ഇരിങ്ങാലക്കുടയില്‍ പട്ടാപകല്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ആഭരണം തട്ടിയെടുത്ത കൊലയാളിയെ തേടിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. ഒരു വര്‍ഷത്തിലധികം ലോക്കല്‍പൊലീസ് അന്വേഷിച്ച ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംശയകരമായി പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തവരെയെല്ലാം ക്രൈംബ്രാഞ്ച് സംഘവും ചോദ്യം ചെയ്തെങ്കിലും അന്വേഷണം കാര്യമായി പുരോഗമിക്കുന്നില്ലെന്നാണ് വിവരം.

2019 നവംബര്‍ പതിനാലിനായിരുന്നു ഇരിങ്ങാലക്കുട സ്വദേശി ആലീസ് വീടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം. രാവിലെ വീടിനകത്തു കയറിയ കൊലയാളി കഴുത്തറുത്ത് കൊലപ്പെടുത്തി സ്ഥലംവിട്ടു. നാലു മാസത്തിനിടെ ആയിരം പേരെ പൊലീസ് ചോദ്യംചെയ്തു. പക്ഷേ, കൊലയാളിയെ കണ്ടെത്താനായില്ല. ആയുധം പൊതിഞ്ഞു കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ന്യൂസ് പേപ്പര്‍ വീടിനടുത്തു നിന്ന് കിട്ടിയിരുന്നു. കൊലയാളിയെ ആരും കണ്ടിട്ടില്ല.

വീടുകള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് ആരുമറിയാതെ പുറത്തു നിന്നൊരാള്‍ കൊല നടത്തി പോകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘവും അന്വേഷിക്കുന്നത്. സംശയിക്കുന്ന ആളുകളുടേയെല്ലാം ഡി.എന്‍.എ. സാംപിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ആലീസിന്റെ ശരീരത്തില്‍ നിന്ന് കിട്ടിയ മുടി കൊലയാളിയുടേതാണെന്ന് സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. കൊലയാളികളെന്ന് സംശയിക്കുന്ന എട്ടുപേരുടെ പട്ടികയാണ് ലോക്കല്‍ പൊലീസ് തയാറാക്കിയിരുന്നത്. ഇവരെയെല്ലാം ചോദ്യം ചെയ്തെങ്കിലും ആരും കുറ്റം സമ്മതിച്ചില്ല…സംശയകരമായി സാഹചര്യത്തില്‍ കൊലനടക്കുന്ന ദിവസം ഇരിഞ്ഞാലക്കുട ടൗണിലുണ്ടായിരുന്നവരാണ് ഇവരെല്ലാം.

ഇവരെ കേസുമായി ബന്ധിപ്പിക്കാവുന്ന തെളിവുകളും പൊലീസ് ലഭിച്ചിരുന്നില്ല. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തു. കൃത്യമായ സൂചനകളൊന്നും ലഭിക്കാതായതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കഴുത്തറുത്ത ശൈലിവച്ച് ഇറച്ചിക്കടയിലെ ജീവനക്കാരനാകാം കൊലയാളിയെന്ന് പൊലീസ് ആദ്യമേ തന്നെ സംശയിച്ചിരുന്നു. സംഭവ ദിവസം വീടിനടുത്ത് എത്തിയ കര്‍ട്ടണ്‍ പണിക്കാരെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷിച്ചെങ്കിലും വഴിത്തിരിവുണ്ടായില്ല. കൊലക്കേസുകള്‍ തെളിയിക്കാന്‍ വൈകിയാല്‍ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്ന പതിവും ആലിസ് കൊലക്കേസില്‍ നടന്നില്ല.

പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ലോക്കല്‍പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കാതെ നീട്ടുകൊണ്ട് പോയി. ഒടുവില്‍ ആലീസ് കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും തുമ്പൊന്നും ലഭിക്കാതായതോടെ പ്രതിഷേധവും ശക്തമായി. ഇതോടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്…ഇതിനിടെ ശാസ്ത്രീയതെളിവുകളെല്ലാം നഷ്ടപ്പെട്ടെന്ന ആരോപണവും ഉയര്‍ന്നു. കേസ് അന്വേഷണം ഏറ്റെടുത്ത് പലരേയും ക്രൈംബ്രാഞ്ചും ചോദ്യം ചെയ്തെങ്കിലും പ്രതിയിലേക്ക് നീളുന്ന തുമ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന..ഇതോടെ പ്രതിഷേധം ശക്തിപ്പെടത്താന്‍ ഒരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.