തെരഞ്ഞെടുപ്പ് വിശകലനം തയ്യാറാക്കിയിരിക്കുന്ന ജെ പി മറയൂർ നിലവിൽ സിപിഎം യുകെ- മലയാളി  സാംസ്‌കാരിക സംഘടനയായ സമീക്ഷ യുടെ ദേശീയ സെക്രട്ടറിയാണ്. കോട്ടയം ബസേലിയസ് കോളേജ് മുൻ ചെയർമാൻ, എസ്. എഫ്. ഐ കോട്ടയം ഏരിയാ സെക്രട്ടറി, സിപിഎം മറയൂർ ലോക്കൽ സെക്രട്ടറി, സിപിഎം മൂന്നാർ ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

One Ring to rule them all, One Ring to find them,
One Ring to bring them all, and in the darkness bind them”

The Lord of the Rings  (1981 )

ഈ തിരഞ്ഞെടുപ്പിൽ സംഘ്പരിവാർ ശക്തികൾ പരാജയപ്പെടും.കേന്ദ്രത്തിൽ മുൻപ് ഉണ്ടായിരുന്ന മൻമോഹൻ സിങ്ങ്  ഭരണകാലത്ത് നടപ്പിലാക്കിയ നയങ്ങൾ അതിരൂക്ഷമായ വിലക്കയറ്റം സൃഷ്ടിച്ചു. ആ നയങ്ങളുടെ പേരിൽ പടർന്ന പ്രതിഷേധാഗ്നി സൃഷ്ടിച്ച ശൂന്യതയിലൂടെയാണ് അപകടകാരികളായ സംഘപരിവാർ ശക്തികൾ  ഭരണത്തിലേയ്ക്ക് വന്നത്.അത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കി. ഭരണത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ ഹിന്ദുത്വം എന്ന വളയം കാണിക്കുന്ന മോദിയെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.എങ്കിലും മുഖ്യ പ്രതിപക്ഷ കക്ഷി ബിജെപി തന്നെ ആകാനാണ് സാധ്യത. പാർലമെന്റിൽ തൂക്ക് സഭ ഉണ്ടാകാനും ഉള്ള സാധ്യത ഏറെയാണ്.അങ്ങനെ എങ്കിൽ മൂന്നാം മുന്നണി അധികാരത്തിൽ വരും.

ദില്ലിയിൽ എത്തിയാൽ ഇടത് പക്ഷവും ആം ആദ്മിയും ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളും ലോബിയിങ്ങ് എന്ന അശ്ളീല നാടകങ്ങളിലേയ്ക്ക് തലകുത്തി വീഴും.കേരളത്തിലെ ഇടത് സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതിന്റെ കാലിക പ്രസക്തി അധികാര കസേരകൾക്ക് വേണ്ടി അല്ലാതെ രാജ്യ നന്മയ്ക്ക് വേണ്ടിയും മതേതരമായ സ്വതന്ത്ര്യത്തിന് വേണ്ടിയും രാഷ്ട്രീയ ലോബ്ബിയിങ്ങ് നടത്തും എന്നത് കൊണ്ടാണ്.സിപിഎമ്മിനും ഇടത് പാർട്ടികൾക്കും, ആം ആദ്മി പാർട്ടിയ്ക്കും പരമാവധി സീറ്റുകളിൽ വിജയിക്കാൻ ആയാൽ അത്രയും കുറച്ച് മാത്രമേ ദില്ലയിൽ കുതിര കച്ചവടം നടക്കുകയുള്ളു എന്നതാണ് വാസ്തവം.

“During our coalition governments, where regional partners extracted sops such as high support prices in Wheat and Rice for their farmers and specific state development packages”

Nandan Nilekani ( Imagining India 2010)

