ബ്രസീലില്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് വേണ്ടി നിലകൊണ്ട തദ്ദേശീയ നേതാവിനെ വെടിവച്ചുകൊന്നു. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രസീൽ സംസ്ഥാനമായ മാരൻഹാവോയിലെ ആമസോൺ അതിർത്തി പ്രദേശമായ അററിബോയയില്‍ വെച്ചാണ് സംഭവം. പൗലോ പൗളിനോ ഗുജജാരയെന്ന നേതാവിനെയും, മറ്റൊരു ഗോത്രക്കാരനായ ലാർസിയോ ഗുജജാരയെയുമാണ് പ്രദേശത്ത് അനധികൃതമായി കടന്നുകയറിയവർ ആക്രമിച്ചതെന്ന് ബ്രസീലിയൻ ഇൻഡിജെനസ് പീപ്പിൾസ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.

കൊലപാതകത്തെക്കുറിച്ച് ബ്രസീലിയന്‍ ഫെഡറൽ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോ സർക്കാരിലെ നീതിന്യായ മന്ത്രി സർജിയോ മൊറോ സ്ഥിരീകരിച്ചു. ‘ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ്’ എന്ന തദ്ദേശീയ ഫോറസ്റ്റ് ഗാർഡിലെ അംഗങ്ങളാണ് അക്രമിക്കപ്പെട്ട ഗോത്രവർഗക്കാർ. അപൂര്‍വ്വമായ മരങ്ങളാല്‍ സമ്പന്നമായ ആമസോണ്‍ വനത്തെ കൊള്ളയടിക്കുന്ന സംഘങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി 2012-ല്‍ രൂപീകരിച്ച ഗാര്‍ഡാണത്. സായുധ പട്രോളിംഗും ലോഗിംഗ് പാളയങ്ങൾ നശിപ്പിക്കലുമാണ് അവരുടെ പ്രധാന ജോലി. അതുതന്നെയാണ് അവരുടെ ജീവന്‍ അപകടത്തിലകാന്‍ കാരണമാകുന്നതും. അററിബോയയില്‍ നിന്നുള്ള മൂന്ന്‍ പേർ ഉൾപ്പെടെ മാരൻഹാവോയിലെ നിരവധിപേര്‍ അടുത്ത കാലത്തായി കൊല്ലപ്പെട്ടിട്ടുണ്ട്.

കൊല്ലപ്പെട്ട ഗോത്രവർഗക്കാരനെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി ബ്രസീലിലെ തദ്ദേശീയ മിഷനറി കൗൺസിലിന്റെ മാരൻഹോ റീജിയണൽ കോർഡിനേറ്റർ ഗിൽഡർലാൻ റോഡ്രിഗസ് പറഞ്ഞു. ‘അക്രമികളുടെ ലക്ഷ്യം ഗോത്ര വര്‍ഗ്ഗക്കാരെ തുരത്തി വനം കൊള്ളയടിക്കലാണെന്നും, അവരില്‍ ഭൂരിഭാഗവും അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണെന്നും’ അദ്ദേഹം പറയുന്നു. ഇനിയും കൂടുതല്‍ ജീവനുകള്‍ നഷമാകാതിരിക്കാന്‍ ക്രിമിനലുകല്‍ക്കെതിരെ നടപടി അത്യാവശ്യമാണെന്ന് റോഡ്രിഗസ് ആവശ്യപ്പെടുന്നു.

4,130 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അററിബോയയില്‍ ഗുജജാര, ആവ ഗോത്രങ്ങളില്‍പെട്ട 5,300 പേര്‍ മാത്രമാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ഗോത്ര വിഭാഗങ്ങളാണ് അവര്‍. മാരൻ‌ഹാവോ സംസ്ഥാനത്ത് അവശേഷിക്കുന്ന അവസാന ആമസോൺ മഴക്കാടുകളിൽ ഭൂരിഭാഗവും അവിടെയാണുള്ളത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് സർവൈവൽ ഇന്റർനാഷണലിലെ സീനിയർ റിസർച്ച് ആൻഡ് അഡ്വക്കസി ഓഫീസർ സാറാ ഷെങ്കർ പറയുന്നു. കൊല്ലപ്പെട്ട ഗോത്രവർഗക്കാരനെ അറിയുന്ന അടുത്തറിയുന്ന ആളാണ്‌ അവര്‍.

വനമേഖല ഔദ്യോഗികമായി ബ്രസീലിലെ സര്‍ക്കാരാണ് സംരക്ഷിക്കുന്നത്. പക്ഷെ, കൊള്ള സംഘങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ പൂര്‍ണ്ണ പരാജയമാണ്. കൊള്ള സംഘങ്ങളും തദ്ദേശീയരും തമ്മില്‍ നിരന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. 2015-ൽ ബ്രസീലിന്റെ പരിസ്ഥിതി ഏജൻസിയായ ഇബാമയുടെ ഓപ്പറേഷൻ കോർഡിനേറ്റർ റോബർട്ടോ കാബ്രലിന് വെടിയേറ്റിരുന്നു. ഈ വർഷം ജൂണിൽ അററിബോയയിലെ ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ് ഗാര്‍ഡ് മേധാവി ഒലമ്പിയോ ഗുജജാര അക്രമികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ബ്രസീലിനോട്‌ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.