ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്ത് നടപ്പാക്കിയ ലോക് ഡൗൺ വിജയകരമായിരുന്നെങ്കിലും വൈറസ് വ്യാപനത്തിൻെറ തീവ്രതയിൽ നിന്ന് രാജ്യം മോചിതമായിട്ടില്ലെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് മേധാവി പ്രൊഫസർ സർ ഇയാൻ ഡയമണ്ട് മുന്നറിയിപ്പ് നൽകി. ലോക്ഡൗണും പ്രതിരോധകുത്തിവെയ്പ്പുകൾ മൂലവും കോവിഡ് വ്യാപനതോത് വളരെയേറെ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിൻെറ നോർത്ത് ഈസ്റ്റ്, ഈസ്റ്റ് മേഖലകളിൽ രോഗവ്യാപനം താരതമ്യേന കൂടുതലാണ്. അതേസമയം സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് മേഖലകളിൽ വൈറസ് വ്യാപനം കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് വിലയിരുത്താൻ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആയിരക്കണക്കിന് വീടുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. രാജ്യത്ത് ആകമാനം കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ 6040 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം 158 പേരാണ് യുകെ കോവിഡ്-19 മൂലം മരണമടഞ്ഞത്.

യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് വിജയകരമായി മുന്നോട്ടു പോവുകയാണ്. ഈ ആഴ്ച മുതൽ രാജ്യത്തെ 56നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ ആരംഭിക്കും. രാജ്യത്ത് 21.4 ദശലക്ഷം ആളുകൾക്ക് ഇതിനകം തന്നെ ഒരു ഡോസ് വാക്സിൻ നൽകാൻ സാധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ട് വരാൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ജനങ്ങളോട് ആഹ്വാനം ചെയ്തു. ജൂലൈ അവസാനത്തോടെ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും ഒരു ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എങ്കിലും നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്.