ബലാത്സംഗ കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പ്രതികളോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനെതിരെ ഇരയുടെ അമ്മ. ഇരയുടെ അമ്മയായ ആശാ ദേവിയുടെ വേദന താന്‍ മനസിലാക്കുന്നുവെന്ന് പറഞ്ഞാണ് പ്രതികളോട് ക്ഷമിക്കണമെന്ന് ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടത്.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ നളിനിയോട് സോണിയ ഗാന്ധി ക്ഷമിച്ച മാതൃക പിന്തുടരണമെന്ന് ആശാ ദേവിയോട് താന്‍ അപേക്ഷിക്കുന്നതായി ഇന്ദിര ജയ്‌സിങ് ട്വീറ്റ് ചെയ്തു. ഞങ്ങള്‍ ആശാ ദേവിക്കൊപ്പമുണ്ടെന്നും എന്നാല്‍ വധശിക്ഷയ്ക്ക് എതിരാണെന്നും ഇന്ദിര ജയ്‌സിങ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍, ഇന്ദിര ജയ്‌സിങ്ങിനെതിരെ ആശാ ദേവി രംഗത്തെത്തി. പ്രതികളോട് പൊറുക്കണമെന്ന് ആവശ്യപ്പെടാന്‍ ഇന്ദിര ജയ്‌സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നാണ് ഈ രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. പീഡനക്കേസ് പ്രതികള്‍ നീതി അര്‍ഹിക്കുന്നില്ല എന്നും ആശാ ദേവി തിരിച്ചടിച്ചു.

അതേസമയം, ഡല്‍ഹി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. പ്രതികളിലൊരാളുടെ ദയാഹർജി തള്ളിയതിനു പിന്നാലെ, ഡല്‍ഹി പട്യാല കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് തൂക്കിലേറ്റാനാണ് ഉത്തരവ്.

ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ രാവിലെ തളളിയിരുന്നു. ദയാഹർജി ഇന്നലെ രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവനു കൈമാറിയത്. ദയാഹർജി തളളണമെന്ന ശുപാർശയോടെയാണ് ദയാഹർജി നൽകിയത്. ഇതു ലഭിച്ച് മണിക്കൂറുകൾക്കകമാണ് രാഷ്ട്രപതി ദയാഹർജി തളളിയത്. ജനുവരി 22 നാണ് നാലു പ്രതികളെയും തൂക്കിലേറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നത്.