ഷിബു ജേക്കബ്

യുകെയിൽ ദിവംഗതനായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠൻ ഡോ.ബിജി മർക്കോസ് ചിറത്തിലാട്ടിന്റെ കബറടക്കം മെയ് 30 ശനിയാഴ്ച്ച യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും.യാക്കോബായ സുറിയാനി സഭ കൗൺസിൽ, കബറടക്ക ശുശ്രുഷകൾ ക്രമീകരിച്ചിട്ടുണ്ട്.

ഗവണ്മെന്റ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യുകെ പാത്രിയാർക്കൽ വികാർ ഡോ.മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിർദ്ദേശങ്ങൾ അനുസരിച്ചാകും സഭ ചടങ്ങുകൾ സംഘടിപ്പിക്കുക.

ലണ്ടനിലെ സെന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ മെയ് 30 ശനിയാഴ്ച രാവിലെ 7.15നു വിശുദ്ധ കുർബാന നടത്തപ്പെടും . അതിനെത്തുടർന്ന് 8.30 മണിക്ക് അച്ചന്റെ ഭൗതീകശരീരം എത്തുന്നതോടെ കബറടക്ക ശുശ്രുഷകൾ ആരംഭിക്കുകയും തുടർന്ന് വർത്തിങ് ഡറിങ്ട്ടൻ സെമിത്തേരിയിൽ കബറടക്കം നടത്തുകയെന്നു കൗൺസിൽ വെളിപ്പെടുത്തി .

ലണ്ടൻ സെന്റ് തോമസ് ,ബിർമിങ്ഹാം സെയിന്റ് ജോർജ്‌ ,ബേസിംഗ്‌സ്‌റ്റോക്ക് സെയിന്റ് ജോർജ്‌ , പൂൾ സെയിന്റ് ജോർജ്‌ എന്നീ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയങ്ങളിൽ നിലവിൽ വികാരിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. സൺ‌ഡേ സ്കൂൾ ഉൾപ്പടെയുള്ള ആത്‌മീയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വവും നൽകിയതുമായ അച്ചൻ യാക്കോബായ സഭയുടെ സൺ‌ഡേ സ്കൂൾ ഡയറക്ടർ ആയിരുന്നു. അച്ചന്റെ സഹോദരങ്ങളിലൊരാളായ ഡിജി മാർക്കോസ് യുകെയിൽ തന്നെ പോർട്ട്സ്മോത് സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ പള്ളിയിൽ കൗൺസിലറായും ,സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌ .

കർത്തൃസന്നിധിയിലേക്കു വാങ്ങിപ്പോയ പ്രിയപ്പെട്ട അച്ചനെയോർത്ത് യാക്കോബായ വിശ്വാസ സമൂഹം ഒന്നടങ്കം പ്രാർത്ഥിക്കണമെന്നും , അതീവ ദുഃഖാർത്ഥരായ അച്ചന്റെ കുടുംബത്തോടൊപ്പം പ്രിത്യേകാൽ അച്ഛന്റെ ദേഹവിയോഗത്തിൽ അതീവദുഃഖിതയായിരിക്കുന്ന ഭാര്യ ബിന്ദു മക്കളായ തബിത, ലവിത, ബേസിൽ എന്നിവരോടൊപ്പം സഭ പങ്കു ചേരുന്നതായും യുകെ പാത്രിയാർക്കൽ വികാർ ഡോ. അന്തീമോസ് മെത്രാപ്പോലീത്താ കൗൺസിൽ യോഗത്തിൽ വെളിപ്പെടുത്തി.

അച്ചന്റെ സേവനം നിസ്വാർത്ഥവും വിലമതിക്കാനവാത്തതും ആയിരുന്നുവെന്നു കൗൺസിൽ വിലയിരുത്തി. അച്ചന്റെ വേർപാടിൽ ദുഃഖാർത്ഥരായ കുടുംബാംഗളോടൊപ്പം, ഇതര സഭകളിൽ നിന്നും അനുശോചനം രേഖപ്പെടുത്തിയ മതമേലധ്യക്ഷന്മാരെയും, മറ്റു മതസ്ഥരെയും, പ്രസ്ഥാനങ്ങളെയും പ്രാർത്ഥനാപൂർവ്വം സ്മരിക്കുകയും അവരോടുള്ള കൃതജ്ഞതയും കൗൺസിൽ രേഖപ്പെടുത്തുകയുണ്ടായി.