2025-ഓടു കൂടി ഇന്ത്യയില്‍ ഓരോ സ്മാര്‍ട്ട്‌ഫോണിലേയും ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗം പ്രതിമാസം 25 ജിബി ആകും. 2020 ജൂണിലെ എറിക്‌സണിന്റെ മൊബിലറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിമാസ ഉപയോഗം 12 ജിബി ആയിരുന്നു.

2019-ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണിലെ ഇന്റര്‍നെറ്റ് സബ്‌സ്‌ക്രിപ്ഷന്‍ 620 മില്ല്യണ്‍ ആയിരുന്നു. അതില്‍ ഒമ്പത് ശതമാനം വളര്‍ച്ച കൈവരിച്ച് 2025 ഓടു കൂടി ഒരു ബില്ല്യണ്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ ആകും.

4ജിയിലേക്കുള്ള അതിവേഗത്തിലെ മാറ്റം, കുറഞ്ഞ ഡാറ്റാ വില, താങ്ങാനാകുന്ന വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍, വീഡിയോ കാണുന്ന സ്വഭാവത്തില്‍ വരുന്ന മാറ്റം എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ സബ്‌സ്‌ക്രിപ്ഷന്റെ വളര്‍ച്ചയെ സഹായിക്കുന്നത്.

നിലവിലെ വളര്‍ച്ചാ നിരക്കില്‍ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം 2025 ഓടു കൂടി 410 മില്ല്യണ്‍ ആയി ഉയരും. ഇപ്പോള്‍ നാല് ശതമാനം വീടുകളില്‍ ഫിക്‌സഡ് ബ്രോഡ് ബാന്‍ഡ് കണക്ഷനുകളാണുള്ളത്. അതിനാല്‍, പലപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണിനെ ആശ്രയിക്കേണ്ടി വരും.

ഇപ്പോള്‍ എല്‍ടിഇയാണ് ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ ഏറ്റവുമധികമുള്ളത്. 2019-ല്‍ ഇത് 49 ശതമാനമായിരുന്നു. 2025-ലും ഈ മേധാവിത്വം തുടരും. അത് 64 ശതമാനമായി ഉയരുകയും ചെയ്യും. 2025 ഓടു കൂടി 820 മില്ല്യണ്‍ എല്‍ടിഇ സബ്‌സ്‌ക്രിപ്ഷനുകള്‍ ഉണ്ടാകും.കൂടാതെ, 2025 ഓടെ 5ജിയുടെ വളര്‍ച്ച 18 ശതമാനമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.