ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് രോഗം പ്രതിസന്ധിയിലാക്കിയ ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന, 2021 ലെ ബജറ്റ് മാർച്ച് മൂന്നിന് ചാൻസലർ റിഷി സുനക് അവതരിപ്പിക്കും. നിരവധി ചർച്ചകളാണ് ബജറ്റിനെ സംബന്ധിച്ച് പൊതു മാധ്യമങ്ങളിലും മറ്റും നടക്കുന്നത്. പ്രതിസന്ധിയിൽ ആയിരിക്കുന്ന രാജ്യത്തെ കരകയറ്റാൻ ഉതകുന്ന പല പദ്ധതികളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ചെറിയതോതിൽ ഡിപ്പോസിറ്റുകൾ ഉള്ളവർക്കും ഭവനങ്ങൾ വാങ്ങിക്കുന്നതിന് സഹായകമാകുന്ന തരത്തിലുള്ള പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. ആദ്യമായി ഭവനങ്ങൾ വാങ്ങുന്നവർക്ക് ഈ പദ്ധതി വളരെയധികം സഹായം ചെയ്യും. 5 ശതമാനം മോർട്ട്ഗേജ് വിഹിതത്തിൽ  വീട് വാങ്ങാൻ അവസരം നൽകുന്നതാണ് ഈ പദ്ധതി. കൊറോണ പ്രതിസന്ധി മൂലം കഴിഞ്ഞവർഷം മുതൽ ഈ പദ്ധതി നിർത്തലാക്കിയിരുന്നു . ഗവൺമെന്റും ഇത്തരത്തിലുള്ള കൂടുതൽ ലോണുകൾ ജനങ്ങൾക്ക് നൽകും. ആറ് ലക്ഷം പൗണ്ട് വരെയുള്ള ഭവനങ്ങളും മറ്റും വാങ്ങുന്നതിനാണ് ഈ പദ്ധതി ലഭ്യമാകുന്നത്.

കൊറോണ പ്രതിസന്ധിയിൽ നടപ്പിലാക്കിയ പദ്ധതികളെ ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളും ഉണ്ട്. ഇത്തരം പദ്ധതികൾ തൊഴിലില്ലായ്മ അനുഭവിച്ച നിരവധി പേർക്ക് സഹായം ആകുകയാണ് ചെയ്തത്. എന്നാൽ ചുരുക്കം ചിലർ ഇതിനെ ടാക്സിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള ഒരു മാർഗമായും ഉപയോഗിച്ചു. ഇവർക്കെതിരെ കർശന നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ട്രെയിനിഷിപ്പ് പ്രോഗ്രാമുകൾക്കായി 126 മില്യൻ പൗണ്ടോളം അനുവദിക്കുമെന്ന് റിഷി സുനക് നേരത്തെ അറിയിച്ചിരുന്നു. ബ്രിട്ടനിലെ കമ്പനികളിലേയ്ക്ക് പുറത്തുനിന്നുള്ള ഹൈലി സ്കിൽഡ് ആയ ജോലിക്കാരെ ആകർഷിക്കുന്നതിനായി ഫാസ്ട്രാക്ക് വിസകൾ ഏർപ്പെടുത്തുന്നതിനുള്ള തീരുമാനവും ബജറ്റിൽ ഉണ്ടാകും. ഇത്തരത്തിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ബജറ്റ് ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് സാമ്പത്തിക വിദഗ്ധരും ജനങ്ങളുമെല്ലാം.