ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പേറ്റന്റ് ലൈസൻസിംഗിലെയും ചിപ്പ് മാർക്കറ്റുകളിലെയും ആധിപത്യം മുതലെടുത്ത് യുകെ കോമ്പറ്റിഷൻ ലോ ലംഘിച്ചുവെന്ന് ആരോപിച്ച് ക്വാൽകോമിനെതിരെ രംഗത്തെത്തി വാച്ച്ഡോഗ് വിച്ച്?. ക്വാൽകോം, നിർമ്മാതാക്കളിൽ നിന്ന് വിലക്കയറ്റ ഫീസ് ഈടാക്കിയെന്നും അത് ഉയർന്ന സ്മാർട്ട്‌ഫോൺ വിലയുടെ രൂപത്തിൽ ഉപയോക്താക്കൾക്ക് കൈമാറിയെന്നും ആരോപിച്ചു. എന്നാൽ കേസിന് അടിസ്ഥാനമില്ലെന്ന് ക്വാൽകോം മറുപടി പറഞ്ഞു. 2015 ഒക്ടോബർ 1 മുതൽ വാങ്ങിയ എല്ലാ ആപ്പിൾ, സാംസങ് സ്മാർട്ട്‌ഫോണുകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ വിച്ച്? അന്വേഷിച്ചു വരികയാണ്. അതിനാൽ തന്നെ കേസ് വിജയിക്കുകയാണെങ്കിൽ വ്യക്തികൾ വാങ്ങിയ സ്മാർട്ട്‌ഫോണിന്റെ മോഡൽ അനുസരിച്ച് 30 പൗണ്ട് വരെ നഷ്ടപരിഹാരം ലഭിച്ചേക്കാം.

ക്വാൽകോമിന്റെ രീതികൾ മത്സര വിരുദ്ധമാണെന്നും ഉപഭോക്താക്കളുടെ കയ്യിൽ നിന്ന് ഇതുവരെ 480 മില്യൺ പൗണ്ട് അപഹരിച്ചിട്ടുണ്ടെന്നും വിച്ചിന്റെ ചീഫ് എക്സിക്യൂട്ടീവ് അനാബെൽ ഹോൾട്ട് പറഞ്ഞു. ഇത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ക്വാൽകോം പോലുള്ള കമ്പനികൾ ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്ന കൃത്രിമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ അതിനെതിരെ നടപടിയെടുക്കാൻ ഞങ്ങൾ തയ്യാറാണ്.” ഹോൾട്ട് വ്യക്തമാക്കി. കോമ്പറ്റീഷൻ അപ്പീൽ ട്രൈബ്യൂണലിൽ നിയമപരമായി ക്ലെയിം ഫയൽ ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ചിപ്പുകൾ നിർമാതാക്കളിൽ ഒരാളായ ക്വാൽകോം നിരവധി ആരോപണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 2018ൽ ആപ്പിളുമായി നടത്തിയ ഡീലുകളുടെ പരമ്പരയിൽ കോമ്പറ്റിഷൻ ലോ ലംഘിച്ചതിന് യൂറോപ്യൻ കമ്മീഷൻ 858 മില്യൺ പൗണ്ട് പിഴ ചുമത്തിയിരുന്നു. 3 ജി ചിപ്‌സെറ്റ് വിപണിയിൽ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്തതിന് 2019 ൽ 242 മില്യൺ പൗണ്ട് പിഴയും ചുമത്തുകയുണ്ടായി. രണ്ട് കണ്ടെത്തലുകൾക്കെതിരെയും ക്വാൽകോം അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.