കോൺഗ്രസ്സും ബിജെപിയും നടപ്പാക്കുന്ന നയങ്ങളുടെ ബൈബിൾ എന്ന് വേണം എങ്കിൽ വിശേഷിപ്പിക്കാവുന്ന ഇമാജിൻ ഇന്ത്യ ; ദി ഐഡിയ ഓഫ് എ റിന്യുഡ് നേഷൻ’ എന്ന പുസ്തകം  എഴുതിയ, നന്ദൻ കോൺഗ്രസ്സ്കാരനും ‘ഇൻഫോസിസ്’ എന്ന കമ്പനിയുടെ  ഉടമയും ആണ്. അരിയുടെ വില കർഷകന് നേടിക്കൊടുക്കാൻ ചില പ്രാദേശിക കക്ഷികളും  മുന്നണികളും ശ്രമിക്കുന്നത് രാജ്യത്തിൻറെ വളർച്ചയ്ക്ക് ഗുണപരമല്ല എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു വെയ്ക്കുന്നു.നരേന്ദ്ര മോഡി നടപ്പാക്കിയ ആധാർ കാർഡും ജിഎസ്റ്റിയും വരെയുള്ള എല്ലാ പുതിയ പരിഷ്കാരങ്ങളുടെയും  ‘ബ്ലൂപ്രിന്റ്റ്’ എന്ന് നന്ദന്റെ പുസ്തകത്തെ ആരെങ്കിലും വിശേഷിപ്പിച്ചാൽ തെറ്റ് പറയാൻ ആവില്ല.ഈ കോർപ്പറേറ്റ് നയങ്ങൾ എല്ലാം ജനജീവിതം കൂടുതൽ ദുസ്സഹമാക്കി.

കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾ തന്നെയാണ് മോഡി സർക്കാരും പിന്തുടർന്നത്.’നമോ’ എന്ന ഹാഷ്ടാഗുമായി തിരമാലകൾ സൃഷ്ടിച്ച മോഡിയ്ക്ക് ഈ തിരഞ്ഞെടുപ്പിലൂടെ ജനം നമോവാകം നൽകും എന്ന് പറയാൻ കാരണങ്ങൾ വേറെയും ഉണ്ട്.മൻമോഹൻ സിങ്ങിന്റെ കാലത്ത് നടന്ന അഴിമതികളും തെറ്റായ നയങ്ങളും ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു.എന്നാൽ മോഡി ഹിന്ദുത്വ ശക്തികളെ ഉപയോഗിച്ച് തങ്ങൾക്ക് എതിരായി ശബ്ദിക്കുന്ന നാവുകളെ എല്ലാം അരിഞ്ഞു തള്ളി.ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോൽക്കർ എന്നിങ്ങനെ പലരും കൊലക്കത്തിയ്ക്ക് ഇരയായി.ബീഫിന്റെ പേരിലും അനേകം സാധുക്കൾ കൊല്ലപ്പെട്ടു. ജുഡീഷ്യറിയും,ജനാധിപത്യത്തിന്റെ നാലാം തൂണായ മാദ്ധ്യമ സ്ഥാപനങ്ങളേയും പരമാവധി കാവി അണിയിച്ചു. മലയാളത്തിലെ ആദ്യ സ്വകാര്യ ചാനൽ ആയ ഏഷ്യാനെറ്റ് പോലും അതിൽ വീണു പോയി.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുതിയ ദില്ലി മാനേജിങ്ങ് ടീം റെഡിയായി കഴിഞ്ഞു.കെ.കരുണാകരന്റെ പഴയ ശിഷ്യൻ കെ.സി വേണുഗോപാലാണ് പ്രധാന മാനേജർ.സോണിയാ ഗാന്ധിയുടെ വിദ്യാരാഹിത്യവും മൻമോഹൻ സിങ്ങിന്റെ വിദ്യാസമ്പന്നതയും തമ്മിലുള്ള പാലം തീർത്തിരുന്ന ടോം വടക്കൻ കളത്തിനു പുറത്തായി.അദ്ദേഹം ബിജെപിയിൽ അഭയം പ്രാപിച്ചു.മലയാളികളായ കെ.വി.തോമസ്, പി.സി.ചാക്കോ,പി.ജെ.കുര്യൻ തുടങ്ങിയ കോൺഗ്രസ്സിന്റെ നാലാം നിരയിൽ പെട്ട നേതാക്കളും പവർ ബ്രോക്കർമാരും രാഹുലിന്റെ പുതിയ മാനേജ്‌മെന്റ് ടീമിൽ ഉൾപെട്ടില്ല.കെ.വി.തോമസ് ബി.ജെ.പിയിലേയ്ക്ക് പോകണോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കും എന്ന് പറഞ്ഞു കഴിഞ്ഞു.രമേശ് ചെന്നിത്തലയെ രാഷ്ട്രീയത്തിൽ കൈ പിടിച്ചു നടത്തിയ രാമൻ നായർ സംഘപരിവാർ പാളയത്തിന്റെ മുന്നണി പോരാളിയായി. മത ഭേദമന്യേയുള്ള  കോൺഗ്രസ്സ് നേതാക്കളുടെ ബി.ജെ.പിയിലേയ്ക്ക് ഉള്ള കൂട് മാറ്റം കേരള രാഷ്ട്രീയത്തിന്റെ ഭാവിയിലെ ദിശാ സൂചികയാണ്.

