ജോജി തോമസ്

യുകെയിലെ മലയാളി സമൂഹത്തിലേയ്ക്ക് തട്ടിപ്പുകാർ കടന്നുവരുന്നത് പല രൂപത്തിലാണ് . ഇതിൽ തന്നെ കഴിഞ്ഞ കുറെ കാലമായി സജീവമായിരിക്കുന്നതാണ് എച്ച് എം ആർ സിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ്. ഇതിനെക്കുറിച്ച് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തട്ടിപ്പിനിരയായവരുടെ , പ്രത്യേകിച്ച് മലയാളികളുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഇത്തരത്തിലുള്ള ഒരു സംയുക്ത പ്രസ്താവന ഇറക്കാൻ യുകെയിലെ വിവിധ ഭാഗങ്ങളിൽ ലോക്കൽ ഗവൺമെൻ്റുകളിലെ പ്രതിനിധികളും മുൻ പ്രതിനിധികളും , മത്സരാർത്ഥികളുമായിരുന്ന മലയാളികളെ പ്രേരിപ്പിച്ചത്. സുഗതൻ തെക്കേപ്പുര, ഡോ. ഓമന ഗംഗാധരൻ ,മഞ്ജു ഷാഹുൽ ഹമീദ് ,ടോം ആദിത്യ ,ഫിലിപ്പ് എബ്രഹാം, ബൈജു തിട്ടാല , ജെയ് മ്സ് ചിറയൻ കണ്ടത്ത്, വർഗീസ് ഇഗ്നേഷ്യസ്, ജോസ് അലക്സാണ്ടർ, സജീഷ് ടോം ,റോയി സ്റ്റീഫൻ , ജോസ് ജോസഫ് , ലിഡോ ജോർജ് തുടങ്ങിയവർ ചേർന്നാണ് പ്രസ്താവന നൽകിയിരിക്കുന്നത്.

എച്ച് എം ആർ സി യുടെ പേരിൽ വരുന്ന ഫോൺ കോളുകളിൽ എച്ച് എം ആർ സി യുടെ ഫോൺ നമ്പർ തന്നെയാവും ഡിസ്പ്ലേ ചെയ്യുന്നത് . സ് പൂപ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിനുശേഷം വിശ്വാസ്യത നേടാനായി ഇരയുടെ ഏതാനും വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തും. തുടർന്ന് തട്ടിപ്പിനിരയാകുന്ന വ്യക്തി വലിയൊരു തുക എച്ച് എം ആർ സി യിലേയ്ക്ക് ടാക് സായി നൽകാനുണ്ടെന്നും, ഉടൻ നൽകിയില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും ഭീഷണിപ്പെടുത്തും .

വിശ്വാസ്യത നേടുന്ന തരത്തിൽ വളരെ നാടകീയമായി ഇരയെ വീഴ്ത്തുന്ന സംഘം ആയിരക്കണക്കിന് പൗണ്ടാണ് പലരിൽ നിന്നായി തട്ടിച്ചത്. തട്ടിപ്പുകൾ ഇതിനു പുറമേ പല രൂപത്തിൽ നടക്കുന്നുണ്ട് .സൗത്ത്-വെസ്റ്റ് കൗണ്ടിയിലെ ഒരു മലയാളിയുടെ അക്കൗണ്ടിലേക്ക് 3000 പൗണ്ടോളം നിക്ഷേപിച്ചാണ് തട്ടിപ്പ് സംഘം തട്ടിപ്പ് ആരംഭിച്ചത്. അതിനുശേഷം ബാങ്കിൽ നിന്നാണെന്നും ,അബദ്ധത്തിൽ 3000 പൗണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും അത് തിരിച്ചു നൽകണമെന്നും പറഞ്ഞ് ഫോൺ കോൾ വന്നു . അക്കൗണ്ടിൽ കണക്കിൽപ്പെടാത്ത പണം കണ്ട മലയാളി തട്ടിപ്പുസംഘം കൊടുത്ത അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതോടുകൂടി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും, അക്കൗണ്ടിൽ കിടന്ന പണം മുഴുവൻ നഷ്ടപ്പെടുകയും ചെയ്തു.

ഇത്തരത്തിലുള്ള സംഭവങ്ങൾ വർദ്ധിക്കുകയും നിരവധി മലയാളികൾ തട്ടിപ്പിനിരയാകുകയും ചെയ്യുന്നതാണ് മലയാളികളായ ലോക്കൽ കൗൺസിൽ പ്രതിനിധികളെ തട്ടിപ്പിനെക്കുറിച്ച് ബോധവൽക്കരിക്കാൻ പ്രേരിപ്പിച്ചത്. എച്ച് എം ആർ സി ഉൾപ്പെടെയുള്ള ഗവൺമെൻറ് സ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾ ദീർഘവും, വളരെയധികം കാലതാമസം എടുക്കുന്നതുമാണെന്നും , അതിനാൽ ഭീഷണികൾക്ക് വഴങ്ങി പണം നഷ്ടപ്പെടുത്തരുതെന്നും , ഇങ്ങനെ വരുന്ന ഫോൺ കോളികൾക്ക് മറുപടി നൽകരുതെന്നും ,  നേരിട്ട്  എച്ച് എം ആർ സിയിൽ വിളിച്ച് ടാക്സ് അടച്ചുകൊള്ളാമെന്ന് മറുപടി നൽകി തട്ടിപ്പിൽ നിന്ന് രക്ഷപെടണമെന്നും ലോക്കൽ കൗൺസിൽ പ്രതിനിധികൾ അഭ്യർത്ഥിച്ചു.