ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 284നു പുറത്ത്. വിക്കറ്റു പോകാതെ 10 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ആദ്യ ദിവസം അവസാനിപ്പിച്ചു. പന്തു ചുരണ്ടൽ വിവാദത്തിലെ വിലക്കിനു ശേഷം ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയ ആദ്യ മത്സരത്തിൽത്തന്നെ സെഞ്ചുറിയടിച്ച സ്റ്റീവ് സ്മിത്താണ് (144) ഓസീസിന്റെ ഹീറോ. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് 5 വിക്കറ്റ് വീഴ്ത്തി.

വാക്കുകൾ കൊണ്ടു ബാറ്റു ചെയ്തിട്ടു കാര്യമില്ലെന്ന് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ ഇനിയെങ്കിലും തിരിച്ചറിയണം. ട്രെന്റ്ബ്രിജിൽ അല്ല, കളി നടക്കുന്നത് അങ്ങു ചന്ദ്രനിൽ ആണെങ്കിലും ഓസീസ് തന്നെ ജയിക്കും എന്നു നായകൻ ടിം പെയ്ൻ മുഴക്കിയ വീരവാദത്തിന്റെ മുന ആദ്യ ദിനം തന്നെ ഒടിഞ്ഞേനെ, സ്റ്റീവ് സ്മിത്തിന്റെ അവിസ്മരണീയ ഇന്നിങ്സ് (144) ഇല്ലായിരുന്നെങ്കിൽ!

ഇംഗ്ലിഷ് പേസർമാർക്കു മുന്നിൽ തകർന്നടിഞ്ഞ ഓസീസ്, സ്റ്റീവ് സ്മിത്തിന്റെ പോരാട്ടത്തിലൂടെ ഉയിർത്തെഴുന്നേറ്റു. 122 റൺസിനിടെ 8 വിക്കറ്റ് നഷ്ടമായ ഓസീസ് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഭേദപ്പെട്ട സ്കോറിലെത്തിയതിനു കടപ്പാട് സ്മിത്തിനോടു മാത്രം. ലോവർ ഓർഡറിൽ പീറ്റർ സിഡിലിന്റെ സംഭാവനയും (44) ഓസീസ് ടോട്ടലിൽ നിർണായകമായി.

ട്രാവിസ് ഹെഡ് (35) മാത്രമാണ് സ്മിത്തിനെക്കൂടാതെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ബാറ്റ്സ്മാൻ. സ്റ്റുവർട്ട് ബ്രോഡിന്റെ മോശം പന്തിൽ വിക്കറ്റുകളഞ്ഞ ടിം പെയ്ൻ (5) തന്റെ ബാറ്റിങ് ദൗർബല്യം ഒരിക്കൽക്കൂടി തുറന്നുകാട്ടി. ഒൻപതാം വിക്കറ്റിൽ സ്മിത്ത് – സിഡിൽ സഖ്യം നേടിയ 88 റൺസാണ് ഓസീസിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. അവസാന വിക്കറ്റിൽ നേഥൻ ലയണിനെ കൂട്ടുപിടിച്ച് 74 റൺസ് ചേർത്ത സ്മിത്ത് പത്താമനായാണു പുറത്തായത്. ഈ കൂട്ടുകെട്ടിൽ ലയണിന്റെ സംഭാവന വെറും 12 റൺസ്! കളിക്കിടെ പരുക്കേറ്റ ഇംഗ്ലിഷ് പേസർ ജയിംസ് ആൻഡേഴ്സണ് 4 ഓവർ മാത്രമാണ് പന്തെറിയാനായത്.

ആഷസ് പരമ്പരയിൽ ഏറ്റവും ഒടുവിൽ ബാറ്റുചെയ്ത 9 ഇന്നിങ്സുകളിലെ അഞ്ചാം സെഞ്ചുറിയാണ് സ്മിത്ത് ഇന്നലെ കുറിച്ചത്. ടെസ്റ്റ് കരിയറിലെ 24–ാമത്തെയും. അവസാനം ബാറ്റുചെയ്ത 9 ആഷസ് ഇന്നിങ്സുകളിലെ സ്മിത്തിന്റെ സ്കോറുകൾ ഇങ്ങനെ– 143, 141, 40, 6, 239, 76, 102*, 83, 144

അംപയറിങ്ങിലെ കൂട്ടപ്പിഴവിന്റെ പേരിൽക്കൂടിയാകും എജ്ബാസ്റ്റൻ ടെസ്റ്റിന്റെ ആദ്യ ദിനം ഓർമിക്കപ്പെടുക. അംപയറുടെ തെറ്റായ തീരുമാനത്തിലാണ് ഡേവിഡ് വാർണർ (2), ജയിംസ് പാറ്റിൻസൻ (0) എന്നിവർ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്.