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം യാതൊരു ചലനവും കേരളത്തിൽ സൃഷ്ടിച്ചിട്ടില്ല. കേരളത്തിലെ കൂടുതൽ കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് തടയാൻ ഒരു പക്ഷെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉപകരിച്ചേക്കാം.കണ്ണൂർ സ്ഥാനാർത്ഥി കെ.സുധാകരൻ വേണ്ടി വന്നാൽ താൻ ബി.ജെ.പിയിൽ പോകും എന്ന ചോയിസ് മുൻപ് പ്രഖ്യാപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ വരവോടെ സുധാകരൻ അടക്കമുള്ള നേതാക്കൾ കോൺഗ്രസ്സിൽ തന്നെ തുടരാനാണ് സാധ്യത. എന്നാൽ വടക്കൻ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ  ബി.ജെ.പിയുടെ കോൺഗ്രസ്സ് സ്നേഹം നല്ല നിലയിൽ പ്രതിഫലിക്കുന്നുണ്ട്.

കാസർകോഡും,കോഴിക്കോടും ഇടത് പക്ഷത്തിന് അനായാസ വിജയം സമ്മാനിക്കും എന്നാണ് കണക്കുകൾ പറയുന്നത്. കണ്ണൂർ,വടകര മണ്ഡലങ്ങളിൽ കന്നി വോട്ടുകൾ ഗതി വിഗതികൾ തീരുമാനിക്കും.പാലക്കാട് മണ്ഡലത്തിൽ പേരിന് മാത്രമാണ് മത്‌സരം ഉള്ളത്. ആലത്തൂർ മണ്ഡലത്തിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനോട് കലഹച്ചു നിൽക്കുന്ന ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണ കുന്നങ്കുളം പോലെയുള്ള സ്ഥലങ്ങളിൽ യു.ഡി.എഫിന് അനുകൂലമാകും .ഈ രാഷ്ട്രീയ സാഹചര്യത്തെ പാട്ട് പാടി പാട്ടിലാക്കാൻ കഴിയുമോ എന്നതാണ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ശ്രമിക്കുന്നത്.പോളിമർ കെമിസ്ട്രിയിൽ ഡോക്ട്രേറ്റ് ഉള്ള പി.കെ ബിജുവിന്റെ വിനയലാളിത്യവും അനുഭവ സമ്പത്തും ആണ്  മുൻ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹിയായ രമ്യ ഹരിദാസിന് മറികടക്കേണ്ടി വരുന്നത്.തൃശൂർ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സാന്നിധ്യം സവർണ്ണ വോട്ടുകളുടെ കൂടുതൽ വിഹിതം ബി.ജെ.പിയ്ക്ക് പോകും എന്നത് ഇടത് മുന്നണിയുടെ വിജയ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.

ഹിന്ദുക്കൾ ഭൂരിപക്ഷമായ എറണാകുളം കോട്ടയം മണ്ഡലങ്ങളിൽ കാലങ്ങളെയായി തുടർന്ന് പോരുന്ന ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക് എതിരെയാണ് ഇടത് മുന്നണി മത്‌സരിക്കുന്നത്.പി.രാജീവ് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം ആയതിനാൽ കന്നി വോട്ടുകളും ന്യൂനപക്ഷ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരുട വോട്ടുകളും ഇടത് മുന്നണിയ്ക്ക് അനുകൂലം ആകും. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കും വിദേശ സാമ്പത്തിക ധനസഹങ്ങൾക്കും എതിരെ മോഡി സർക്കാർ നിയമം കൊണ്ട് വന്നിരുന്നു.അതിന്റെ ഭാഗമായി 1000 ത്തോളം വരുന്ന എൻ.ജി.ഒകൾ അടച്ചു പൂട്ടി. രാജ്യസഭാ അംഗം ആയിരുന്ന പി.രാജീവ് മോഡി സർക്കാരിന്റെ ന്യുനപക്ഷ വിരുദ്ധ നിലപാടുകളെ ശക്തമായി ചോദ്യം ചെയ്തിരുന്നു.മുസ്ലിം ന്യൂനപക്ഷ സമുദായത്തിലെ കലാകാരന്മാർ അടക്കം രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ സജീവമാണ്.എന്നാൽ ലത്തീൻ വോട്ടുകൾ വർഗ്ഗീയമായി തന്നെ തിരഞ്ഞെടുപ്പിനോട് പ്രതികരിച്ചാൽ ഹൈബി ഈഡനാണ് സാധ്യത.

49% ഹൈന്ദവരും 43% ക്രിസ്ത്യൻ വോട്ടർമാരും ഉള്ള കോട്ടയം ജില്ലയിലെ കേരളാ കോൺഗ്രസ്സ് ഭിന്നതയും പി.സി.തോമസ്സിന്റെ സ്ഥാനാർത്ഥിത്വവും വി.എൻ വാസവന് വിജയ സാധ്യത നൽകുന്നു.കൂടാതെ ഉമ്മൻ ചാണ്ടി (എ) ഗ്രൂപ്പിന് വേണ്ടി കോട്ടയം സീറ്റ് ലക്ഷ്യം വയ്ക്കുന്നതും അട്ടിമറിയ്ക്കുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്.ഹൈന്ദവ ഭൂരിപക്ഷ മണ്ഡലമായ കോട്ടയത്ത് അവശ-ക്രൈസ്തവർ അടക്കമുള്ള പിന്നോക്ക വോട്ടുകളെ ഏകോപിപ്പിക്കാൻ ആയാൽ വി.എൻ.വാസവൻ അനായാസ വിജയം നേടും.കൂടാതെ വിജയപുരം,പിറവം മേഖലകളിൽ യാക്കോബായ വിഭാഗത്തിന്റെ വോട്ടിലും ഇടത് മുന്നണി പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട്.എന്നാൽ കഴിഞ്ഞ തവണ ജോസ് കെ മാണി ഇടത് കോട്ടയായ വൈക്കം മണ്ഡലത്തിൽ മുന്നിൽ വന്നതും പി.ജെ.ജോസഫിന്റെ പ്രതിഷേധത്തിലെ മിതത്വവും ഐക്യ മുന്നണിയുടെ അനുകൂല ഘടകങ്ങൾ ആണ്.

സി.പി.എമ്മും കോൺഗ്രസ്സും അടക്കം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും താഴെ തട്ടിൽ ശക്തമായ സംഘടനാ സംവിധാനങ്ങൾ ഉള്ള ജില്ലയാണ് ആലപ്പുഴ.രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലെ തന്നെ മത സാമുദായിക സംഘടനകൾക്കും ശക്തമായ സംഘടനാ സംവിധാങ്ങൾ ആലപ്പുഴയിൽ ഉണ്ട്.എന്നാൽ സാമുദായിക സംഘടനകളുടെ മിലിറ്റന്റ് ആയ പ്രവർത്തനങ്ങൾക്ക് പുറത്തുള്ള ജനങ്ങളെ സ്വാധീനിക്കാൻ ഈ സഘടനകൾക്ക് ഒന്നും തന്നെ ശേഷി ഇല്ല എന്നതാണ് ആലപ്പുഴ ജില്ലയുടെ പ്രത്യേകത.ആലപ്പുഴയിൽ എ.എം ആരിഫ് ഒബിസി വോട്ടുകളെ ഏകോപിപ്പിക്കാൻ ശേഷിയുള്ള നേതാവാണ്.കൂടാതെ ജാതി മത വിശ്വാസങ്ങൾക്ക് അതീതമായിട്ടുള്ള സി.പി.എം വോട്ടുകളും ചേർത്താൽ ഇടത് മുന്നണി മണ്ഡലം തിരിച്ച് പിടിക്കും.

