സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‍ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ എത്തിയത് കാറില്‍. രണ്ടുദിവസം മുമ്പാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഇരുവരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണെന്നാണ് പുറത്ത് വരുന്ന വിവരം.

ബംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഫോണ്‍വിളികള്‍ പാരയായപ്പോള്‍ സന്ദീപിനെയും സ്വപ്നയെയും ബംഗളൂരുവില്‍നിന്ന് തന്നെ എന്‍ഐഎ. സംഘം പിടികൂടുകയായിരുന്നു.
എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു.

രണ്ടിടത്തും ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാല്‍ ചെക്ക്ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍ഐഎ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളില്‍നിന്ന് പാസ്‌പോര്‍ട്ടും രണ്ട് ലക്ഷം രൂപയും എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യംചെയ്തു. ഇതിനുശേഷം പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചെന്നാണ് വിവരം