സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ മെയ്, ജൂൺ മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും സർക്കാർ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ പരീക്ഷകളുടെയും മാർക്കിന്റെയും ക്രമീകരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്നലെ സർക്കാർ പുറത്തുവിട്ടു. എ ലെവൽ, ജിസി‌എസ്‌ഇ പരീക്ഷകൾ ഉൾപ്പെടെ ഉള്ളവ റദ്ദാക്കിയിരുന്നു. അതിനാൽ തന്നെ എക്സാം റെഗുലേറ്റർ ആയ ഒഫ്ക്വാൾ, പരീക്ഷ ബോർഡുകൾ എന്നിവ അധ്യാപകരുമായി കൂടിയാലോചിച്ചു വിദ്യാർത്ഥികൾക്ക് ഗ്രേഡ് നൽകാൻ തീരുമാനമായി. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് എല്ലാ രീതിയിലുമുള്ള പിന്തുണ നൽകി അവരുടെ തുടർപഠനങ്ങൾ നടപ്പാക്കത്തക്ക വിധം അവരെ സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയുമെന്ന് ഉറപ്പാക്കലാണ് ഇപ്പോൾ സർക്കാരിന്റെ മുൻഗണന. അതിനാൽ ജി‌സി‌എസ്‌ഇ, എ, എ‌എസ് ലെവൽ‌ വിദ്യാർത്ഥികൾക്ക് ഗ്രേഡുകൾ നൽകുന്നത് ഉറപ്പാക്കണം.

ഓഫ്‌ക്വലും എക്സാം ബോർഡും ചേർന്നു വിദ്യാർത്ഥികൾക്ക് അവരവരുടെ അർഹതയ്ക്കനുസരിച്ചുള്ള ഗ്രേഡ് നൽകും. ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ‌ക്കായി അടുത്ത അധ്യയനവർ‌ഷത്തിന്റെ തുടക്കത്തിൽ‌ ഒരു പരീക്ഷ എഴുതാൻ‌ അവസരമുണ്ടാകും. പരീക്ഷ നടന്നിരുന്നുവെങ്കിൽ വിദ്യാർത്ഥികൾക്ക് ഏത് ഗ്രേഡ് ലഭിക്കുമായിരുന്നു എന്ന് അദ്ധ്യാപകർ വിശകലനം ചെയ്ത് സമർപ്പിക്കണം. മോക്ക്, ക്ലാസ്സ് പരീക്ഷ, പരീക്ഷേതര വിലയിരുത്തൽ എന്നിവയുൾപ്പെടെ നിരവധി തെളിവുകളും വിവരങ്ങളും അധ്യാപകർ കണക്കിലെടുത്തായിരിക്കും ഒരു ഗ്രേഡ് നൽകുക. ഇതിനെസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.ജൂലൈക്ക് മുമ്പ് തന്നെ ഗ്രേഡുകൾ നൽകാനാണ് തീരുമാനം. മറ്റ് വർഷങ്ങളിലെ പോലെ തന്നെയായിരിക്കും ഈ പ്രക്രിയ.

“പരീക്ഷകൾ റദ്ദാക്കുന്നത് ഒരു വിദ്യാഭ്യാസ സെക്രട്ടറിയും ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യമാണ്. എന്നിരുന്നാലും ഇത് അസാധാരണമായ സമയമാണ്. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ ഈ നടപടി സുപ്രധാനമാണ്.” വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. ചില വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷ എഴുതാൻ കഴിയാത്തതിൽ നിരാശ ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. അവരുടെ കാര്യത്തിൽ ശരിയായ പ്രക്രിയ പിന്തുടർന്നുവെന്ന് അവർ വിശ്വസിക്കുന്നില്ലെങ്കിൽ ആ അടിസ്ഥാനത്തിൽ അവർക്ക് അപ്പീൽ നൽകാൻ കഴിയും. കൂടാതെ, കണക്കുകൂട്ടിയ ഗ്രേഡ് അവരുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് തോന്നുന്നില്ലെങ്കിൽ, സ്കൂളുകൾ വീണ്ടും തുറന്നുകഴിഞ്ഞാൽ അനുയോജ്യമായ സമയത്ത് ഒരു പരീക്ഷ എഴുതാൻ അവർക്കവസരമുണ്ട്. 2021 വേനൽക്കാലത്ത് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരമുണ്ട് ; അദ്ദേഹം കൂട്ടിച്ചേർത്തു.