സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി സ്മാർട്ട് മോട്ടോർ പാതകളിൽ ഉണ്ടായ അപകടങ്ങളിൽ 38 പേർ കൊല്ലപ്പെട്ടതായി ഗവൺമെന്റ് വെളിപ്പെടുത്തൽ. ബിബിസി പനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ആദ്യമായാണ് ഗവൺമെന്റ് ഇത്തരത്തിലുള്ള കണക്കുകൾ പുറത്തു വിടുന്നത്.സ്മാർട്ട്‌ മോട്ടോർ പാതകൾ ക്കെതിരെ അനവതി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇത്തരം പാതകൾക്ക് വാഹനം നിർത്താൻ ആവശ്യമായ ‘ഹാർഡ് ഷോൾഡർ ‘ എന്നറിയപ്പെടുന്ന സ്ഥലങ്ങളില്ല. അതുകൊണ്ടുതന്നെ പലപ്പോഴും സ്മാർട്ട് മോട്ടോർ പാതകളിൽ വെച്ച് അപകടം സംഭവിക്കുന്ന ഡ്രൈവർമാർ, വാഹനങ്ങൾക്ക് ഇടയിൽ കുടുങ്ങി പോകാനുള്ള സാധ്യത അധികമാണ്. വിവരാവകാശ നിയമം അനുസരിച്ച് ബിബിസി പനോരമ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ഇത്തരം കണക്കുകൾ ഗവൺമെന്റ് വെളിപ്പെടുത്തിയത് .ലണ്ടന് പുറത്തുള്ള M25 പാതയിൽ, 2014 ഏപ്രിലിൽ ‘ഹാർഡ് ഷോൾഡർ ‘ നീക്കം ചെയ്തതിനുശേഷം 20 ശതമാനം അപകടങ്ങളാണ് വർധിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ സൈൻബോർഡ് 336 ദിവസമായി പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടിലുണ്ട് .

സ്മാർട്ട് പാതകളുടെ രീതി അനുസരിച്ച്, വാഹനങ്ങൾ നിർത്തുന്നതിനായി സാധാരണ ഉപയോഗിക്കുന്ന ‘ ഹാർഡ് ഷോൾഡർ ‘ സ്ഥലവും ഒരു അധിക ലെയിൻ ആയി ഉപയോഗിക്കുന്നു. തിരക്കേറിയ പാതകളിൽ വാഹനങ്ങൾ സുഗമമായി പോകുന്നതിനാണ് സ്മാർട്ട് പാതകൾ രൂപീകരിച്ചത്. കഴിഞ്ഞ 5 വർഷങ്ങളിലായി സ്മാർട്ട് പാതകളിൽ മാത്രം 38 പേർ അപകടങ്ങളിൽ മരണപ്പെട്ടു എന്ന് കണക്ക് ആശങ്കാജനകമാണ്. കാരണം ബ്രിട്ടനിലെ റോഡുകളിൽ ഒരു ഭാഗം മാത്രമാണ് സ്മാർട്ട് പാതകൾ. ഇത്തരം പാതകളിലെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഗവൺമെന്റ് മുന്നോട്ട് നീങ്ങുകയാണെന്ന് ട്രാൻസ്‌പോർട് സെക്രട്ടറി ഗ്രാന്റ് സ്നാപ്പ്സ് വ്യക്തമാക്കി.

ഇനിയും സ്മാർട്ട് പാതകൾ നിർമ്മിക്കാനുള്ള തീരുമാനത്തെ സംബന്ധിച്ചും ചർച്ചകൾ നടക്കുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.