അതേ സമയം വിക്കറ്റിനു പിന്നിൽ ജോണി ബെയർസ്റ്റോ പിടികൂടിയ ഉസ്മാൻ ഖവാജയുടെയും (13) വിക്കറ്റിനു മുന്നിൽ കുടുങ്ങിയ മാത്യു വെയ്‍‍ഡിന്റെയും വിക്കറ്റുകൾ റിവ്യൂവിലൂടെയാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഓസീസ്-ബാൻക്രോഫ്റ്റ് സി റൂട്ട് ബി ബ്രോഡ് 8, വാർണർ എൽബി ബി ബ്രോഡ് 2, ഖവാജ സി ബെയർസ്റ്റോ ബി വോക്സ് 13, സ്മിത്ത് ബി ബ്രോഡ് 144, ഹെഡ് എൽബി ബി വോക്സ് 35, വെയ്ഡ് എൽബി ബി വോക്സ് 1, പെയ്ൻ സി ബേൺസ് ബി ബ്രോഡ് 5, പാറ്റിൻസൻ എൽബി ബി ബ്രോഡ് 0, കമ്മിൻസ് എൽബി ബി സ്റ്റോക്സ് 5, സിഡിൽ സി ബട്‌ലർ ബി മോയിൻ അലി 44, ലയൺ നോട്ടൗട്ട് 12. എക്സ്ട്രാസ് 15. ആകെ 80.4 ഓവറിൽ 284നു പുറത്ത്.

വിക്കറ്റു വീഴ്ച: 1–2, 2–17, 3– 35, 4–99, 5–105, 6–112, 7–112, 8–122, 9–210, 10–284

ബോളിങ്– ആൻഡേഴ്സൻ: 4–3–1–0, ബ്രോഡ്: 22.4–4–86–5, വോക്സ്: 21–2–58–3, സ്റ്റോക്സ്: 18–1–77–1, മോയിൻ അലി: 13–3–42–1, ജോ ഡെൻലി: 2–1–7–0.

ഇംഗ്ലണ്ട്-ബേൺസ് ബാറ്റിങ് 4, റോയ് ബാറ്റിങ് 6, ആകെ 2 ഓവറിൽ വിക്കറ്റു പോകാതെ 10.

ബോളിങ്– കമ്മിൻസ്: 1–0–3–0, പാറ്റിൻസൻ: 1–0–7–0.

സാൻ‍ഡ് പേപ്പറുണ്ട്;

എതിർ ടീമിനെ വാക്കുകൊണ്ടും നോക്കുകൊണ്ടും കുത്തിനോവിക്കാൻ തങ്ങളോളം പോന്നവർ മാറ്റാരുമില്ല എന്ന് വീണ്ടും തെളിയിച്ച് ഇംഗ്ലണ്ട് ആരാധകർ. ഓസീസിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ വിക്കറ്റ് വീണപ്പോൾത്തന്നെ അവർ തനിനിറം കാട്ടി.

സ്റ്റുവർട് ബ്രോഡിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ ഡേവിഡ് വാർണറെ (2) സാൻഡ് പേപ്പർ ഉയർത്തിക്കാട്ടിയാണ് അവർ യാത്രയാക്കിയത്. മുൻപു ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ സാൻഡ് പേപ്പർ ഉപയോഗിച്ചു പന്തു ചുരണ്ടിയതുമായി ബന്ധപ്പെട്ടാണു ഡേവിഡ് വാർണർക്ക് ഒരു വർഷത്തെ വിലക്കു ലഭിച്ചിരുന്നത്. വിലക്കു നീങ്ങിയ ശേഷമുള്ള ആദ്യ ടെസ്റ്റിൽ വാർണറെ വരവേൽക്കാൻ ഇംഗ്ലിഷ് ആരാധകർ തിരഞ്ഞെടുത്തതും ഇതേ സാൻഡ് പേപ്പർതന്നെ; ബാറ്റ്സ്മാന്റെ ആത്മവിശ്വാസം തകർക്കുന്ന സൈക്കോളജിക്കൽ മൂവ്!

പന്തു ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട കാമറോൺ ബാൻക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത് എന്നീ ഓസീസ് താരങ്ങൾക്കും ഇന്നലെ കുശാലായിരുന്നു.

ആഷസ് ടെസ്റ്റിനു മുന്നോടിയായി ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ടീമംഗങ്ങൾ തമ്മിൽ പരസ്പരം ഹസ്തദാനം ചെയ്യാതിരുന്നതു വിവാദമായി. ദേശീയഗാനത്തിനു ശേഷം ഓസ്ട്രേലിയൻ താരങ്ങൾ ഇംഗ്ലിഷ് താരങ്ങൾക്കു കൈകൊടുക്കാൻ നിൽക്കാതെ ഡ്രസിങ് റൂമിലേക്കു കയറിപ്പോയി. ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ തുടക്കമിട്ട ഹസ്തദാന രീതി ഇഷ്ടപ്പെടാത്ത ഇംഗ്ലിഷ് താരങ്ങളാണു പിൻമാറ്റത്തിനു പിന്നിലെന്നാണു സൂചന.

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയുമായി നടന്ന അവസാന ടെസ്റ്റിലാണു പെയ്ൻ പുതിയ കൈകൊടുക്കൽ രീതിക്കു തുടക്കമിട്ടത്. എന്നാൽ, ചർച്ച കൂടാതെ ആഷസിൽ ഈ രീതി കൊണ്ടുവരുന്നതിനോട് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ടിനും പരിശീലകൻ ട്രെവർ ബെയ്‌ലിസിനും താൽപര്യമുണ്ടായിരുന്നില്ല.