വിസെന്റ് കാൽഡറോണിൽ അത്‌ലറ്റികോ മാഡ്രിഡ് കളം നിറഞ്ഞു കളിച്ചു, റയൽ മാഡ്രിഡിനെ പിന്തള്ളുകയും ചെയ്തു. എന്നാൽ ചാന്പ്യൻസ് ലീഗിലെ ആദ്യപാദത്തിൽ സാന്റിയോഗോ ബെർണബ്യുവിലേറ്റ കനത്ത തിരിച്ചടി മറികടക്കാൻ അത് മതിയാകുമായിരുന്നില്ല. രണ്ടാം പാദ സെമിയിൽ 1-2ന് പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ 3-0ന്റെ തകർപ്പൻ വിജയമാണ് (ഇരുപാദങ്ങളിലുമായി 4-2) ഫൈനലിൽ യുവന്റസിനെ നേരിടാൻ റയലിന് യോഗ്യത നേടിക്കൊടുത്തത്.

സോൾനിഗസും ഗ്രീസ്മാനുമാണ് അത്‌ലറ്റികോക്കായി റയൽ വല കുലുക്കിയത്. ഇസ്കോ റയലിന്റെ ഏക ഗോളിനുടമയായി. ആദ്യ പാദത്തിൽ കണ്ട അത്‌ലറ്റികോ മാഡ്രിഡിനെയായിരുന്നില്ല രണ്ടാം പാദത്തിൽ കാണാനായത്. പ്രതിരോധക്കോട്ട കെട്ടാൻ മിടുക്കരായ തന്റെ കുട്ടികളെ ഡീഗോ സിമിയോൺ കിക്കോഫ് മുതൽ റയൽ ഗോൾ മുഖത്തേക്ക് അഴിച്ചുവിട്ടു. 12-ാം മിനിറ്റിൽ തന്നെ നിഗസിന്റെ ഹെഡറിലൂടെ ആതിഥേയർ ഫലം കണ്ടു.

പെനാൽറ്റിയിലൂടെ ഗ്രീസ്മാൻ ഗോൾ രണ്ടാക്കിയതോടെ അത്‌ലറ്റികോയുടെ തിരിച്ചുവരവ് ഏവരും സ്വപ്നം കണ്ടു തുടങ്ങി. എന്നാൽ 42-ാം മിനിറ്റിൽ ബെൻസേമയുടെ കുതിപ്പിനൊടുവിൽ ഇസ്കോ അത്‌ലറ്റികോ വലയിൽ പന്തെത്തിച്ചതോടെ റയൽ ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

ജൂൺ നാലിനാണ് ഇംഗ്ലണ്ടിലെ കാർഡിഫിൽ റയൽ-യുവന്റസ് ഫൈനൽ പോരാട്ടം അരങ്ങേറുക.