അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

അടുത്ത സമ്മറിൽ പരീക്ഷകളുടെ സുഗമമായുള്ള നടത്തിപ്പിനായി മുൻകരുതൽ എടുക്കുമെന്ന് ഭരണനേതൃത്വം ഉറപ്പുനൽകി. കുട്ടികളുടെ പഠനത്തെ വിലയിരുത്തുന്നതിന് പരീക്ഷകൾ നടത്തുന്നത് ഏറ്റവും ഉചിതമായ മാർഗ്ഗമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. പക്ഷേ മഹാമാരിയുടെ സമയത്ത് വിദ്യാർഥികൾക്ക് അവരുടെ ക്ലാസുകൾക്കും പഠനത്തിനും ബുദ്ധിമുട്ടുകൾ നേരിട്ടത് അനുഭാവപൂർവ്വം പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായകരമായ രീതിയിൽ ഗ്രേഡിംഗ് സംവിധാനവും പഠന വിഷയങ്ങളുടെ പുനഃക്രമീകരണം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഐസൊലേഷൻ മൂലം പരീക്ഷ എഴുതാനാവാത്ത കുട്ടികൾക്കും ഗ്രേഡ് ലഭ്യമാകും .

ഇതിനിടെ വാക്സിൻ വിതരണം അടുത്ത ആഴ്ച തുടങ്ങിയാലും വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലെ മൂന്നാമത്തെ ഒരു ലോക്ക്ഡൗൺ കൂടി വേണ്ടി വരുമെന്ന് ലണ്ടൻ സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ ലിയാം സ്മിത്ത് മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിൻെറ അഭിപ്രായത്തിൽ സമീപഭാവിയിൽ ഒന്നും വൈറസിനെ തുടച്ചുനീക്കാൻ സാധിക്കില്ല. അതായത് കൊറോണാവൈറസ് നമ്മോടൊപ്പമുണ്ടാകും. വാക്‌സിൻ പ്രതിരോധശേഷി എത്രനാൾ നിലനിൽക്കും തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രൊഫസർ ലിയാം സ്മിത്തിൻെറ വാദം ഗൗരവപൂർവം പരിഗണിക്കണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. വാക്‌സിൻ വിതരണം നടന്നാലും നിയന്ത്രണങ്ങളും ജാഗ്രതയും തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രൊഫസർ ലിയാം സ്മിത്ത്

ഒക്ടോബറിൽ ആദ്യം തന്നെ ശാസ്ത്രജ്ഞരുടെയും ആരോഗ്യവിദഗ്‌ധരുടെയും ഭാഗത്തുനിന്ന് ലോക്ക്ഡൗണിനു വേണ്ടി ആവശ്യമുയർന്നിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഡിസംബർ രണ്ടിന് ലോക്ക്ഡൗണിനു ശേഷവും യുകെയിൽ ഉടനീളം നിയന്ത്രണങ്ങൾ നിലവിലുണ്ട്. എന്നിരുന്നാലും ക്രിസ്മസിന് അനുവദിക്കപ്പെട്ടിരിക്കുന്ന ഇളവുകളുടെ വെളിച്ചത്തിൽ പുതുവർഷത്തിൽ രോഗവ്യാപനം ഉയരും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഫൈസറിൻെറ വൈറസ് വാക്‌സിനുമായി ബ്രിട്ടനിലേക്ക് ഗതാഗതം നടത്തുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൻ പ്രചാരമാണ് ലഭിച്ചത്. കോവിഡ് വാക്‌സിൻ ജനങ്ങൾക്ക് ലഭ്യമാക്കുന്ന ആദ്യ രാജ്യം യുകെ ആന്നെന്നത് മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ ആണ് യുകെ സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. വസന്ത കാലത്തോടെ യുകെയിലെ ജീവിതം സാധാരണ നിലയിലേയ്ക്ക് തിരിച്ചു വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു