ഇന്ത്യാരവം’ മുഴങ്ങിയ മണിക്കൂറുകൾ ഉള്ളലിഞ്ഞാസ്വദിച്ച്, പാട്ടും നൃത്തവുമായി ഗൃഹാതുരത്വം പങ്കിട്ടു പ്രവാസികൾ വിശിഷ്ടാതിഥികൾക്കായി കാത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുമെന്നും ഒരു മണിക്കൂറിലേറെ ചെലവിടുമെന്നും വൈറ്റ്ഹൗസ് അറിയിപ്പു വന്നതുമുതൽ തന്നെ ഇന്ത്യൻ സമൂഹം ആഘോഷത്തിലായിരുന്നു.

മോദി വിമാനമിറങ്ങിയതുതന്നെ ‘ഹൗഡി ഹൂസ്റ്റൺ’ (ഹലോ ഹൂസ്റ്റൺ) എന്ന ട്വിറ്റർ കുശലാന്വേഷണത്തോടെയായിരുന്നു. ഹൂസ്റ്റണിലെ പ്രധാനചടങ്ങായ ‘ഹൗഡി മോദി’യുടെ അതേ ആവേശം സ്ഫുരിക്കുന്ന ഹൃദ്യമായ മറുചോദ്യം. അമേരിക്കൻ ശൈലിയിലുള്ള ‘ഹലോ’യാണ് ‘ഹൗഡി’. വാഷിങ്ടൻ ഡിസിയിൽ നിന്നു വിമാനം കയറിയെന്നും ‘ഹൂസ്റ്റണിൽ സുഹൃത്ത് മോദിക്കൊപ്പം കാണാമെന്നും ഗംഭീര ദിനമായിരിക്കു’മെന്നും തൽസമയം ട്വിറ്റർ സന്ദേശങ്ങളുമായി ട്രംപും ആവേശത്തിനു മിഴിവേകി. തീർച്ചയായും ഗംഭീര ദിനമായിരിക്കും എന്നു മോദിയുടെ മറുപടി പിന്നാലെയെത്തി. ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ വംശജരുടെ ഇത്ര വലിയൊരു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ഹൂസ്റ്റൺ വിമാനത്താവളത്തിൽ ഇന്ത്യയിലെ യുഎസ് സ്ഥാനപതി കെനത്ത് ജസ്റ്റർ, യുഎസിലെ ഇന്ത്യൻ സ്ഥാനപതി ഹർഷവർധൻ ഷ്റിഗ്‌ല എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരാണു മോദിയെ വരവേറ്റത്.

90 മിനിറ്റ് സാംസ്കാരിക പരിപാടികളോടെയായിരുന്നു ‘ഹൗഡി മോദി’ തുടക്കം. ഹൂസ്റ്റണിലെ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മേയർ സിൽവസ്റ്റർ ടേണറാണു സ്വാഗതം പറഞ്ഞത്. ഒൻപതരയോടെ മോദിയും ട്രംപും വേദിയിലെത്തി. അരമണിക്കൂർ ട്രംപിന്റെ പ്രസംഗം. തുടർന്ന്, മോദി സംസാരിച്ചു തുടങ്ങിയതോടെ ജനസമുദ്രം ഇളകിമറിഞ്ഞു. കരഘോഷവും ‘മോദി മോദി’ വിളികളുമായി എൻആർജി സ്റ്റേഡിയത്തിൽ ആവേശം അലതല്ലി.

ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടേണർ, നഗരത്തിന്റെ ആലങ്കാരിക താക്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാഗതോപഹാരമായി നൽകുന്നു.

ചടങ്ങിൽ മലയാളമുൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹൗഡി മോദി (എങ്ങനെയുണ്ട് മോദി) എന്നു ചോദിച്ചാൽ എന്റെ മനസ്സ് ഇങ്ങനെ പറയും: ഭാരത് മേം സബ് അച്ഛാ ഹേ (ഇന്ത്യയിൽ എല്ലാം നന്നായി പോകുന്നു).’ പിന്നീട് മോദി വിവിധ ഇന്ത്യൻ ഭാഷകളിൽ ഇതേ ആശയം ആവർത്തിച്ചു. ‘എല്ലാം സൗഖ്യം’ എന്നു മലയാളത്തിലും പറഞ്ഞു.

