ന്യൂസ് ഡെസ്ക് മലയാളം യുകെ

11 ദിവസത്തെ ഹോട്ടൽ ക്വാറന്റീന് ശേഷം യുകെയിലേയ്ക്ക് വന്ന യാത്രികർ തങ്ങളുടെ സ്വയം ഒറ്റപ്പെടലിന് ശേഷം ഇന്നലെ പുറത്തുവന്നു. ഫെബ്രുവരി 15നാണ് അപകടസാധ്യത കൂടുതലുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വന്നവർക്ക് യുകെയിൽ ഹോട്ടൽ ക്വാറന്റീൻ ആരംഭിച്ചത്. താമസ ചിലവ്, യാത്ര, കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെ 1750 പൗണ്ടാണ് ഇതിനായി ഓരോ യാത്രക്കാരും വഹിക്കേണ്ട ചെലവ്. നിയമലംഘകരെ കാത്തിരിക്കുന്നത് പത്തുവർഷം തടവോ അല്ലെങ്കിൽ 10000 പൗണ്ട് പിഴശിക്ഷയോ ആണ്.

പല വിദേശരാജ്യങ്ങളിലും പൊട്ടിപ്പുറപ്പെട്ട ജനിതകമാറ്റം വന്ന വൈറസ് ബാധയെ തടയിടുക എന്ന ലക്ഷ്യത്തോടെയാണ് യുകെയിലേയ്ക്ക് വന്ന അന്താരാഷ്ട്ര യാത്രികർക്ക് ഹോട്ടൽ ക്വാറന്റീൻ ഏർപ്പെടുത്തിയത്. 11 ദിവസത്തോളം ഹോട്ടലിൽ ഒറ്റപ്പെട്ടു കഴിഞ്ഞതിനെ ഭീകരമായ അനുഭവം എന്നാണ് ചിലർ വിശേഷിപ്പിച്ചത്. ഉറ്റവരെയും ബന്ധുക്കളെയും കാണാൻ വളരെ നാളുകൾക്കുശേഷം യുകെയിലേക്ക് മടങ്ങിയെത്തിയപ്പോൾ നേരിട്ട ഹോട്ടൽ ക്വാറന്റീൻ പലരും നിഷേധ മനോഭാവത്തോടെയാണ് നേരിട്ടത്. എന്നാൽ കുടുംബമായി എത്തിയ പലരും തങ്ങൾ ഒരുമിച്ചായതിനാൽ ഈ സമയം ആസ്വദിച്ചതായി വെളിപ്പെടുത്തി.