ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ സ്ഥലത്തെ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ 3 ജീവനക്കാരും ഒരു കരാറുകാരനും കൊല്ലപ്പെട്ടു. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവസ്ഥലത്ത് നിരവധി ആംബുലൻസുകളും ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. വെസെക്സ് വാട്ടറിന്റെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റിൽ ഒന്നിലാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ നാല് പേർ മരിച്ചതായും തീപിടിത്തമുണ്ടായതായി റിപ്പോർട്ടില്ലെന്നും അവോൺ ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ലൂക്ക് ഗാസാർഡ് പറഞ്ഞു.

സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷാ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന ഉറപ്പ് പറയാൻ സാധിക്കുമെന്ന് വെസെക്സ് വാട്ടറിന്റെചീഫ് എക്സിക്യൂട്ടീവ് കോളിൻ സ്‌കെല്ലറ്റ്,പറഞ്ഞു.നിരവധി ഏജൻസികൾ ചേർന്നുള്ള സമഗ്രമായ അന്വേഷണം നടത്തും എന്ന് അദ്ദേഹം കൂട്ടി ചേർത്തു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോലീസിൻറെ അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണ്. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ‌ സംഭവ സ്ഥലത്ത് പ്രവേശിക്കുന്നത് തടയാനായിട്ട് പോലീസ് റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ സ്ഥലത്തെ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ 4 പേർ മരണമടഞ്ഞ സംഭവത്തിൽ പ്രധാനമന്ത്രി അതിയായ ദുഃഖം രേഖപ്പെടുത്തി. രാജ്യം മുഴുവൻ മരണമടഞ്ഞവരുടെ കുടുംബത്തോടൊപ്പമുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.