മോദിയുടെ പ്രസംഗത്തിൽനിന്ന്: ഇവിടെ ലഭിച്ച വരവേൽപ്സങ്കൽപിക്കാവുന്നതിലുമേറെയാണ്. പ്രസിഡന്റ് ട്രംപ് വന്നത് എനിക്കു വലിയ പ്രതീക്ഷകൾ നൽകുന്നു. യുഎസ് സെനറ്റർമാർ ഇന്ത്യയെക്കുറിച്ചു പറഞ്ഞത് അമേരിക്കയിലെ ഇന്ത്യക്കാർക്കുള്ള ആദരം കൂടിയാണ്. ഇന്ത്യയിലെ ഓരോ പൗരനുമുള്ള ആദരമാണ്. ഹൗഡി മോദി എന്നാണു പേര്. പക്ഷേ മോദി തനിച്ച് ഒന്നുമല്ല. ഭാരതീയരുടെ നിർദേശമനുസരിച്ചു കാര്യങ്ങൾ ചെയ്യുന്ന ഒരു സാധാരണക്കാരൻ മാത്രം.

വിവിധ ഭാഷകളാണു ഞങ്ങളുടെ സവിശേഷത. നൂറുകണക്കിനു ഭാഷകൾ ഒരുമിച്ചു മുന്നേറുന്നു. ഭാഷ മാത്രമല്ല, വിശ്വാസങ്ങളും ഒരുമിച്ചു മുന്നോട്ടു പോകുന്നു. നാനാത്വം ജനാധിപത്യത്തിന്റെ തറക്കല്ലാണ്; ശക്തിയും പ്രചോദനവുമാണ്. വികസനം എന്നതാണ് ഏറ്റവും വലിയ മന്ത്രം. സബ്കെ സാഥ് സബ്കാ വികാസ്. ലോകം മുഴുവൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡേറ്റ ലഭ്യമാകുന്ന രാജ്യം ഇന്ത്യയാണ്. ചെലവുകുറഞ്ഞ ഡേറ്റ– അതാണ് ഡിജിറ്റൽ ഇന്ത്യയുടെ സവിശേഷത.

പാസ്പോർട്ടിന് 3 മാസം എടുത്തിരുന്നത് ഇപ്പോൾ 1 ആഴ്ചയ്ക്കുള്ളിൽ കിട്ടും. ഇ–വീസ സേവനം, കമ്പനികൾക്ക് റജിസ്ട്രേഷൻ എന്നിവയെല്ലാം 24 മണിക്കൂറിനുള്ളി‍ൽ ലഭ്യം. ആദായനികുതി തിരിച്ചടവ് അനായാസമായി. കുറച്ചുനാൾ മുൻപ് 370 ാം വകുപ്പിനും വിട ചൊല്ലി. വികസനത്തിൽനിന്നു തടസ്സം സൃഷ്ടിച്ചിരുന്നത് എടുത്തുമാറ്റി. ഇപ്പോൾ തുല്യ അധികാരം എല്ലാവർക്കും. ഭീകരതയെ ഊട്ടിവളർത്തുന്നവരെ ലോകം മുഴുവൻ അറിയും.

ഭീകരതയ്ക്ക് എതിരെ നിർണായക യുദ്ധം തുടങ്ങാനുള്ള സമയമായി. ഈ യുദ്ധത്തിൽ ട്രംപിന്റെ പിന്തുണയുണ്ട്. ട്രംപ് എന്നെ ‘ടഫ് നെഗോഷ്യേറ്റർ’ എന്നാണു വിളിക്കുന്നത്. അദ്ദേഹം പക്ഷേ, ‘ആർട് ഓഫ് ദ് ഡീലിൽ’ വളരെ മിടുക്കനാണ്. ഞാൻ അദ്ദേഹത്തിൽനിന്നു പഠിക്കുകയാണ്. ഇന്ത്യയിലേക്കു കുടുംബസമേതം വരാനും ക്ഷണിക്കുന്നു.