വിദേശികളായ നൂറു കണക്കിന് ഡോക്ടര്‍മാര്‍ എന്‍എച്ച്എസ് വിടാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിസ, ഹെല്‍ത്ത്‌കെയര്‍ ഫീസായി ഓരോ വര്‍ഷവും ആയിരക്കണക്കിന് പൗണ്ട് നല്‍കേണ്ടി വരുന്നതിനാലാണ് ഡോക്ടര്‍മാര്‍ നാഷണല്‍ ഹെല്‍ത്ത് കെയര്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുസരിച്ച് വര്‍ക്കിംഗ് വിസയ്ക്കായി ആയിരക്കണക്കിന് പൗണ്ട് നല്‍കണം. എന്‍എച്ച്എസ് സൗകര്യങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ഓരോ കുടുംബാംഗത്തിനും 400 പൗണ്ട് വീതവും നല്‍കണം. ഇത് താങ്ങാനാവാത്തതിനാല്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ഇവര്‍ ഒരുങ്ങുകയാണ്. യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ഈ നിലപാടെടുത്തിരിക്കുന്നത്.

ഡോക്ടര്‍മാരുടെ ക്യാംപെയിനിംഗ് സംഘടനയായ എവരിഡോക്ടറില്‍ 500ലേറെ ഡോക്ടര്‍മാരാണ് തങ്ങളുടെ ആശങ്കകള്‍ അറിയിച്ചത്. എന്‍എച്ച്എസിന് ഡോക്ടര്‍മാരെ ആവശ്യമുണ്ടെങ്കിലും ഇത്തരം നയങ്ങള്‍ യുകെയിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് തങ്ങള്‍ ഒരു രണ്ടാംകിട ജീവനക്കാരാണെന്നും ഒട്ടും ആവശ്യമില്ലാത്തവരാണെന്നുമുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് ഇന്ത്യക്കാരനായ ഒരു എന്‍എച്ച്എസ് ഡോക്ടര്‍ പറഞ്ഞു. ഇദ്ദേഹവും യുകെയില്‍ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. എന്‍എച്ച്എസിനു വേണ്ടി ജോലിചെയ്യാന്‍ തയ്യാറാണെങ്കിലും ഇമിഗ്രേഷന്‍ സംവിധാനം ഇവിടെ ജീവിക്കാന്‍ കഴിയാത്ത വിധത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്ടര്‍മാരുടെ കുറവു മൂലം ഇപ്പോള്‍ത്തന്നെ പ്രതിസന്ധി നേരിടുന്ന എന്‍എച്ച്എസിന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തുനിന്നുള്ള ഡോക്ടര്‍മാരുടെ ഈ തീരുമാനം ഇരുട്ടടിയാകുമെന്നത് ഉറപ്പാണ്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ആശുപത്രികളുടെയും ജിപി സര്‍വീസുകളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വിദഗ്ദ്ധ പരിശീലനം നേടിയ ഇവര്‍ യുകെയിലെത്തിയാല്‍ വളരെ മോശമായാണ് അവരെ പരിഗണിക്കുന്നതെന്ന് എവരിഡോക്ടറിലെ ഡോ.ജൂലിയ പാറ്റേഴ്‌സണ്‍ പറഞ്ഞു.