സ്വന്തം ലേഖകൻ

മുൻ കൺസർവേറ്റീവ് എംപി ആയിരുന്ന ചാർളി രണ്ടു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് രണ്ടു വർഷത്തേക്ക് ജയിലിലായി. 49 വയസ്സുകാരനായ എൽഫികെ ഒൻപത് വർഷം വ്യത്യാസത്തിലാണ് രണ്ടു കുറ്റകൃത്യങ്ങളും നടത്തിയിരിക്കുന്നത്. 2007 ലും 2016 ലും നടത്തിയ അതിക്രമങ്ങളെ കോടതിയിൽ എൽഫികെ നിഷേധിച്ചു. എന്നാൽ സൗത്ത് വാക്ക് ക്രൗൺ കോർട്ടിലെ ജഡ്ജ്, വിജയവും പദവിയും മറയായി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളാണ് എൽഫികെ എന്ന് കണ്ടെത്തി. എന്നാൽ ശിക്ഷ വിധിച്ച് മിനിറ്റുകൾക്കകം ശരിയായ രീതിയിലുള്ള ട്രയൽ അല്ല തനിക്ക് ലഭിച്ചിരിക്കുന്നത് എന്നും വിധിക്കെതിരെ അപ്പീൽ കൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കോടതിയിൽ കൃത്യമായ തെളിവുകളോടെ എത്തിയ കേസിനെ തള്ളി പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്ന് ജസ്റ്റിസ് വിപ്പിൾ മുന്നറിയിപ്പ് നൽകിയിരുന്നു. ” ഇരകളാണ് സത്യം പറഞ്ഞത്, നിങ്ങൾ പറഞ്ഞത് ഒരു കൂട്ടം നുണകൾ മാത്രമാണ്, കോടതിയോട് മാത്രമല്ല, നിങ്ങളുടെ ഭാര്യയോടും പോലീസിനോടും ജനങ്ങളോടും നിങ്ങൾ നീതി പുലർത്തിയില്ല”. മുൻ ഭാര്യയും ഇപ്പോഴത്തെ ഡോവർ എംപിയുമായ നാടാലി, എൽഫികെക്ക് എതിരെ ആരോപണമുയർന്ന ജൂൺ മാസത്തിൽ തന്നെ വിവാഹബന്ധം വേർപെടുത്തിയിരുന്നു. എന്നാൽ, കുറ്റം ചെയ്തിട്ടുണ്ടാവാം എങ്കിൽപോലും അദ്ദേഹത്തിന് ഇപ്പോൾ നീതി ലഭിച്ചിട്ടില്ലെന്നും, അപ്പീലിന് ഒപ്പം പോകാനാണ് തീരുമാനമെന്നും അവർ വെളിപ്പെടുത്തി.

2007ൽ എംപി ആയിരിക്കെ ലണ്ടനിലെ സ്വന്തം വീട്ടിൽ വച്ചാണ് പ്രതി ആദ്യം ലൈംഗിക അതിക്രമം നടത്തിയത്. ആ സംഭവത്തോടെ തന്റെ അഭിമാനം നഷ്ടപ്പെട്ടുവെന്ന് ഇരയായ സ്ത്രീ പറയുന്നു. അതിനുശേഷം തനിക്ക് പുരുഷന്മാരുടെ അടുത്തേക്ക് പോകാൻ ഭയമാണെന്നും അവർ വെളിപ്പെടുത്തി. സോഫയിലേക്ക് വലിച്ചിഴച്ചു ചുംബിക്കാൻ ശ്രമിക്കുകയും മാറിടത്തിൽ അമർത്തുകയും മോശം ഭാഷയിൽ സംസാരിക്കുകയുമാണ് എംപി ചെയ്തത്. 2016ൽ ഇരുപതുകാരിയായ പാർലമെന്ററി ജീവനക്കാരിക്ക് എതിരെ ആണ് രണ്ടാമത്തെ അതിക്രമം നടന്നത്. അധികാരത്തിന്റെ കരുത്തിൽ അയാൾ തന്റെ ജീവിതത്തിലെ മുഴുവൻ സന്തോഷങ്ങളും കവർന്നെടുത്തു എന്ന് അവർ കോടതിയെ അറിയിച്ചു. സമാനമായ രീതിയിൽ ചുംബിക്കാൻ ശ്രമിക്കുകയും ശരീരത്തിൽ പിടിച്ച് അമർത്തുകയും ആണ് പ്രതി ചെയ്തത്. ആഴ്ചകൾക്ക് ശേഷം രണ്ടാം തവണ എൽഫികെ തന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞു.

പ്രതിക്കു വേണ്ടി ഹാജരായ ഇയാൻ വിൻസൺ വാദിച്ചത് പ്രതിക്ക് ജയിൽ ശിക്ഷ കൊടുക്കരുത് എന്നാണ്. തന്റെ സ്ഥാനങ്ങളും കുടുംബജീവിതവും നഷ്ടപ്പെട്ട പ്രതി ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ച കഴിഞ്ഞെന്നും, വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മകളെ കാണാൻ പോലും കഴിഞ്ഞിട്ടില്ലെന്നും, ഇത്രയും അപമാനിതൻ ആയ പ്രതിക്ക് ഇനി ജയിൽ ശിക്ഷ മാത്രമേ ലഭിക്കാൻ ബാക്കിയുള്ളൂ എന്നും ഇയാൻ പറഞ്ഞു. എന്നാൽ പ്രതിയുടെ സ്ഥാനമാനങ്ങളും കരുത്തും കണക്കിലെടുത്താണ് ഈ ശിക്ഷ വിധിച്ചതെന്ന് കോടതി ആവർത്തിച്ചു.