കനത്തമഴയെത്തുടർന്ന് ഏഴ് ജില്ലകൾക്ക് നാളെ അവധി. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു, തിരൂവനന്തപുരം ജില്ലയിലെ നാളത്തെ അവധിക്കു പകരം ഈ മാസം 21 ന് പ്രവർത്തി ദിവസം ആയിരിക്കും

ആലപ്പുഴ ജില്ലയിൽ കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്താണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും മറ്റു പരീക്ഷകൾക്കും അവധി ബാധകമല്ല. കഴിഞ്ഞ 11ന് അവധി നൽകിയ അമ്പലപ്പുഴ,ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങൾക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്നത് പിൻവലിച്ചിട്ടുണ്ട്. ഇതിനു പകരം ഈമാസം 28നും നാളത്തെ അവധിക്കു പകരം ഓഗസ്ത് നാലിനും പ്രവൃത്തിദിനമായിരിക്കും.

പ്രതികൂല കാലാവസ്ഥയെ തുടർന്നു കൊല്ലം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾക്കു അവധി ബാധകമല്ല. അങ്കണവാടികളിൽ കുട്ടികൾക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്കെത്തണം. അവധി നൽകിയ സാഹചര്യത്തിൽ 21ന് പ്രവൃത്തിദിനമായിരിക്കും.

അതേസമയം, സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായി. മധ്യകേരളത്തില്‍ ഇന്നുപുലര്‍ച്ച മുതല്‍ കനത്ത മഴ ലഭിക്കുന്നു. രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരില്‍ മരം വീണ് ഒരാള്‍ മരിച്ചു.

ഇന്നലെ മുതല്‍ ശക്തമായ കാറ്റോടുകൂടി പെയ്യുന്ന മഴ പലയിടത്തും വ്യാപകമായ നാശമുണ്ടാക്കി. വൈദ്യുതി വിതരണത്തെയും ബാധിച്ചിട്ടുണ്ട്. വൈക്കത്തും കായംകുളത്തുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഉരുള്‍പൊട്ടല്‍ സാധ്യതയുളള സ്ഥലങ്ങളിലും തീരദേശത്തും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ണൂർ ഇരിട്ടി എടത്തൊട്ടിയിൽ ഓടുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് യാത്രക്കാരി ആര്യപറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിത്താരയാണ് മരിച്ചു.

ഓട്ടോയിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരുക്കേറ്റു. ഇടുക്കിയിലെ കട്ടപ്പന വലിയകണ്ടത്തും ആനവിലാസം ചേലച്ചുവട്ടിലും മരം കടപുഴകിവീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 127. 5 അടിയായി. കൊല്ലം മണ്ണാമലയില്‍ വീടിനുമുകളില്‍മരം വീണ് നാലുപേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ മലയോരത്തും കൃഷിനാശം വ്യാപകമാണ്.

വയനാട്ടില്‍ മഴ നേരിയ തോതില്‍ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. തീരദേശത്ത് പലയിടത്തും കടലാക്രണം രൂക്ഷമായി. എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലായി. ചെറിയ റോഡുകളിലടക്കം വെള്ളകെട്ട് രൂക്ഷമാണ്. നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി.