അച്ചാ ദിൻ !!!! മൂല്യം ഇടിഞ്ഞു ഇന്ത്യൻ രൂപ . പൗണ്ട് വില കുതിച്ചുയരാൻ സാധ്യത .

by News Desk | November 26, 2019 12:00 am

മുംബൈ ∙ ഏഷ്യയിലെ മുൻനിര കറൻസികൾ പരിഗണിക്കുമ്പോൾ മൂല്യത്തകർച്ചയിൽ ദുർബലതലത്തിലേക്ക് ഇന്ത്യൻ രൂപ. രൂപയുടെ മൂല്യം നടപ്പു സാമ്പത്തികപാദത്തിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറവായത് കണക്കിലെടുത്ത് റേറ്റിങ് എജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴസ് സർവീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഈ മാസമാദ്യം ‘നെഗറ്റീവ്’ ആക്കിയിരുന്നു. വായ്പയ്ക്ക് എത്രമാത്രം അർഹതയുണ്ടെന്നത് നിർണയിക്കുന്ന ഈ റേറ്റിങ് നെഗറ്റീവായതും രൂപയുടെ വിലയിടിവിന് ആക്കം കൂട്ടുന്നതായാണ് വിലയിരുത്തൽ.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഈ ആഴ്ച റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് രൂപയുടെ ഇടിവ് കൂടുതൽ പ്രകടമായത്. ജൂലൈയിലെ മൂല്യവർധനയിൽ നിന്ന് അഞ്ചു ശതമാനത്തിന്റെ ഇടിവാണ് രൂപ നേരിടുന്നത്. പൊതു കടത്തിന്റെ തോത് വർധിച്ചതും ബാങ്കിതര ധനകാര്യ കമ്പനികൾക്കിടയിൽ കിട്ടാക്കടം വർധിക്കുന്നതും മറ്റും രൂപയുടെ മൂല്യം കുറയാൻ കാരണമായി വിലയിരുത്തപ്പെടുന്നു. വളർച്ചാ നിരക്ക് കുറയുന്നത് മൂലധനനിക്ഷേപത്തിന്റെ തോത് കുറയ്ക്കുമെന്നതിനാൽ രൂപയുടെ മൂല്യതകർച്ച ഇനിയും വർധിക്കുമെന്ന സൂചനയുണ്ട്.

തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രണ്ടു പൈസ ഇടിവോടെ 71.73 എന്ന തലത്തിലായിരുന്നു രൂപ. തുടർന്ന് 3 പൈസ ഇടിവോടെ 71.74 എന്ന തലത്തിലെത്തി. ബാങ്കുകളും ഇറക്കുമതിക്കാരും ഡോളർ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ വിലയിടിവിന് ഇടയാക്കിയതെന്നാണ് സൂചന. ഒപ്പം ക്രൂഡോയിൽ വിലവർധനയും രാജ്യാന്തരതലത്തിൽ ഡോളർ ശക്തിപ്പെടുന്നതുമാണ് മറ്റു ഘടകങ്ങൾ.

വളർച്ചാനിരക്കിലെ ഇടിവാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുംബൈ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡിലെ ചീഫ് ഇക്കണോമിസ്റ്റ് ഇന്ദ്രാനിൽ പാൻ പറഞ്ഞു. ‘സാമ്പത്തികതലത്തിലെ വെല്ലുവിളികൾക്കൊപ്പം, രൂപയുടെ മൂല്യം ദുർബലമാകാനും ഇത് ഇടയാക്കും. വളർച്ചാനിരക്കിലെ മോശം സാഹചര്യങ്ങൾ മൂലധന പ്രവാഹം കുറയ്ക്കുന്നതിലേക്കും നയിക്കാം. അതാകട്ടെ രൂപയെ വലിയതോതിൽ ബാധിക്കും.’ – അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം കഴിഞ്ഞ പാദത്തിൽ 4.6 ശതമാനമായി കുറഞ്ഞിരുന്നു. ഇത് 2013 ലെ ആദ്യ മൂന്ന് മാസത്തിനുശേഷം ഏറ്റവും താഴ്ന്നതാണെന്ന് ബ്ലൂംബെർഗ് സർവേയിലെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിക്കുന്നത് രാജ്യത്തിന്റെ വളർച്ചാനിരക്ക് 4.2 ശതമാനമായി കുറയുമെന്നാണ്. 2012 മുതല്‍ കണക്കാക്കിയാൽ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്.

ഈ മാസമാദ്യം രൂപയുടെ മൂല്യം ഡോളറിനെതിരെ 72.2425 എന്ന നിലയിലെത്തിയിരുന്നു. സെപ്റ്റംബറിൽ ഒൻപതു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 72.4075ൽ ആയിരുന്നു മൂല്യം. ധനകാര്യ വ്യവസ്ഥയിൽ രൂപയുടെ പണലഭ്യത വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഡോളർ വാങ്ങൽ വർധിപ്പിച്ചിരുന്നു. ഇതോടെ വിദേശനാണ്യ കരുതൽ ശേഖരം 448 ബില്യൻ ഡോളറിലെത്തുകയും ചെയ്തു.

Endnotes:
  1. വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ്; പുതുക്കിയ വില ഇങ്ങനെ…: https://malayalamuk.com/liquor-new-rates/
  2. കൊറോണയുടെ താണ്ഡവം തുടരുമ്പോൾ സ്വർണ്ണവില പുതിയ ഉയരങ്ങളിലേയ്ക്ക് . മഞ്ഞലോഹത്തിൻെറ വില 31,000 കടന്നു: https://malayalamuk.com/gold-prices-reach-new-heights-as-corona-continues-its-trend-the-price-of-yellow-metal-crossed-31000-new/
  3. നിങ്ങളുടെ വീട് ടെസ്‌കോയുടെ അടുത്തെങ്കില്‍ 22,000 പൗണ്ടിന്റെ അധികമൂല്യം. പ്രോപ്പര്‍ട്ടികളുടെ വില നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ ഏതാണ്? അതിശയമെന്ന് തോന്നാവുന്ന 9 കാര്യങ്ങള്‍.: https://malayalamuk.com/nine-surprising-things-affect-property-value/
  4. മുടക്കിയ കോടികൾ ആരൊക്കെ തിരിച്ചു നൽകും ! ഐപിഎൽ കോടികൾ കടന്ന താരലേലം, ഒരു അവലോകനം……ടീമുകൾ കൂടുതൽ നോട്ടമിട്ടത് ആരെയാണ്?: https://malayalamuk.com/most-price-player-and-wicketkeeper-ipl/
  5. യുകെയിലെ ഇന്ധനവില മൂന്നു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍: https://malayalamuk.com/fuel-cost-hits-three-year-high-in-november-as-global-oil-prices-creep-up/
  6. മദ്യത്തിന് മിനിമം വില നടപ്പാക്കുന്നു; സ്‌കോട്ട്ലന്‍ഡില്‍ മദ്യവില 90 ശതമാനം വരെ ഉയര്‍ന്നേക്കും: https://malayalamuk.com/minimum-alcohol-price-will-raise-cost-by-up-to-90-in-scotland-study/

Source URL: https://malayalamuk.com/indias-ratings-downgraded-pound-prices-likely-to-rise/