മലയാളം യുകെ ന്യൂസ് ഡെസ്ക്

കുട്ടികൾക്കായി ഫേസ്ബുക്ക് ലോഞ്ച് ചെയ്ത മെസേജിംഗ് സർവീസ് നിർത്തലാക്കണമെന്ന് ആവശ്യം. ആറു വയസുവരെ പ്രായമുള്ള കുട്ടികൾക്കു പോലും ഉപയോഗിക്കാവുന്ന പുതിയ ആപ്പ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. മെസഞ്ചർ കിഡ്സ് എന്ന ആപ്പാണ് കുട്ടികൾക്കായി ഫേസ്ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇതു മൂലം കുട്ടികൾക്കുണ്ടാകാവുന്ന ദോഷവശങ്ങളെക്കുറിച്ച് പീഡിയാട്രിക് വിദഗ്ദരും മെന്റൽ ഹെൽത്ത് എക്സ്പേർട്ടുകളും കർശന മുന്നറിയിപ്പുമായി രംഗത്തെത്തി. ബാല്യകാലം കുട്ടികൾക്ക് സങ്കൽപങ്ങളിൽ അധിഷ്ഠിതമാണ്. സത്യവും മിഥ്യയും വേർതിരിച്ചറിയാൻ കുഞ്ഞുങ്ങൾക്ക് പ്രാപ്തിയില്ല. സ്വകാര്യതയെന്തെന്ന് കുട്ടികൾക്ക് അറിയാത്ത പ്രായത്തിൽ ഇത്തരം മെസേജിംഗ് സംവിധാനങ്ങൾ അവരുടെ സ്വഭാവ രൂപീകരണത്തിൽ ദോഷകരമായ ഫലങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ദർ കർശന മുന്നറിയിപ്പ് നല്കുന്നു.

നിലവിൽ 13 വയസിന് മുകളിലുള്ളവർക്കാണ് ഫേസ്ബുക്കിൽ അക്കൗണ്ട് തുറക്കാവുന്നത്. മാനസികമായി പൂർണമായും വികാസം പ്രാപിക്കാത്ത കുട്ടികൾ സോഷ്യൽ മീഡിയ ആക്ടിവിടികളിൽ പങ്കെടുക്കുവാൻ പക്വത പ്രാപിക്കാത്തതിനാൽ മെസഞ്ചർ കിഡ്സ് കുട്ടികൾക്ക് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുമെന്നാണ് വാദം. ഇക്കാര്യങ്ങൾ വിശദമാക്കി ഫേസ് ബുക്ക് അധികൃതർക്ക് കത്തയച്ചിട്ടുണ്ട്. കാമ്പയിൻ ഫോർ എ കൊമേഴ്സ്യൽ ഫ്രീ ചൈൽഡ് ഹുഡ് എന്ന ഗ്രൂപ്പാണ് മെസഞ്ചർ കിഡ്സിന്റെ ദോഷവശങ്ങൾ തുറന്നു കാട്ടാൻ രംഗത്തിറങ്ങിയിരിക്കുന്നത്.

ഡിജിറ്റൽ സംവിധാനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം കുട്ടികൾക്ക് നല്ലതല്ല എന്ന വ്യക്തമായിരിക്കെ അതേ ദിശയിലുള്ള മറ്റൊരു സംവിധാനം കൂടി കുട്ടികൾക്കായി സജ്ജമാക്കിയ ഫേസ്ബുക്കിന്റെ കാഴ്ചപ്പാടിനെതിരെ ശക്തമായ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. സ്മാർട്ട് ഫോണുകളുടെ ഉപയോഗവും സോഷ്യൽ മീഡിയയിലെ പങ്കാളിത്തവും ടീനേജുകാരിൽ ഉത്കണ്ഠയും സന്തോഷക്കുറവും സൃഷ്ടിക്കുന്നതായി കഴിഞ്ഞ ആഴ്ച പുറത്തു വന്ന അക്കാദമിക് റിസേർച്ചിൽ പ്രതിപാദിച്ചിരുന്നു.

ടെക്സ്റ്റിംഗ് ടൈപ്പ് സർവീസാണ് മെസഞ്ചർ കിഡ്സ്. ഇത് മാതാപിതാക്കൾ കുട്ടികൾക്കായി സെറ്റ് ചെയ്തു നല്കുന്ന രീതിയിലാണ് ഇറക്കിയിരിക്കുന്നത്. ഇത് ഫെയ്സ് ബുക്കിന്റെ പ്രധാന ഭാഗമല്ല എങ്കിലും ഫേസ് ബുക്ക് അക്കൗണ്ടിലൂടെ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇതിൽ ന്യൂസ് ഫീഡോ ലൈക്ക് ബട്ടണോ ഇല്ല. സെൽഫി, ഇമോജി, വീഡിയോ ചാറ്റ്, ഗ്രൂപ്പ് ടെക്സ്റ്റിംഗ് എന്നിവ ഇതിൽ ഉണ്ട്. മറ്റ് ഓൺലൈൻ സംവിധാനങ്ങളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ് മെസഞ്ചർ കിഡ്സ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. നിരവധി അക്കാഡമികളുടെയും വിദഗ്ദരുടെയും അഭിപ്രായമാരാഞ്ഞിട്ടാണ് ഈ ആപ്പ് ലോഞ്ച് ചെയ്തത് എന്ന മറുവാദവും കമ്പനി ഉയർത്തുന്നുണ്ട്.

മാതാപിതാക്കൾക്കും കുട്ടികൾക്കും ചാറ്റ് ചെയ്യാവുന്ന സംവിധാനമാണ് ഇതെന്നും കുട്ടികളുടെ കോണ്ടാക്ട് വിവരങ്ങൾ മാതാപിതാക്കൾക്ക് മോണിറ്റർ ചെയ്യാൻ സാധിക്കുമെന്നും ഫേസ് ബുക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇതു ഫേസ് ബുക്കിന്റെ മാർക്കറ്റിംഗ് തന്ത്രമാണെന്നും കുട്ടികളെ നേരത്തെ തന്നെ ആകർഷിച്ച് ഭാവിയിലെ ഉപയോക്താക്കളാക്കുന്ന ശൈലിയാണ് ഇതെന്നും അമേരിക്കൻ അക്കാഡമി ഓഫ് ചൈൽഡ് ആൻഡ് അഡോൾസെൻസ് സൈക്കാട്രിയുടെ മുൻ ചെയർമാനായ മൈക്കിൾ ബ്രോഡി പറഞ്ഞു.