വൈക്കോല്‍ നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ അടുക്കിയ കര്‍ഷകനെതിരെ സമ്പന്നരായ പ്രദേശവാസികള്‍. ഡെര്‍ബിഷയറിലെ ഓക്ക്ക്രൂക്കിലുള്ള റിച്ചാര്‍ഡ് ബാര്‍ട്ടന്‍ എന്ന കര്‍ഷകനാണ് 30 ടണ്ണോളം വൈക്കോല്‍ തന്റെ കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ അടുക്കിയത്. എന്നാല്‍ 5 ലക്ഷം പൗണ്ടിനു മേല്‍ മൂല്യമുള്ള പ്രോപ്പര്‍ട്ടികളാണ് ഈ അതിര്‍ത്തിയോടു ചേര്‍ന്നുള്ളത്. ബാര്‍ട്ടന്‍ തന്റെ കൃഷിയിടത്തിലെ മാലിന്യം നിക്ഷേപിക്കാന്‍ ഈ ജനവാസ മേഖല ഉപയോഗിക്കുകയാണെന്നാണ് ഈ പ്രദേശവാസികള്‍ പറയുന്നത്.

കാര്‍ ഹില്‍ ഫാമില്‍ മാലിന്യ നിര്‍മാര്‍ജന സൈറ്റ് ആരംഭിക്കുന്നതിനായി ബാര്‍ട്ടന്‍ നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. അതിനാല്‍ മനഃപൂര്‍വമാണ് ബാര്‍ട്ടന്‍ ജനവാസ മേഖലയില്‍ വൈക്കോല്‍ നിക്ഷേപിച്ചതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍ താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ ഈ സംഭവത്തെ പെരുപ്പിച്ചു കാണിക്കുകയാണെന്നുമാണ് ബാര്‍ട്ടന്‍ അവകാശപ്പെടുന്നത്. താനൊരു കര്‍ഷനാണ്. ഒരു വെയിസ്റ്റ് പ്രോസസിംഗ് സൈറ്റിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. പിന്നെ വൈക്കോല്‍ എവിടെയാണ് തനിക്ക് നിക്ഷേപിക്കാന്‍ സാധിക്കുകയെന്നും ബാര്‍ട്ടന്‍ ചോദിക്കുന്നു.

ഇതിനെതിരെ നില്‍ക്കുന്ന അയല്‍വാസികളെ സ്വാര്‍ത്ഥന്‍മാരെന്നാണ് ബാര്‍ട്ടന്‍ വിശേഷിപ്പിക്കുന്നത്. അവര്‍ സ്വന്തം കാര്യം മാത്രമാണ് ചിന്തിക്കുന്നത്. തന്റെ സ്വന്തം സ്ഥലത്താണ് ഈ വൈക്കോല്‍ നിക്ഷേപിച്ചിരിക്കുന്നത്. സ്വന്തം സ്ഥലത്ത് ഒഴിവുള്ള പ്രദേശത്താണ് അത് സൂക്ഷിച്ചിരിക്കുന്നതെന്നും ബാര്‍ട്ടന്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ വീടുകള്‍ക്ക് അരികിലായാണ് ബാര്‍ട്ടന്‍ ഈ വൈക്കോല്‍ കൂന സ്ഥാപിച്ചിരിക്കുന്നതെന്നും ഇതിന് തീ പിടിച്ചാല്‍ വലിയ അത്യാഹിതമായിരിക്കും സംഭവിക്കുകയെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്.