സ്വന്തം ലേഖകൻ

ഹോങ്കോങ് :- ഹോങ്കോങ് എയർലൈൻസിൽ യാത്ര ചെയ്ത സ്ത്രീയെ പ്രെഗ്നൻസി ടെസ്റ്റിന് വിധേയമാക്കിയ സംഭവത്തിൽ വിമാനകമ്പനി അധികൃതർ മാപ്പ് പറഞ്ഞു. ഇരുപത്തഞ്ചുകാരിയായ മിഡോറി നിഷിദ എന്ന ജാപ്പനീസ് യുവതിയെയാണ് പ്രെഗ്നൻസി ടെസ്റ്റിന് വിധേയയാക്കിയത്. ഹോങ്കോങ്ങിൽ നിന്നും യു എസിലെ സായ്പാനിലേക്കുള്ള യാത്രയിലാണ് നിഷിദക്കു ഈ ദുരനുഭവം നേരിടുന്നത്. ചെക് ഇൻ ചെയ്ത സമയത്തു താൻ ഗർഭിണി അല്ലെന്നു യുവതി പറഞ്ഞെങ്കിലും അധികൃതർ ചെവിക്കൊള്ളാൻ തയാറായില്ല. തനിക്കു നേരിട്ടത് ഏറ്റവും മോശമായ അനുഭവമാണെന്ന് വോൾ സ്റ്റ്രീറ്റിനു നൽകിയ അഭിമുഖത്തിൽ നിഷിദ പറഞ്ഞു.

ഇരുപതു വർഷമായി താനും, തന്റെ കുടുംബവും സായ്പാനിലാണ് താമസിക്കുന്നത്. ചില സമയങ്ങളിൽ ഗർഭിണിയായ സ്ത്രീകൾ യുഎസിൽ എത്തിയ ശേഷം തങ്ങളുടെ കുട്ടികൾക്ക് യു എസ് പൗരത്വം ആവശ്യപ്പെടാറുണ്ട്. ഇതിനെത്തുടർന്നാണ് ഇത്തരത്തിലൊരു പരിശോധന നടത്തിയത്. എന്നാൽ നിഷിദക്കുണ്ടായ ബുദ്ധിമുട്ടിൽ വിമാന കമ്പനി അധികൃതർ മാപ്പ് ചോദിച്ചു.

തങ്ങളുടെ കുഞ്ഞുങ്ങൾക്കു യു എസ് പൗരത്വം നേടിയെടുക്കുവാനായി ഒരുപാട് ഗർഭിണികൾ സായിപാനിൽ എത്താറുണ്ട്.

ഇത്തരത്തിൽ മറ്റൊരു സ്ഥലമായ നോർത്തേൺ മരിയാന ഐലൻഡിൽ , ഏകദേശം അറുന്നൂറോളം കുഞ്ഞുങ്ങളാണ് 2018-ൽ ജനിച്ചത്. ഇതിൽ 575 ഓളം കുഞ്ഞുങ്ങൾ ചൈനീസ് ടൂറിസ്റ്റുകൾക്കാണ് ഉണ്ടായത് എന്നാണ് കണക്കുകൾ രേഖപെടുത്തുന്നത്. ഇത്തരം പ്രശ്നങ്ങൾ നിലവിലുള്ളതിനെ തുടർന്നാണ് വിമാനകമ്പനികൾ ഇത്തരം പരിശോധനകളിൽ ഏർപ്പെടുന്നത്.