യുകെയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തിയ ഇടതുപക്ഷ എംപി സ. കെ.എന്‍ ബാലഗോപാലുമായി മലയാളംയുകെ അസോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യു നടത്തിയ അഭിമുഖത്തില്‍ നിന്ന്
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങുന്നവരുടെ വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയത്തില്‍ പരമപ്രധാനമാണ്. വിദ്യാഭ്യാസം സുതാര്യമായ രാഷട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പങ്ക് വിവരിക്കാന്‍ പറ്റുന്നതിലും അധികമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് കൊമേഴ്‌സിലും ലോയിലും മാസ്റ്റര്‍ ഡിഗ്രി എടുത്ത് രാജ്യസഭാ എം പി യായി തിളങ്ങുന്ന, അതോടൊപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ സഖാവ് ടി.എന്‍ ബാലഗോപാല്‍ എം പി മലയാളം യുകെയുമായി സംസാരിച്ചു.

ഔദ്യോഗീക പരിപാടികള്‍ ഒന്നുമില്ലാതെ യൂറോപ്പ് സന്ദര്‍ശിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു എം.പി യുകെയില്‍. വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം യൂറോപ്പില്‍ ചിലവഴിച്ച അദ്ദേഹം ഇന്ത്യയുടേയും യൂറോപ്പിന്റേയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള അന്തരം അതിവേഗം മനസ്സിലാക്കി. വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെകുറിച്ചാണ് മുഖ്യമന്ത്രിയായിരുന്ന വി എസ്സ് അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായിരുന്ന കെ എന്‍ ബാലഗോപാല്‍ എം പിസംസാരിച്ചു തുടങ്ങിയത്.

കാലം ഒരു പാട് മാറി. പൊതുരംഗത്തുള്ളവര്‍ നല്ല വിദ്യാഭ്യസമുള്ളവരാകണം. വിദ്യാഭ്യാസം കഴിഞ്ഞ് ജോലിക്ക് പോകുകയോ പോകാതിരിക്കുകയോ എന്തു തന്നെയാകട്ടെ, ജോലിക്ക് പോകുന്നതിന്റെ പത്തിരട്ടി കഠിനാധ്വാനം ആവശ്യമാണ് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉള്ളവരേക്കുറിച്ച് പൊതുവില്‍ വരുന്ന ചിത്രം പലപ്പോഴും വളരെ നെഗറ്റീവായ അഭിപ്രായത്തില്‍ വരാറുണ്ട്. അതിന് രാഷട്രീയ പ്രവര്‍ത്തകര്‍ തന്നെയാണ് കാരണക്കാരും. എല്ലാവരും അങ്ങനെയാണെന്ന് ധരിക്കുകയും വേണ്ട. അതല്ലാത്ത ഒരു സംവിധാനം ഉണ്ടാകണം. വളരെ ഗൗരവപരമായി ഉത്തരവാദിത്വങ്ങളെ കാണുന്നവര്‍ പൊതുരംഗത്തുവരണം. വിദ്യഭ്യാസമില്ലാത്തവര്‍ നേതൃത്വനിരയില്‍ വന്നപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ കണ്ടിട്ടുള്ളതുമാണല്ലോ!

നമ്മുടെ വിദ്യാഭ്യാസ രീതിക്ക് മാറ്റമുണ്ടാകണം. പ്രാക്ടിക്കലായിട്ടുള്ള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട്, ഉദാഹരണത്തിന് സയന്‍സ്സോ, ബിസിനസ്സോ ആണെങ്കില്‍ അതില്‍ റിസേര്‍ച്ച് ചെയ്ത് പഠിക്കുവാനുള്ള രീതിയിലേയ്ക്ക് വിദ്യാഭ്യാസ സമ്പ്രദായം ഉയരണം. അതില്ല എന്നത് നമ്മുടെ വിദ്യഭ്യാസ സമ്പ്രദായത്തിന്റെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

20160129_223257
രാജ്യം വിട്ട് പുറത്തു പോയ ഭാരതത്തിലെ ഒരു നല്ല ഭൂരിപക്ഷം ജനങ്ങളും അവരായിരിക്കുന്ന രാജ്യത്തു നിന്ന് ഭാരതത്തിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ പാര്‍ട്ടി ഏതായാലും രാഷ്ട്രീയ സംവിധാനങ്ങളോട് എന്നും വെറുപ്പാണ്. കേട്ടു മടുത്ത അഴിമതി ആരോപണങ്ങള്‍, അക്രമസംഭവങ്ങള്‍, സമരങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അങ്ങനെ നീളുന്നു പലതും. എന്തിന് ഇലക്ഷന്‍ നടത്തുന്ന രീതികള്‍തന്നെ നോക്കാം. മതിലുകളില്‍ എഴുതി തുടങ്ങുന്നു. ബാനറുകള്‍, പാരഡി ഗാനങ്ങള്‍, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ അവസാനം ഒരു കൊട്ടിക്കലാശവും. കള്ളവോട്ടും ബൂത്തുപിടുത്തവും മറുവശത്ത്. ടെക്‌നോളജി ഇത്രയധികം വളര്‍ന്നിട്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കാതെ ഇലക്ഷന്‍ നടത്താന്‍ ഇന്ത്യയില്‍ സാധിക്കില്ലേ?

