ഡല്‍ഹിയിലെ കലാപങ്ങളുടെ സൂത്രധാരനെന്ന് വിമര്‍ശനങ്ങള്‍ ഉയരവെ ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്ത്. കപില്‍ മിശ്രയെന്നല്ല ആരായാലും പ്രകോപനപരമായ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ നടപടി സ്വാകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയെ പിടിച്ചു കുലുക്കിയ അക്രമത്തില്‍ ഏഴ് പേര്‍ മരിച്ചതിന് പിന്നാലെയാണ് ഗംഭീറിന്റെ വിമര്‍ശം. സി.എ.എ അനുകൂല റാലിയില്‍ കപില്‍ മിശ്ര നടത്തിയ പരാമര്‍ശങ്ങളാണ് ഡല്‍ഹിയില്‍ വലിയ കലാപമായി മാറിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ജാഫ്രാബാദിലെയും ചാന്ദ് ബാഗിലെയും റോഡുകള്‍ എത്രയും പെട്ടെന്ന് പൊലീസ് ഒഴിപ്പിച്ചിട്ടില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കപില്‍ മിശ്ര നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

മൂന്ന് ദിവസം കഴിഞ്ഞാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്ന് പോവും, ആ സമയത്ത് ഞങ്ങളോട് അനുനയ നീക്കവുമായി ഡല്‍ഹി പൊലീസ് വരേണ്ട. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ലെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വലിയ കലാപങ്ങള്‍ അരങ്ങേറിയത്.