സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൃത്യമായ പരിചരണം ലഭിക്കാതെ പ്രസവാനന്തരം കുഞ്ഞുങ്ങളുടെ മരണം സംഭവിച്ച കേസിൽ ഷ്രൂസ്ബറി & ടെലിഫോർഡ് എൻ എച്ച് എസ് ട്രസ്റ്റ്‌ ആശുപത്രിക്കെതിരെ വീണ്ടും അന്വേഷണം. 1998 മുതൽ 2017 വരെ സംഭവിച്ച ആയിരത്തിഅഞ്ഞൂറോളം മരണങ്ങളെ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തോടു പൂർണമായും സഹകരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. തങ്ങളുടെ ഗർഭകാല ശുശ്രൂഷ മെച്ചപെട്ടതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. വെസ്റ്റ് മേർഷ്യ പൊലീസാണ് കഴിഞ്ഞാഴ്ച അന്വേഷണം പ്രഖ്യാപിച്ചത്. മുൻപ് 2017 ലും ആശുപത്രിക്കെതിരെ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തിയിട്ടുണ്ട്. ആ സമയത്ത് ആരോഗ്യ സെക്രട്ടറി ആയിരുന്ന ജെറമി ഹണ്ട് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്ന് 23 കേസുകളെ സംബന്ധിച്ച് തുടങ്ങിയ അന്വേഷണം ഇപ്പോൾ വ്യാപിപ്പിച്ചിരിക്കുകയാണ്.

എന്നാൽ ഈ ആശുപത്രിയിൽ ഗർഭകാല ശുശ്രൂഷയെ സംബന്ധിച്ച് ഉയർന്ന പരാതിയോടൊപ്പം തന്നെ, മറ്റ് മേഖലകളെ സംബന്ധിച്ചും പരാതികളുണ്ട്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ആരോഗ്യത്തെ സംബന്ധിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്ന് കെയർ ക്വാളിറ്റി കമ്മീഷൻ ഇൻസ്പെക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആശുപത്രിയെ സംബന്ധിച്ച ചർച്ചകൾ എൻഎച്ച്എസ് ഇംഗ്ലണ്ടുമായി നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി 12 മണിക്കൂറിൽ അധികമാണ് രോഗികൾക്ക് ഈ ആശുപത്രിയിൽ കാത്തിരിക്കേണ്ടി വരുന്നത് എന്ന പരാതികളും ഉയർന്നിട്ടുണ്ട്. രോഗികൾക്ക് ചികിത്സ നിഷേധിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.