ഗിൽഫോർഡ് : യുകെയിലെ ഗിൽഫോർഡിൽ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായിരുന്ന ‘അയൽക്കൂട്ടം’ ഒരു സാമൂഹ്യ സംഘടനയായി രൂപീകരിച്ചു. ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ എന്ന പേരിൽ രൂപീകരിച്ച സംഘടനയുടെ ആദ്യ പ്രസിഡണ്ടായി നിക്സൺ ആൻറണിയെയും സെക്രട്ടറിയായി സനു ബേബിയേയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ:- വൈസ് പ്രസിഡൻറ് – മോളി ക്ളീറ്റസ്സ് , ജോയിൻറ് സെക്രട്ടറി- എൽദോ എൽ കുര്യാക്കോസ് , ട്രഷറർ- ഷിജു മത്തായി , കമ്മിറ്റി അംഗങ്ങളായി സി എ ജോസഫ് , ബിനോദ് ജോസഫ് , ജിഷ ജോൺ, രാജീവ് ജോസഫ് എന്നിവരെയുമാണ് ഐക്യകണ്ഠേന തെരഞ്ഞെടുത്തത് . കൾച്ചറൽ കോർഡിനേറ്റേഴ്‌സിന്റെ ചുമതല വഹിക്കുന്നത് മോളി ക്ളീറ്റസും ഫാൻസി നിക്സനുമാണ് .

ഗിൽഫോർഡിൽ കഴിഞ്ഞ കാലങ്ങളിൽ മലയാളി അസോസിയേഷൻ രൂപീകരിക്കുവാൻ കഴിയാതിരുന്നതുകൊണ്ട് മൂന്നു വർഷം മുൻമ്പാണ് അമ്മമാർ നേതൃത്വം നൽകി അയൽക്കൂട്ടം എന്ന കൂട്ടായ്മ രൂപീകരിച്ചത് . അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്ന ഓണം, ക്രിസ്മസ് -ന്യൂ ഈയർ, ഈസ്റ്റർ-വിഷു തുടങ്ങിയ ആഘോഷങ്ങളിലും കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിനോദയാത്രകൾ തുടങ്ങി എല്ലാ പരിപാടികളിലും ഗിൽഫോർഡിലെ മലയാളി സമൂഹം സജീവമായി പങ്കെടുത്തിരുന്നു.

അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ മാതൃകാപരമായി കുട്ടികൾക്കായി നടത്തിവന്നിരുന്ന മലയാളം ക്ലാസ്സിന്റെ വാർഷികാഘോഷവും ഇക്കഴിഞ്ഞ ഏഴാം തീയതി സംഘടിപ്പിച്ച ഓണാഘോഷവും ഏറെ ശ്രദ്ധേയമായിരുന്നു. വർഷങ്ങളായി താമസിച്ചുകൊണ്ടിരുന്ന മലയാളി കുടുംബങ്ങൾക്ക് പുറമെ ഇപ്പോൾ കൂടുതൽ കുടുംബങ്ങൾ ഗിൽഫോർഡിൽ എത്തുന്നതിനാൽ സമൂഹത്തിൽ വളരെയധികം നല്ല കാര്യങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ ചെയ്യുന്നതിനുവേണ്ടി കെട്ടുറപ്പുള്ള ഒരു സംഘടന സംവിധാനം അനിവാര്യമാണെന്നുള്ള അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ രൂപീകരിച്ചത്.

ഭാരതത്തിന്റെ മഹത്തായ സാംസ്കാരിക മൂല്യങ്ങളിലും കേരളത്തിന്റെ തനത് സംസ്കാരത്തിലും അടിയുറച്ചു നിന്നുകൊണ്ട് കുടുംബങ്ങളുമായി നല്ലൊരു സാമൂഹിക ബന്ധം പടുത്തുയർത്തുമെന്നും വളർന്നുവരുന്ന തലമുറയുടെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുകയും വിദ്യാർത്ഥികൾ, യുവജനങ്ങൾ, മുതിർന്നവർ എന്നിവരുടെയിടയിലുള്ള പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുവാനുമുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുവാൻ പ്രതിജ്ഞാബദ്ധരാണെന്നും ഭാരവാഹികൾ അറിയിച്ചു.

ഈ വർഷത്തെ ക്രിസ്മസ് ആഘോഷവും, ന്യുഇയർ ആഘോഷവും സംയുക്തമായി വിപുലമായ പരിപാടികളോടെ 2019 ഡിസംബർ 28ാം തീയതി ആഘോഷിക്കുന്നതിനോടൊപ്പം ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെ ഔദ്യോഗികമായി ഉദ്ഘാടനവും നടത്തുന്നതാണെന്ന് പ്രസിഡണ്ട് നിക്സൺ ആന്റണി, സെക്രട്ടറി സനു ബേബി, ട്രഷറർ ഷിജു മത്തായി എന്നിവർ അറിയിച്ചു.