ജോർജ് ശാമുവേൽ 

ചെറുപ്പം മുതലേ അവന്റെ പ്രണയം ഏകാന്തതകളോടായിരുന്നു. ഇരുട്ട് മുറിയും ഒറ്റപ്പെടലും അവന്റെ പ്രണയിനിയുടെ വശ്യ സൗന്ദര്യത്തിനു കാമ രൂപം നൽകി സദാ അലങ്കരിച്ചു. നിശബ്ദചുവരുകൾക്കുള്ളിൽ പ്രധിധ്വനിക്കുന്ന ശ്വാസത്തിന്റെ നേരിയ മുഴക്കങ്ങളും വിയർപ്പിന്റെ ഗന്ധങ്ങളും അവനിൽ ഏകാന്തതയുടെ ചുരുളുകൾ വർധിപ്പിച്ചു. കഴുകിയിട്ട് മാസങ്ങളായ പുതപ്പിനുള്ളിൽ മുഷിഞ്ഞു നാറിയ തലയിണയെ വാരിപ്പുണർന്ന് അവന്റെ പഴയ കാലത്തിലേക്ക് അവൻ കുതിച്ചു പാഞ്ഞു. യാത്രയിൽ ആരോ പിന്തുടരുന്നെങ്കിലും അവനതു മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു പക്ഷേ കാലത്തിന്റെ ദൂതൻ ആയിരിക്കാം.

ആ കുടുംബത്തിൽ ആദ്യമായായിരുന്നു അങ്ങനെ ഒരു സംഭവം. ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ അമ്മ മരിക്കുക. ഒരു നടുക്കത്തോടെയും വെറുപ്പോടെയും അച്ഛന്റെ കൈകൾ നീട്ടി സ്വീകരിക്കുന്ന അവന്റെ മുഖത്തെ പുഞ്ചിരി ആ കാലത്തു മാത്രം കാണാൻ കഴിഞ്ഞിരുന്ന ഒന്നായി പിന്നീട് മാറി. ‘അമ്മയുടെ തലയെടുത്താ നശൂലം പുറത്തു വന്നെ, നീ സൂക്ഷിച്ചോ ഇവനൊരിക്കൽ നിന്റെയും കാലനാകും’!
അച്ഛന്റെ വാക്കുകൾ അയാളിൽ വലിയ ഒരു വിള്ളൽ വീഴ്ത്തി. വെറുപ്പും ഭയവും ആ കുഞ്ഞിലേക്കുള്ള ദൂരം വർധിപ്പിച്ചു. അതിൽ പിന്നെ അയാൾ ആ കുഞ്ഞിനെ ഒന്ന് എടുക്കുക പോലും ഉണ്ടായിട്ടില്ല. പ്രായം ചെന്ന അച്ഛനും ആയാളും കുഞ്ഞും തനിച്ച്‌ ആ വലിയ വീട്ടിൽ കഴിയുന്നത് അയാളെ അസ്വസ്ഥനാക്കി. ഡൽഹിയിൽ വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധികാര പദവിയിൽ മാത്യൂസ് ഹോക്ക് എന്നറിയപ്പെടുന്ന അയാൾ താമസിക്കാതെ ഡൽഹിക്ക് പോകാൻ തീരുമാനിച്ചു.
‘നീ പോയാൽ ഈ കൊച്ചിനെ ഞാൻ എന്ത് ചെയ്യും?’
അച്ഛന്റെ ചോദ്യത്തിന് മറുപടി നൽകാൻ അയാളുടെ അറിവുകൾക്കോ കഴിവിനോ സാധിച്ചില്ല.
‘കൊല്ലാൻ പറ്റില്ലല്ലോ, ഞാൻ നോക്കിക്കൊള്ളാം’
അൽപ്പം ഗൗരവത്തോടെയും പുച്ഛത്തോടെയും അച്ഛൻ പിറുപിറുത്തു. മാത്യൂസ് പോയി ഒരു മാസത്തിനു ശേഷം അച്ഛന് ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ അടുത്ത് ഉണ്ടായിരുന്ന ഒരു പരിചയക്കാരനെ അച്ഛനെയും കുഞ്ഞിനേയും നോക്കുന്നതിനായി മാത്യൂസ് ഫോണിലൂടെ ഏർപ്പെടുത്തി.

