സ്വന്തം ലേഖകൻ

ഗുജറാത്തിലെ കോൺഗ്രസ് നേതാവും, പട്ടേൽ സമൂഹത്തിന്റെ ഉറച്ച ശബ്ദവും ആയിരിക്കുന്ന ഹാർദിക് പട്ടേലിനെ ജനുവരി 24 മുതൽ കാണ്മാനില്ല എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജനുവരി 18ന് ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ജയിലിൽ ആക്കിയിരുന്നു എന്നും, ജയിൽമോചിതനായ ശേഷം ആണ് ഇദ്ദേഹത്തെ കാണാതായതെന്നും ഭാര്യ പറഞ്ഞു. അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ടെന്നും, സംസ്ഥാന സർക്കാരാണ് ഇതിന് പിന്നിലെന്നും ഭാര്യ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

ജനുവരി 24ന് ജയിൽമോചിതനായ ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ച് പ്രസ്താവന വിവാദമായിരുന്നു. സ്വേച്ഛാധിപത്യത്തിന്റെ കരങ്ങളിൽ നിന്നും താൻ വിമോചിക്കപ്പെട്ടു എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. താൻ ചെയ്ത കുറ്റം എന്താണെന്ന ചോദ്യവും അദ്ദേഹം ഈ പ്രസ്താവനയിൽ ഉന്നയിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും സമഗ്രമായ ഒരു അന്വേഷണവും നടക്കുന്നില്ല എന്ന് ഭാര്യ നൽകിയ പരാതിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

2018 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഗുജറാത്തിൽ നിന്നും തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രചാരണങ്ങൾ നടത്തിയ, ബിജെപിക്കെതിരെ ശക്തമായി പ്രവർത്തിച്ച നേതാവാണ് ഹാർദിക് പട്ടേൽ. എന്നാൽ തിരഞ്ഞെടുപ്പിൽ കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും ബിജെപി അധികാരത്തിലെത്തിയതോടെ ഹാർദിക് പട്ടേൽ എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയായിരുന്നു. അതോടൊപ്പം തന്നെ മോദി സർക്കാരും ഹാർദിക് പട്ടേലിനെ തങ്ങളുടെ എതിരാളിയായി കണ്ടു, പീഡിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യ നൽകിയ പരാതിയിൽ രേഖപ്പെടുത്തുന്നുണ്ട്. അസമയങ്ങളിലും മറ്റുമാണ് അന്വേഷണം എന്ന പേരിൽ തങ്ങളുടെ ഭവനത്തിൽ പോലീസുകാർ കയറിയിറങ്ങുന്നത് എന്ന് അവർ പറയുന്നു. നിരവധി കേസുകളാണ് ഹാർദിക് പട്ടേലിന് എതിരെ നിലവിലുള്ളത്. ഒരു കേസിൽ പുറത്തിറങ്ങിയാൽ മറ്റ് ഏതെങ്കിലും കേസിൽ ഉടനെ തന്നെ അദ്ദേഹത്തെ ജയിൽ അടക്കുകയാണ് പതിവെന്നും കുറ്റപ്പെടുത്തുന്നു.

ഒരു ഭരണകൂടത്തിന് ചെയ്യാൻ പറ്റുന്ന എല്ലാ ദ്രോഹങ്ങളും, ഹാർദിക്കി നെതിരെ ഗുജറാത്ത് സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഭാര്യ പറഞ്ഞു. ഹർദിക് എവിടെയാണെന്ന ചോദ്യത്തിന് സംഘടന നേതാക്കൾക്ക് പോലും ഉത്തരമില്ല.

പട്ടേൽ സമുദായ സംഘടനയായ, പട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ നേതാവായ ഹാർദിക് പട്ടേൽ, 2015 ൽ ഒബിസി കോട്ട ആവശ്യപ്പെട്ട് അഹമ്മദാബാദിൽ പട്ടേൽ സമുദായം നടത്തിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി വളർന്നുവന്നത് ബിജെപിയുടെ പട്ടേൽ സമുദായത്തിലുള്ള സ്വാധീനത്തെ കുറയ്ക്കുന്നതിന് കാരണമായി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിക്ക് തിരിച്ചടി നേരിട്ടതോടെ ഹാർദിക് പട്ടേൽ ബിജെപിയുടെ കണ്ണിലെ ശത്രുവായി മാറി. ഇതിനിടയിൽ ഹാർദിക്കിന്റെ തിരോധാനം ആശങ്കയുളവാക്കുന്നു.