താമസസ്ഥലത്തുവെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് കുടുംബം. കഴിഞ്ഞ മുപ്പതിന് മരിച്ച കൊച്ചി കുമ്പളം സ്വദേശി ഗണേഷ് മനുവിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് അമ്മ മുഖ്യമന്ത്രിയെ സമീപിച്ചു. കട്ടിലിൽ നിന്നും വീണ് ഗണേഷ് മനു മരിച്ചുവെന്നാണ് സുഹൃത്തുക്കൾ നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

കൂടുതൽ വിവരങ്ങളൊന്നും അറിയാതെ കരഞ്ഞു കലങ്ങിയ കണ്ണുകളും സ്വരമടഞ്ഞ വാക്കുകളുമായി ഈ അമ്മ കാത്തിരിക്കുകയാണ്. മകനെ അവസാനമായി ഒരു വട്ടംകൂടി കാണാൻ. കഴിഞ്ഞ മുപ്പതിന് രണ്ടുതട്ടായുള്ള കട്ടിലിന്റെ മുകളിൽനിന്ന് ഉറക്കത്തിൽ മനു താഴെവീഴുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചുവെന്നുമാണ് സുഹൃത്തുക്കൾ ഫോൺ വഴി അറിയിച്ചത്. നിലത്തുവീണ മനു രാത്രി മുഴുവൻ അവിടെ കിടന്നിട്ടും അറിഞ്ഞില്ലെന്ന സുഹൃത്തുക്കളുടെ വാദം സംശയമുണർത്തുകയാണ്.

അതേസമയം, മരിക്കുന്നതിന് തലേദിവസം മുറിയിൽവച്ച് കയ്യേറ്റമുണ്ടായതായി മനു വീട്ടിലറിയിച്ചിരുന്നു. പ്രശ്‌നങ്ങളില്ലെന്നു പറഞ്ഞെങ്കിലും താമസസ്ഥലം മാറാൻ അമ്മ പറയുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടതിന്റെ അങ്കലാപ്പിലാണ് എല്ലാവരും. ദുബായിലെ ഗ്രാഫിക് ഡിസൈൻ കമ്പനിയിലാണ് മനു ജോലി ചെയ്തിരുന്നത്. മരണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്ന ആവശ്യവും ബന്ധുക്കൾക്കുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് സഹപ്രവർത്തകർ അറിയിച്ചെങ്കിലും അത് പൂർണമായും വിശ്വസിക്കുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.