ജീവിതത്തിന്റെ അടുത്ത താളുകൾ മറിയുമ്പോൾ കാലം വല്ലാതെ മുന്നോട്ട് പോയിരുന്നു. അവന് മൂന്നാം തരത്തിൽ പുതിയ സ്കൂളിൽ ചേരേണ്ടി വന്നു. കൂടെ പഠിച്ച കുട്ടിയുടെ കവിളിലൂടെ അവൻ പെൻസിൽ കുത്തിയിറക്കി. പുതിയ സ്കൂളിൽ കൊണ്ട് ചേർത്തത് വേലായുധൻ ആണ്. കഴിഞ്ഞ എട്ട് വർഷമായി അലനെ നോക്കുന്നതും വളർത്തിയതുമെല്ലാം അയാളാണ്. അയാളുടെ പ്രകടമായ സ്വഭാവമാണ് അവൻ മറ്റുള്ളവരോടും കാണിക്കുന്നത്. ഈ സംഭവം കൊണ്ട് തന്നെ അയാൾ പഴയതിലും ക്രൂരനായി തീർന്നിരുന്നു. അലന്റെ അപ്പച്ചൻ അപ്പോഴേക്കും കിടപ്പിലായി കഴിഞ്ഞിരുന്നു. ‘അടങ്ങി ഒതുങ്ങി പറയുന്നത് കേട്ട് ജീവിച്ചുകൊള്ളണം, ഇല്ലെങ്കിൽ കൊന്നു കുഴിച്ചു മൂടും ഞാൻ. സ്കൂളിൽ പോയി തോന്ന്യവാസം കാണിച്ചിട്ട് വന്നാൽ വെട്ടിയരിഞ്ഞു പട്ടിക്ക് തിന്നാൻ കൊടുക്കും… കേട്ടോടാ!’ പുതിയ സ്കൂളിൽ ചേർത്തത്തിന്റെ അന്ന് അയാളുടെ അലറൽ ഒരു ഇടി നാദം പോലെ അവന്റെ മനസ്സിൽ തറച്ചുനിന്നു. അയാൾക്ക് എല്ലാ മാസവും ഡൽഹിയിൽ നിന്നും വരുന്ന കാശിനോടായിരുന്നു ഭ്രമം. അധികം താമസിക്കാതെ അവൻ അനുഭവിക്കുന്നതെല്ലാം അവന്റെ സുഹൃത്തുക്കളിൽ പരീക്ഷിച്ചു തുടങ്ങി. സ്കൂളിൽ നിന്നുള്ള ഫോൺ വിളികൾ മടുത്തപ്പോൾ അയാൾ അവന്റെ പഠിപ്പങ്ങു നിർത്തി. അച്ഛന്റെ അറിവിൽ അവൻ എന്നും സ്കൂളിൽ പോകുന്നുണ്ടായിരുന്നു.

അവനെ പുറത്തെങ്ങും വിടാതെ അയാൾ വീട്ടിനുള്ളിൽ അടച്ചു. ‘ഞാൻ കളിക്കാൻ പൊക്കോട്ടെ?’
‘അകത്തിരുന്നു കളിച്ചാൽ മതി’
‘എന്നെ വിട്ടില്ലേൽ ഞാൻ പറഞ്ഞു കൊടുക്കും’
‘ആരോട്?’
‘മീര ടീച്ചറോട് പറയും, ടീച്ചറ് നല്ല അടി തരും’
‘നീ പോയി പറഞ്ഞു കൊടുക്ക്’ ദേഷ്യത്തോടെ അയാൾ ടി വി യുടെ ശബ്ദം കൂട്ടി. ഒരു പക്ഷേ അവന്റെ അച്ഛനെ അവൻ മറന്നു തന്നെ കാണും. പോയതിൽ പിന്നെ ഇത്രനാൾക്കിടയിൽ ഒന്ന് മിണ്ടിയിട്ട് പോലുമില്ലല്ലോ. അവന്റെ മുറിക്കുള്ളിൽ കളിപ്പാട്ടങ്ങൾ പോലും കൂട്ടില്ലാതെ അവൻ കളിച്ചു നടന്നു. ഇടയ്ക്ക് അയാൾ അപ്പച്ചനോടും കയർക്കുന്നതു അവന് കേൾക്കാമായിരുന്നു. ഒരു രാത്രിയിൽ പുറത്തു ശക്തമായ മഴയിൽ ഇരുട്ട് അവന്റെ കരച്ചിൽ കേട്ടു. വേദന കൊണ്ട് അവൻ അലമുറയിട്ട് കരഞ്ഞു. വേലായുധൻ വിയർപ്പു തുള്ളികൾ വിരൽ കൊണ്ട് തെറിപ്പിച്ചു അലന്റെ മുറിയിൽ നിന്നും പുറത്തു വന്നു വിശ്രമിച്ചു. അതിനു ശേഷം എത്രയോ തവണ അവൻ ഇരയാകേണ്ടി വന്നു. പല രാത്രികൾ മുറിവുകളിൽ നിന്നുയരുന്ന വേദനയിൽ അവന്റെ കരച്ചിൽ ഇരുട്ട് മാത്രം കേട്ടു. പുറം ലോകവുമായി ബന്ധമില്ലാത്തവന്റെ വേദന വേറെ ആരു കേൾക്കാനാണ്.

