പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചാണ് ഗൗതമിന്റെ മടക്കം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. മോശം പ്രകടനത്തെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഗംഭീര്‍. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി ഗൗതം ഗംഭീര്‍ അറിയിച്ചു. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്റൈഡേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്സ്മാന്‍.

ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്‌കോററായ ഗംഭീറിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഐസിസിയുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്‌കാരം ഗൗതം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരെ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ഡല്‍ഹിയുടെ മത്സരത്തിലായിരിക്കും ഗംഭീര്‍ കരിയറില്‍ അവസാനമായി പാഡണിയുക.