ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ഒരു കരാർ സാധ്യമാക്കാനുള്ള അവസാന ശ്രമമാണ് നാളെ ബ്രസൽസിൽ നടക്കുന്ന ചർച്ച. ഈ ചർച്ച കൂടി പരാജയപ്പെട്ടാൽ വ്യാപാരകരാറുകൾ കൂടാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തെത്തും. ഇത് ബ്രിട്ടനിലെ പൊതുജനങ്ങളുടെ ജീവിതത്തെയും സാരമായ രീതിയിൽ ബാധിക്കും.

1. ഭക്ഷണ വിലയും ലഭ്യതയും മാറിമറിയും.

യുകെയുടെ 45 ശതമാനം ഭക്ഷണവും ഇറക്കുമതി ചെയ്യുകയാണ്. 26 ശതമാനം യൂറോപ്യൻ യൂണിയനിൽ നിന്നാണ് എത്തുന്നത്. ഒരു കരാറും സാധ്യമല്ലെങ്കിൽ ഭക്ഷണത്തിനും പാനീയത്തിനും ശരാശരി 18 ശതമാനം താരിഫ് ഏർപ്പെടുത്തും. ഇത് വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് കാരണമാകും. ഈ ഇറക്കുമതി തീരുവ പ്രത്യേകിച്ചും പഴം, പച്ചക്കറി, മാംസം എന്നിവ പോലുള്ള ഭക്ഷണത്തെ ബാധിക്കും.

2. സ്വകാര്യ ധനകാര്യത്തിൽ എന്ത് മാറ്റം സംഭവിക്കും?

യുകെയുടെ പാർലമെന്ററി ധനകാര്യ വാച്ച്ഡോഗ്, ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒബിആർ) കണക്കാക്കിയത് പ്രകാരം, ഒരു കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താകുന്നത് 2021 ൽ യുകെയുടെ ജിഡിപി വളർച്ച രണ്ട് ശതമാനത്തോളം കുറയ്ക്കുമെന്നാണ്. ഇത് ഏകദേശം 40 ബില്യൺ പൗണ്ടിന് തുല്യമാണ്. ഒരു വീടിന് 1,500 പൗണ്ടോളം അധിക ചിലവ് ഉണ്ടാകുമെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ.

3. വീടിന്റെ വിലയും തൊഴിലവസരങ്ങളും.

റോയൽ ഇൻസ്ടിട്യൂഷൻ ഓഫ് ചാർട്ടേഡ് സർവേയേഴ്സിന്റെ പുതിയ സർവേ പ്രകാരം കരാർ ഇല്ലാതെ ബ്രിട്ടൻ ഇയു വിട്ടാൽ അത് ഭവനവിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക തകർച്ചയും ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഒരു വ്യാപാര കരാർ അംഗീകരിക്കുന്നതിൽ യുകെ പരാജയപ്പെട്ടാൽ അടുത്ത വർഷം 300,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഒബിആർ അറിയിച്ചു. യൂറോപ്യൻ യൂണിയൻ വ്യാപാരത്തെ വളരെയധികം ആശ്രയിക്കുന്ന മേഖലകളിൽ വലിയ തോതിൽ തൊഴിൽനഷ്ടം സംഭവിക്കും. യുകെ നിലവിൽ ഉൽപ്പാദിപ്പിക്കുന്ന കാറുകളുടെ 50 ശതമാനവും യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ നോ ഡീൽ ബ്രെക്സിറ്റ്‌ ഇവിടെ കടുത്ത തിരിച്ചടി സൃഷ്ടിക്കും. കാർ വിൽപ്പനയ്ക്ക് 10 ശതമാനം തീരുവ ചുമത്തും. പല കയറ്റുമതി സ്ഥാപനങ്ങളും യൂറോപ്യൻ യൂണിയൻ താരിഫുകളെ അഭിമുഖീകരിക്കും. ജീവനക്കാരുടെ വേതനത്തിലും തൊഴിൽ സുരക്ഷയിലും ഇത് മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസിലെ ഗവേഷകർ കണക്കാക്കുന്നത് നോ ഡീലിൽ നിന്നുള്ള സാമ്പത്തിക ആഘാതം താഴ്ന്ന വരുമാനമുള്ള ജോലിക്കാരെ കൂടുതൽ ബാധിക്കുമെന്നാണ്.

കൊറോണ വൈറസ് പകർച്ചവ്യാധി, യുകെയുടെ സേവനങ്ങൾക്കും ഹോസ്പിറ്റാലിറ്റി മേഖലകൾക്കും കനത്ത പ്രഹരമേൽപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു കരാർ ഇല്ലാതെ പുറത്തെത്തുന്നത് ഉൽപ്പാദനം, ധനകാര്യ സേവനങ്ങൾ, കൃഷി എന്നീ മേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്ന് ഒബിആർ വിലയിരുത്തുന്നു.