പ്രധാനമന്ത്രിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമും ബിജെപി പ്രവർത്തകനുമായ ശ്രീജിത്ത് പന്തളവുമായുള്ള ഫോൺ സംഭാഷണം പുറത്ത്. ശ്രീജിത്ത് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഈ ഓഡിയോ പുറത്തുവിട്ടത്.

‘എന്ത് ഉദ്ദേശിച്ചാണ് നിങ്ങൾ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്. സംഭവത്തിൽ നിങ്ങളെ ന്യായീകരിക്കാനാകില്ലെന്നും കോടതി കയറ്റുമെന്നും’ ശ്രീജിത്ത് പറയുന്നുണ്ട്. ടിനിയുടെ മനസ്സിലെ ദുരുദ്ദേശമാണ് ഇതെന്നും ശ്രീജിത്ത് പറയുന്നു. താന്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും തീവ്രവാദിയല്ലെന്നും ടിനി തിരിച്ചു പറയുന്നു. ടിനിയെ മാത്രമല്ല ഈ വിഷയത്തിൽ കേന്ദ്രഗവൺമെന്റിനെ വിമർശിച്ച പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും എതിരെയും ശ്രീജിത്ത് സംസാരിക്കുന്നുണ്ട്.

എന്നാൽ താന്‍ ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത ആളാണെന്നും ദയവായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ടിനി ടോം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് കേൾക്കാൻ ശ്രീജിത്ത് തയ്യാറാകുന്നില്ല. സിനിമക്കാർ ആവശ്യമുള്ള കാര്യത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല എന്നും ശ്രീജിത്ത് ആരോപിക്കുന്നു. സിനിമക്കാർ പ്രശസ്തിക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതെന്നും ശ്രീജിത്ത് പറയുന്നു.
പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്.

എന്നാൽ ഇത് വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് ടിനി തടിയൂരിയിരുന്നു. പോസ്റ്റ് പിൻവലിച്ചെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും ടിനി ടോം പിന്നീട് പറഞ്ഞു. ഇപ്പോൾ താരത്തിന്റെ പേജിൽ അസഭ്യവർഷവുമായി ആളുകൾ എത്തുന്നുണ്ട്. കൂടുതലും ഭീഷണി സന്ദേശങ്ങളാണ്. പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ യാതൊന്നും പറഞ്ഞിട്ടില്ലെന്നും തെറ്റുപറ്റിയതാണെന്നും ടിനി ലൈവ് വിഡിയോയിലൂടെ പറഞ്ഞു.