തെക്കൻ ജില്ലകളിൽ ഏറ്റവും കൂടുതൽ വർഗ്ഗീയവൽക്കരിക്കപ്പെട്ട മണ്ഡലമാണ് പത്തനംതിട്ട.ഇടത് മുന്നണിയുടെ മതേതര രാഷ്ട്രീയത്തിന് ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന മണ്ഡലത്തിൽ പിന്നോക്ക സമുദായങ്ങളുടെ അതിരൂക്ഷമായ ജീവിത പ്രശ്നങ്ങൾ തൃണവൽഗണിക്കപെടുന്നുണ്ട്.  സാമ്പത്തികമായും സമുദായികമായും പിന്നോക്കം നിൽക്കുന്നവരുടെ രാഷ്ട്രീയമാകാനുള്ള  ഇടത്പക്ഷത്തിന്റെ ശ്രമങ്ങൾ എത്രത്തോളം വിജയം കാണുമെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നാൽ മാത്രമേ അറിയൂ.ആന്റോ ആന്റണിയുടെ പ്രവർത്തന ദൗർബല്യങ്ങൾ, ആറന്മുള വിമാനത്താവളം,ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച കോടതി വിധി, തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ കെ.സുരേന്ദ്രനും ബി.ജെ.പിയും കോൺഗ്രസ്സിന് ഒപ്പം ശ്രമിക്കുന്നുണ്ട്.കൂടാതെ ശബരിമല വിഷയത്തിലെ കോടതി വിധി സർക്കാരിന് എതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങളിൽ യു.ഡി.എഫ് -ബിജെപി ബന്ധവും ശ്കതമാണ്.

കൊല്ലം ജില്ലയിൽ ബാലഗോപാലിന്റെ വിജയം ഏതാണ്ട് ഉറപ്പിച്ച് തന്നെയാണ് ഇടത് മുന്നണി പ്രവർത്തനങ്ങൾ നടത്തുന്നത്.കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിൽ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് ഉള്ള സ്വാധീനം ഇടത് മുന്നണിയ്ക്ക് ബോണസ് ആണ്. പി.രാജീവിന് ഒപ്പം വൈജ്ജ്ഞാനിക  തൃഷ്ണയും, ബൗദ്ധിക നിലവാരവും ഏറെയുള്ള നേതാക്കന്മാരിൽ ഒരാളാണ് കെ.എൻ.ബാലഗോപാൽ.ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ ലഭിച്ച ജനകീയതയും ബാലഗോപാലിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.ആറ്റിങ്ങൽ  പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ലാതെ ഇടത് മുന്നണിയ്ക്ക് ഒപ്പം തന്നെ നിൽക്കും.

കേരളത്തിൽ ബിജെപിയ്ക്ക് ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തിരുവനന്തപുരം.ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ചില പവർ ബ്രോക്കര്മാരുടെ സഹായത്തോടെ കോൺഗ്രസ്സിന്റെ പ്രാദേശിക നേതാക്കളെ പണം നൽകി വശത്താക്കി എന്നാണ് പിന്നാമ്പുറ സംസാരം.ശശി തരൂർ ഇതേ സംബന്ധിച്ച് കോൺഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രം നിരീക്ഷകരെ ഏർപ്പെടുത്തിയിട്ടുണ്ട്.ശശി തരൂരിന് സംഭവിച്ച തുലാഭാര-അപകടവും കൃത്യമായി ഉണ്ടാക്കിയതാണ് എന്ന ആരോപണം പോലും ഉയർന്നിട്ടുണ്ട്.സി.കെ ദിവാകരന് മണ്ഡലത്തിൽ ഉള്ള വ്യക്തിപരമായ പരിചയം ഇടത് മുന്നണി അനുകൂല ഘടകങ്ങൾ ആയി കണക്കാക്കുന്നുണ്ട്. ക്രിസ്ത്യൻ നാടാർ വിഭാഗം,ഹിന്ദു നാടാർ വിഭാഗം തുടങ്ങിയ ഉപവിഭാങ്ങളും അതിന്റെയെല്ലാം  പേരിലുള്ള ലോബികളും ഉള്ള ജില്ലയിൽ പ്രവചനാതീതമായ സങ്കീർണ്ണതയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്.

കേരളത്തിലെ ഇടത് മുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ കാണണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രളയ കാലത്തെ മുഖ്യമന്ത്രിയുടെ കർമ്മ കുശലതയും വി.എസ് അച്യുതാന്ദൻ സർക്കാരിന് നൽകി വരുന്ന പിന്തുണയും,സർക്കാരിന്റെ നോവോദ്ധാന സാംസ്‌കാരിക മൂല്യങ്ങളും കണക്കിൽ എടുത്താൽ 8-14 സീറ്റ് വരെ ഇടത് മുന്നണി നേടും എന്ന് അനുമാനിക്കാം.യുപി അടക്കമുള്ള വലിയ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ നേതൃത്വം നൽകുന്ന മൂന്നാം മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാലും ഇല്ലെങ്കിലും നിർണ്ണായക ശ്കതിയാകും.മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ പരാജയം നിഥിൻ ഘട്കരിയുടെ വരവിന് കളം ഒരുക്കും.