ഓരോ രാജ്യത്തിലെ സംസ്‌കാരം അനുസരിച്ചേ അവിടുത്തേ രാഷ്ട്രീയവും പ്രചരണങ്ങളുമൊക്കെ വരത്തുള്ളൂ. ഇംഗ്ലീഷുകാര്‍ പൊതുവേ ശാന്തരും അച്ചടക്കമുള്ളവരുമാണ്. നമ്മുടെ നാടിന്റെ മറ്റൊരു സംസ്‌ക്കാരമായ ഹോളി ആഘോഷം ഈ രാജ്യത്ത് ചിന്തിക്കാന്‍ പറ്റുന്ന കാര്യമാണോ? കടുവാകളി ചെണ്ടമേളം ഇതൊക്കെ രാജ്യത്തിന്റെ സംസ്‌കാരത്തില്‍പ്പെട്ടതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ തന്നെയെടുക്കുക പ്രചരണങ്ങള്‍ പലവിധമാണ്.

കലാശകൊട്ടിനേക്കുറിച്ച് ചോദിച്ചപ്പോള്‍….

കലാശക്കൊട്ട്. നാലഞ്ചു വര്‍ഷമായിട്ട് അതിപ്പോള്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. കലാശക്കൊട്ട് ഒരു പ്രചരണമായി കാണുന്നില്ല. പിന്നെ ആളുകള്‍ക്ക് അതൊരു ഹരമാണ്. എല്ലാവരും കൂടി ചെയ്യുന്ന കാര്യങ്ങളെ നമ്മള്‍ എന്തിനാണ് എതിര്‍ക്കുന്നത് എന്ന ഉത്തരത്തില്‍ ഒതുക്കി.

IMG_0787

അവധിക്ക് നാട്ടില്‍ വരുന്ന ഓരോ പ്രവാസിയും കുറഞ്ഞത് ഒരു ഹര്‍ത്താലെങ്കിലും കൂടിയിട്ടാണ് തിരിച്ചു വരുന്നത്. തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍. സത്യത്തില്‍ ഈ ഹര്‍ത്താല്‍ എന്തിനാണ്? അതിന്റെ ഗുണം ആര്‍ക്കാണ്?

നാട്ടില്‍ എല്ലാം നിയമപരമായിട്ട് നടക്കുകയാണെങ്കില്‍ സമരമുണ്ടാകുന്നില്ല. ജുഡീഷ്യറിയുടെ ഭാഗത്തു നിന്നും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഭാഗത്തു നിന്നും നീതി കിട്ടാതെ വരുമ്പോള്‍ ജനങ്ങള്‍ പ്രതികരിക്കും. ഈ ഒരു അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനും പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ക്കു മുണ്ട്. അധികാരം ഉണ്ട് എന്ന കാരണത്താല്‍ എനിക്ക് എന്തും ചെയ്യാന്‍ സാധിക്കും എന്ന സമീപനം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും മാറണം.

ഹര്‍ത്താലും ബന്ദും ഒഴിവാക്കണം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്ന് തുറന്നടിച്ച സഖാവ് കെ.എന്‍. ബാലഗോപാല്‍ പിന്നീട് പറഞ്ഞതിങ്ങനെ…

ഹര്‍ത്താലുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നതു കൊണ്ടാണല്ലോ ആളുകള്‍ അത് ചെയ്യുന്നത്. ഇത്രയധികം ഹര്‍ത്താലുകള്‍ ചെയ്തിട്ടും റബ്ബറിന്റെ വില ഇത്രയും ഇടിഞ്ഞു എന്ന് പറഞ്ഞ് ഹര്‍ത്താല്‍ ചെയ്യാതിരുന്നിട്ട് കാര്യമുണ്ടോ എന്നും ചോദിക്കുന്നു.  ഇപ്പോള്‍ പഴയതു പോലെയല്ല കാര്യങ്ങള്‍. ഹര്‍ത്താലിന്റെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. അതുപോലെ പൊതുമുതല്‍ നശിപ്പിക്കാറില്ല. ഇംഗ്ലണ്ടിലുള്ള നിങ്ങള്‍ നാട്ടില്‍ വരാത്തതുകൊണ്ടാണ് അവിടുത്തെ കാര്യങ്ങള്‍ അറിയാതെ പോകുന്നത്. ഈ അടുത്ത കാലത്ത് അഖിലേന്ത്യാ പണിമുടക്ക് ഇന്ത്യയില്‍ ശക്തമായി നടന്നപ്പോള്‍ ഡെല്‍ഹിയിലും ബോംബെയിലും ഓട്ടോ റിക്ഷാ ടാക്‌സികള്‍ ഒന്നും തന്നെയോടിയില്ല. ഇതു വരെ അതു നടക്കാത്തതാണവിടെ. കേരളത്തിലും ബംഗാളിലും ഒക്കെ അത് പതിവാണ് താനും.

16f6c1f2-7c03-429a-8618-1dfb0ba9f3a9
എന്തു തന്നെയായാലും വിദ്യാഭ്യാസം എല്ലാത്തിന്റെയും അടിസ്ഥാനമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ അദേഹം യുകെ വിടുന്നതിനു മുന്‍പ് മലയാളികളാടായി ഇങ്ങനെ പറഞ്ഞു.

മലയാളിയെന്നു പറഞ്ഞാല്‍ ലോകത്ത് എവിടെയായാലും വളരെ കെട്ടുറപ്പുള്ള സമൂഹമാണ്. കേരളത്തിനോടുള്ള സ്‌നേഹം നിലനിര്‍ത്തി കേരളത്തിനു വേണ്ടി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകണം. നിങ്ങള്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സാമ്പത്തീക സഹായം ചെയ്യണം. വികസിത രാജ്യത്തില്‍ നിന്നു കിട്ടുന്ന പരിചയം കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കണം. അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ഒപ്പം ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുവാനും സാധിക്കും.

സന്ദര്‍ശനം പൂര്‍ത്തിയാക്കി സഖാവും കുടുംബവും ഇന്ന് നാട്ടിലേയ്ക്ക് മടങ്ങും.