ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തെ ഉറ്റുനോക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി നിശ്ചലമാക്കിയ കളി മൈതാനങ്ങൾ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് വിൻഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തോടെ. മഹാമാരിയെ നേരിടുന്നതോടൊപ്പം സമൂഹത്തിൽ നിലനിൽക്കുന്ന വർഗീയവെറിയെയും നേരിടണമെന്ന സന്ദേശം കൂടി നൽകിയാണ് സതംപ്ടണിൽ ആദ്യ മത്സരത്തിന് തുടക്കമായത്.

ആദ്യ ഇന്നിങ്സിലെ ആദ്യ പന്ത് എറിയുന്നതിന് മുമ്പ് ഇരു ടീമിലെയും താരങ്ങൾ ഫീൽഡിൽ കാൽമുട്ടിൽ നിന്ന് മുഷ്ടി ചുരുട്ടിയാണ് ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന വർണവെറിക്കെതിരെ പ്രതിഷേധിച്ചത്. കൂടെ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരും കൂടി. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് റോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ തുടർച്ചയാണിത്.

ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് വര്‍ണവെറിക്കെതിരായ ലോഗോ പതിപ്പിച്ച ജേഴ്‌സിയണിഞ്ഞാണ് ഇംഗ്ലണ്ട് താരങ്ങള്‍ കളത്തിലിറങ്ങുക. കറുത്തവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവര്‍ക്ക് പിന്തുണ അറിയിക്കുന്നതിനും വേണ്ടിയാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിലെത്തിയ വിൻഡീസ് സംഘം 14 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിൽ കളിക്കുന്നത്.

‌സ്ഥിരം ക്യാപ്റ്റൻ ജോ റൂട്ടിന്റെ അഭാവത്തിൽ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ത്സരത്തിനിടെ ആരെങ്കിലും കോവിഡ് ബാധിതരായാൽ കോവിഡ് സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കാം. അതിനായി റിസർവ് സംഘമുണ്ട്. ഫീൽഡ് അംപയർമാർ 2 പേരും വിദേശത്തുനിന്ന് എന്ന രീതിക്കു പകരം സ്വദേശി അംപയറും കളി നിയന്ത്രിക്കാനുണ്ട്.