണുകളിൽ നിന്ന് ബ്രിട്ടീഷുകാരെ തിരിച്ചെത്തിക്കാൻ കഠിന പ്രയത്‌നം ചെയ്ത വ്യക്തിയാണ് റാബ്. അതിർത്തി അടയ്ക്കൽ, വിമാന സർവീസ് ഇല്ലാതാക്കൽ, അന്താരാഷ്ട്ര അധികാരികളുമായുള്ള ചർച്ചകൾ, പല രാജ്യത്തായി കുടുങ്ങികിടന്ന ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കൽ തുടങ്ങി അതീവ ഗൗരവമായ വിഷയങ്ങളാണ് കഴിഞ്ഞ മാസം അദ്ദേഹം കൈകാര്യം ചെയ്തത്.

ആദ്യ സ്റ്റേറ്റ് സെക്രട്ടറിയെന്ന നിലയിൽ ഇരട്ട ചുമതല വഹിക്കുന്ന റാബിന് പ്രധാനമന്ത്രിയുടെ അധിക ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരുന്നു. ബ്രിട്ടീഷ് ജിഹാദികളുടെ മക്കളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത വ്യക്തിയാണ് റാബ്. ഡേവിഡ് കാമറൂണിന്റെ 2010 ലെ കൺസർവേറ്റീവ് വിജയത്തിൽ എഷറിന്റെയും വാൾട്ടന്റെയും ഇരിപ്പിടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി അദ്ദേഹം മാറിയത്. 2018 നവംബറിൽ തെരേസ മേയുടെ ബ്രെക്സിറ്റ്‌ പദ്ധതിയിൽ പ്രതിഷേധിച്ച് റാബ് തന്റെ കാബിനറ്റ് അംഗത്വം ഉപേക്ഷിച്ചിരുന്നു.

1938 ൽ നാസികളിൽ നിന്ന് പലായനം ചെയ്ത ചെക്ക് സ്വദേശിയായ ജൂത അഭയാർഥിയായിരുന്നു റാബിൻെറ പിതാവ് . ഓക്സ്ഫോർഡിലും കേംബ്രിഡ്ജിലുമായി പഠനം പൂർത്തിയാക്കി റാബ് . ബക്കിംഗ്ഹാംഷെയറിൽ വളർന്ന അദ്ദേഹം എറികയെ വിവാഹം കഴിച്ചു. 2019 ലെ ടോറി നേതൃത്വ മൽസരത്തിലും റാബ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കൊറോണ വൈറസിനെതിരെ പോരാടാൻ ബ്രിട്ടനെ സജ്ജമാക്കുക എന്ന വലിയ ദൗത്യമാണ് ബോറിസ് ജോൺസന്റെ അഭാവത്തിൽ, റാബ് ഏറ്റെടുത്തിരിക്കുന്നത്.