തൃശ്ശൂര്‍ പൂരം ഈ വര്‍ഷമില്ല. കൊവിഡ് 19ന്റെ സാഹചര്യത്തിലാണ് തൃശ്ശൂര്‍ പൂരം റദ്ദാക്കാന്‍ ദേവസ്വങ്ങൾ തീരുമാനിച്ചത്. ഈ വര്‍ഷം മേയ് മൂന്നിനാണ് തൃശ്ശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്. 1962ലാണ് ഇതിന് മുമ്പ് തൃശ്ശൂർ പൂരം റദ്ദാക്കിയത്. കൊവിഡ് 19 വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍, ഏപ്രില്‍ 14ന് ശേഷവും തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് തൃശ്ശൂര്‍ പൂരം റദ്ദാക്കുന്നതായി സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ കൊവിഡ് ഹോട്ട് സ്പോട്ടുകളായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന എട്ട് ജില്ലകളിലൊന്നാണ് തൃശ്ശൂർ. ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പിന്‍വലിക്കുകയാണെങ്കില്‍ പോലും ഹോട്ട് സ്‌പോട്ടുകളില്‍ അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടി വരും. ഇക്കുറി പൂരവുമായി ബന്ധപ്പെട്ട ക്ഷേത്രാചാരങ്ങൾ മാത്രമുണ്ടാകുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്നാണ് എല്ലാവർഷവും വിഖ്യാതമായ തൃശ്ശൂർ പൂരം നടത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായാണ് തൃശ്ശൂർ പൂരം അറിയപ്പെടുന്നത്. ഈ വർഷത്തെ പൂരത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. പൂരത്തിന് മുന്നോടിയായി രണ്ട് മാസം നീണ്ടുനിൽക്കുന്ന എക്സിബിഷൻ ഏപ്രിൽ ഒന്നിന് തുടങ്ങാൻ നിശ്ചയിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇത് റദ്ദാക്കുകയായിരുന്നു.

ഇന്ത്യ-ചൈന യുദ്ധം മൂലമാണ് 1962ല്‍ തൃശ്ശൂർ പൂരം റദ്ദാക്കിയത് എന്നാണ് ദേവസ്വങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം തൃശ്ശൂര്‍ പൂരം സാധാരണ നടക്കുന്നത് ഏപ്രിലിലോ മേയിലോ ആണ്. അതിർത്തിയിലെ സംഘർഷം 1962ലെ വേനൽക്കാലത്ത് തന്നെ തുടങ്ങിയിരുന്നെങ്കിലും ഇന്ത്യ – ചൈന യുദ്ധം 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെയായിരുന്നു.