ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു കെ :- ബ്രെക്സിറ്റിന് ശേഷമുള്ള പുതിയ നിയമങ്ങൾ അനുസരിച്ച് വിദേശികൾക്ക് ബ്രിട്ടനിലേക്കുള്ള വിസ ആപ്ലിക്കേഷനുകൾ ആരംഭിച്ചിരിക്കുകയാണ്. പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ ലളിതമാണെന്ന ഉറപ്പാണ് മന്ത്രിമാർ നൽകുന്നത്. ജനുവരി ഒന്നുമുതൽ ബ്രിട്ടനിൽ ജോലി ചെയ്യുന്നതിനായി, എല്ലാ വിദേശികളും വിസക്ക്‌ അപേക്ഷിക്കേണ്ടതായി വരും. യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കും പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ ബാധകമാകും. ഈ മാസം 31 ഓടുകൂടി ബ്രിട്ടനിൽ നിന്നും യൂറോപ്യൻ യൂണിയനിലേക്കുള്ള സ്വതന്ത്ര സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാകും. ഈ വർഷം ആദ്യം തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോന്നിരുന്നെങ്കിലും, പുതിയ നിയമങ്ങൾ 11 മാസം നീണ്ടുനിന്ന പരിവർത്തന കാലഘട്ടത്തിൽ നടപ്പിലാക്കിയിരുന്നില്ല. ഇത് സംബന്ധിച്ച് യൂറോപ്യൻ യൂണിയനുമായി ബ്രിട്ടൻ കരാറിലേർപ്പെട്ടിരുന്നതിനാലാണ് പഴയ നിയമങ്ങൾ തന്നെ നിലനിന്നിരുന്നത്.

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളെല്ലാം അടങ്ങുന്ന വ്യാപാര കരാറിൽ നിന്നും ബ്രിട്ടൻ പിൻവലിയുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടൊപ്പംതന്നെ ബ്രിട്ടനിലെ തുറമുഖങ്ങളിലൂടെയുള്ള കൈമാറ്റം നിരീക്ഷിക്കുന്നതിനായി പുതിയ ബോർഡർ ഓപ്പറേഷൻ സെന്റർ കൊണ്ടുവരുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി പുതിയ സോഫ്റ്റ്‌വെയറും മറ്റും ഉപയോഗപ്പെടുത്തുമെന്ന് ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് അറിയിച്ചു. വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്.

ഇതോടൊപ്പംതന്നെ ഓൺലൈൻ വിസ ആപ്ലിക്കേഷനുകൾ ബ്രിട്ടൻ ആരംഭിച്ചിരിക്കുകയാണ്. പോയിന്റ് ബേസ്ഡ് സിസ്റ്റം അനുസരിച്ചായിരിക്കും ഇനിമുതൽ ബ്രിട്ടണിൽ വിസ ലഭ്യമാവുക. 610 പൗണ്ട് മുതൽ 1408 പൗണ്ട് വരെ ആകും ആപ്ലിക്കേഷന് ചെലവാകുന്ന തുക എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിസയ്ക്കായി അപേക്ഷിക്കുന്നവർ ആവശ്യമായ തുക ബാങ്ക് നിക്ഷേപം ഉള്ളവരും ആയിരിക്കണം. അപേക്ഷിച്ചതിനുശേഷം മൂന്നാഴ്ചയ്ക്കുള്ളിൽ മാത്രമേ അപേക്ഷകർക്ക് വിവരം അറിയുവാൻ സാധിക്കുകയുള്ളൂ. പുതിയ എമിഗ്രേഷൻ നിയമങ്ങൾ ജനങ്ങളെ സഹായിക്കുന്നതാണെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.