വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്‍റെ പ്രകോപനപരമായ പരാമർശങ്ങളെ അപലപിച്ച് യു.എസ്‌ ജനപ്രതിനിധി സഭ പ്രമേയം പാസാക്കി. ഡെമോക്രാറ്റിക് കോണ്‍ഗ്രസിലെ നാല് വനിതാ അംഗങ്ങളെയാണ് ട്രംപ് വംശീയമായി അധിക്ഷേപിച്ചത്. പ്രസിഡന്റിന്റെ അഭിപ്രായങ്ങളെ ഔദ്യോഗികമായി ശാസിച്ച ഈ നടപടി സഭയിലെ 240 അംഗങ്ങളില്‍ 187 പേരും അനുകൂലിച്ച് വോട്ട് ചെയ്തു.

ടെക്സസിലെ പ്രതിനിധികളായ വിൽ ഹർഡ്, പെൻ‌സിൽ‌വാനിയയിലെ ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക്, മിഷിഗനിലെ ഫ്രെഡ് ആപ്‌റ്റൺ, ഇന്ത്യാനയിലെ സൂസൻ ബ്രൂക്‍സ് എന്നീ നാല് റിപ്പബ്ലിക്കൻമാർ മാത്രമാണ് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രമേയത്തെ പിന്തുണച്ചത്. ട്രംനെതിരെ ഇംപീച്ച്‌മെന്റിന് ആഹ്വാനം ചെയ്ത ശേഷം അടുത്തിടെ പാർട്ടി വിട്ട് സ്വതന്ത്രനായി രജിസ്റ്റർ ചെയ്ത മിഷിഗഗണില്‍നിന്നുള്ള മുന്‍ റിപ്പബ്ലിക്കൻ പ്രതിനിധി ജസ്റ്റിൻ അമാഷും ഈ നടപടിയെ അനുകൂലിച്ച് വോട്ട് ചെയ്തു.

യു.എസ് പ്രതിനിധികളായ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ടെസ്, ഇല്‍ഹാന്‍ ഉമര്‍, അയന പ്രസ്‌ലി, റാഷിദ ത്‌ലെബ് എന്നിവര്‍ക്കെതിരെയായിരുന്നു ട്രംപ് തുടരെത്തുടരെ അധിക്ഷേപകരമായി ട്വീറ്റ് ചെയ്തിരുന്നത്. ഇതില്‍ ഇല്‍ഹാന്‍ ഒമര്‍ പന്ത്രണ്ടാം വയസ്സില്‍ സൊമാലിയയില്‍ നിന്നും അഭയാര്‍ത്ഥിയായി അമേരിക്കയില്‍ എത്തിയതാണ്. ബാക്കി മൂന്ന് പേരും അമേരിക്കയില്‍ ജനിച്ച് വളര്‍ന്നവരും. പ്രസ്ലി ആഫ്രിക്കൻ അമേരിക്കക്കാരിയാണ്. ത്ലൈബ് പലസ്തീനില്‍നിന്നും കുടിയേറിയവരുടെ മകളാണ്. ഒകാസിയോ കോർട്ടെസ് ന്യൂയോർക്ക്-പ്യൂർട്ടോറിക്കൻ കുടുംബത്തിൽ നിന്നാണ് വരുന്നത്. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ പുരോഗമനവാദികളാണ്, ഇടതുപക്ഷ ചായ്‌വുള്ള നയങ്ങൾക്ക് വേണ്ടി വാദിക്കുന്നവരാണ്.

നിങ്ങള്‍ക്ക് ഈ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ‘രാജ്യത്തിന്റെ പാരമ്പര്യവുമായി ഈ സ്ത്രീകള്‍ക്ക് ബന്ധമില്ല. തികച്ചും മറ്റൊരു സാഹചര്യത്തില്‍ നിന്ന് വന്നവരാണ് ഇവര്‍. എന്റെ അഭിപ്രായത്തില്‍ ഇവര്‍ ഈ രാജ്യത്തെ വെറുക്കുന്നവരാണ്. ഇവര്‍ രാജ്യത്തെ നശിപ്പിക്കാന്‍ എത്തിയവരാണ്. അവരാണ് ഭൂമിയിലെ ഏറ്റവും വലിയതും ശക്തവുമായ രാഷ്ട്രമായ അമേരിക്കയില്‍ വന്നിട്ട് ഗവണ്മെന്റ് എങ്ങിനെ പ്രവര്‍ത്തിക്കണം എന്നൊക്കെ പഠിപ്പിക്കുന്നത്. നിങ്ങള്‍ ഈ നാടിനെ വെറുക്കുന്നവരാണെങ്കില്‍, ആ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാം’ എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

‘പ്രസിഡന്റിന്റെ വംശീയ ട്വീറ്റുകളെ അപലപിച്ചുകൊണ്ട് എല്ലാ അംഗങ്ങളും ഈ സഭയ്ക്കൊപ്പം നില്‍ക്കണമെന്നാണ്’ സ്പീക്കർ നാൻസി പെലോസി പറഞ്ഞത്. അതില്‍ കുറഞ്ഞ് എന്തെങ്കിലും ചെയ്യുന്നത് നമ്മുള്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ തിരസ്കരിക്കുന്നതിനു തുല്യവും, അമേരിക്കൻ ജനതയെ സംരക്ഷിക്കുമെന്ന നമ്മുടെ സത്യപ്രതിജ്ഞാ ലംഘനവുമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

പ്രസിഡന്റിന്റെ വാക്കുകളെ പൂര്‍ണ്ണമായും ശേരിവെച്ചുകൊണ്ടാണ് റിപ്പബ്ലിക്കൻമാർ പ്രമേയത്തെ നേരിട്ടത്. ഇതൊരു വംശീയ വിഷയമല്ലെന്നും പ്രത്യേയശാസ്ത്രപരമായ പ്രശ്നമാണെന്നും അവര്‍ വാദിച്ചു. ഡെമോക്രാറ്റിക് കോൺഗ്രസ് വനിതകളെ “സോഷ്യലിസ്റ്റുകൾ” എന്ന് വിശേഷിപ്പിച്ച അവര്‍ ‘രാജ്യദ്രോഹികളെന്നു’ മുദ്രകുത്തുകയും ചെയ്തു. ‘പ്രസിഡന്റ് വംശീയവാദിയല്ല’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞ സഭയിലെ റിപ്പബ്ലിക്കന്‍ നേതാവ് നേതാവ് മിച്ച് മക്കോണൽ, യഥാര്‍ത്ഥ പ്രശ്നത്തെ കുറിച്ചു നാമിനിയും സംസാരിച്ചു തുടങ്ങിയിട്ടില്ല എന്നും പറഞ്ഞു.