ഡോക്ടർ എ. സി. രാജീവ്‌ കുമാർ

പാലും പാലുൽപ്പന്നങ്ങളും മനുഷ്യൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇക്കാലത്ത് പാലും പാലുൽപ്പന്നങ്ങളും ധാരാളം ആളുകളിൽ അലർജി രോഗങ്ങൾ ഉണ്ടാക്കുന്നു.

പാൽ കഫത്തെ വഴുഴുപ്പിനെ ഉണ്ടാക്കുന്നു, ഘൃതം അഥവാ നെയ്യ് ദഹനം മെച്ചമാകും വിധം അഗ്നി വർധിപ്പിക്കും എങ്കിലും അമിത ഉപയോഗം ദാഹന തകരാറിനിടയാക്കും, നവനീതം മലത്തെ മുറുക്കുന്നു എന്നൊക്കെ ആണ് ഗുണങ്ങൾ പറയുന്നത്.

വൈകിട്ട് ഉറയൊഴിച്ച പാലിൽ നിന്ന് കിട്ടുന്ന തൈര് കടഞ്ഞു കിട്ടുന്ന മോര് ഒട്ടേറെ ആരോഗ്യ രക്ഷാ ഘടകങ്ങൾ കലർന്നതാണ്. ഗുണകരമായ ബാക്റ്റീരിയ ധാരാളം ലഭ്യമാക്കുന്നതും അന്നപതത്തിലെ ക്ഷാര അമ്ല അനുപാതം ആരോഗ്യകരമായി നിലനിർത്താൻ സഹായകമാകുന്നതുമാണ്. കടുക് പൊട്ടിച്ചു മരുന്നുകളും വെള്ളവും തിളപ്പിച്ചതിൽ മോര് ചേർത്ത് കിട്ടുന്ന മോര് കറി, മോര് കാച്ചിയത്, പുളിശേരി, എന്നൊക്കെ പറയുന്നത് ഒരു ആയുർവേദ ഔഷധ കൂട്ടാണ് എന്ന് നാം അറിയുന്നില്ല.

പാട മാറ്റാതെ പാല് ഉറയൊഴിച്ചു കിട്ടുന്ന തൈരിൽ നിന്നുള്ള മോരിന് സ്നിഗ്ദ്ധത ഉണ്ടാകും, പാട മാറ്റിയതെങ്കിലും രൂക്ഷത കൂടാനിടയാകും.

തൈരിന്റെ നാലിലൊരു ഭാഗം വെള്ളം ചേർത്ത് കടഞ്ഞു നെയ്യ് മാറ്റി കിട്ടുന്നത് തക്രം. ധാരാളം വെള്ളം ചേർത്ത് കടഞ്ഞു കിട്ടുന്ന മോര് ദാഹ ശമനത്തിന് നന്ന്. മുഴുവൻ വെണ്ണയും മാറ്റിയ മോര് ലഘുവും പഥ്യവും ആകുന്നു.

മോരിലെ കഷായ രസം കഫത്തെയും അമ്ല രസം വാതത്തെയും ശമിപ്പിക്കും. അഗ്നി ദീപ്തി ഉണ്ടാക്കുന്നതും ദഹനത്തെ സഹായിക്കുന്നതും ആകുന്നു. ശോഫം ഉദരം ഗ്രഹണി അർശസ് മൂത്രകൃച്രം അരോചകം ഗുന്മം പ്ലീഹരോഗം പാണ്ടു രോഗം എന്നിവ ശമിപ്പിക്കും. മോര് മാത്രം കുടിച്ചു കഴിയുക എന്ന തക്രാപാനം ഒരു ചികിത്സ ആണ്. മോരിനൊപ്പം ഇന്തുപ്പ്, പഞ്ചസാര ത്രികടു എന്നിവ രോഗനുസൃതമായി ചേർത്തുപയോഗിക്കാം. തക്രാരിഷ്ടം അർശസ് ചികിത്സയിൽ ഉപയോഗിക്കുന്നു. നാം ഇന്ന് ഉപയോഗിക്കുന്ന മോര് കറി ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കുന്നതാണ്.

മരുന്നുകൾ അരച്ചോ ചതച്ചോ കലക്കി തിളപ്പിച്ചു നാലിലൊന്നാക്കി വറ്റിച്ചു മോര് കാച്ചുക ആണ് മുക്കുടി. കറി വേപ്പിലയും, മഞ്ഞളും,പുലിയറിലയും, മാതള തോടും ചുക്കും ഒക്കെ ഇട്ടുള്ള മോര് കറി അജീർണ അതീസാരങ്ങൾക്ക് ശമനം ആകും.

മോരിൽ മരുന്നുകൾ ചതച്ചിട്ട് രാത്രി വെച്ചിരുന്നു രാവിലെ കുടിക്കുന്നതും, പകൽ ഇട്ടുവെച്ചു രാത്രി കുടിക്കുന്നതും ആയി രണ്ടു വിധം ഉണ്ട്. കടുക്കാത്തോട് ത്രിഫല എന്നിവ മോരിലിട്ട് വെച്ചിരുന്ന് അരിച്ചു കുടിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും.

ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ചതച്ചിട്ട് തയ്യാറാക്കുന്ന സംഭാരം ഒരു ഉഷ്ണശമനമായ വേനൽ പാനീയമാകും.

കറിവേപ്പില, തേങ്ങാ, പച്ചമുളക് എന്നിവ അരച്ച് മോരിൽ കലക്കി ഉപ്പു ചേർത്ത് തിളപ്പിച്ചുള്ള കറി ചോറിനൊപ്പം കൂട്ടുന്നത് ഉദര രോഗങ്ങൾ, രുചിയില്ലായ്ക, ഭക്ഷ്യവിഷം എന്നിവ അകറ്റാനും കരൾ രക്ഷയ്ക്കും നന്ന്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154