പിന്നീട് അവൻ മുറിക്കുള്ളിൽ അവന്റെ ജീവിതത്തെ അടച്ചു പൂട്ടി.
‘ടാ കതകു തുറക്ക്, ചോറ് ദേണ്ട്.. വേണേൽ എടുത്ത് കഴിക്ക് ‘
അയാൾ അത് വാതിലിന്റെ അരികിൽ വച്ചു പോയി. വേലായുധൻ പുറത്തു പോകുന്ന സമയം അവൻ അത് കഴിച്ചു. അയാൾ പുറത്തു പോകാത്തപ്പോൾ അവന്റ വയറു വാ വിട്ടു കരയുമായിരുന്നു.
‘ആ ചെറുക്കനെ കാണാനേ ഇല്ലല്ലോ? അവന്റെ അപ്പൻ അവനെയും ഡൽഹിക്ക് കൊണ്ട് പോയോ?’
വേലായുധന്റെ സ്വഭാവം കാരണം ഒരിക്കൽ പോലും തിരിഞ്ഞു നോക്കാത്ത അയൽക്കാരൻ ഒരിക്കൽ അയാളോട് ചോദിച്ചു.
‘ഏയ് ഇല്ല അവൻ ഇവിടെയുണ്ട്, അവനു പുറത്തിറങ്ങുന്നതൊന്നും ഇഷ്ടമില്ല.’
‘അപ്പോൾ അവൻ സ്കൂളിലൊന്നും ഇത്ര നാളായിട്ടും പോയിട്ടില്ലേ?’
‘അതല്ലെടോ തന്നോട് പറഞ്ഞത് അവനു ഇഷ്ടമല്ലെന്ന്’
വേലായുധന്റെ മുഖം കറക്കുന്നതു അയാൾക്ക് ഭയമായിരുന്നു.

ഒരു ദിവസം അലൻ പഠനം നിർത്തിയതും അലന്റെ സ്വഭാവം ശരിയല്ലെന്നും എല്ലാം അയാൾ മാത്യൂസിനോട് സൂചിപ്പിച്ചു.
‘ഞാൻ എന്നാൽ അധികം താമസിക്കാതെ അങ്ങോട്ട് വരാം വേലായുധാ..’
‘അയ്യോ സാറ് വരാൻ വേണ്ടി പറഞ്ഞതൊന്നുമല്ല’
‘അതല്ലടോ, അന്ന് പോയതിൽ പിന്നെ ഞാൻ അങ്ങോട്ട് വന്നിട്ടില്ലല്ലോ. അവനെ ഭയന്ന് ഞാൻ ഓടി.. എല്ലാം നേടി.. എന്നിട്ടിപ്പോ എന്താ സമാധാനം ഇല്ലല്ലോ! എല്ലാം നിർത്തി നാട്ടിൽ വന്നു അവന്റെയൊപ്പം സമാധാനത്തോടെ ജീവിക്കണം.’
‘സാറ് വരുമ്പോൾ നേരത്തെ അറിയിക്കില്ലേ’
അപ്പോഴേക്കും കാൾ കട്ടായിരുന്നു. അയാളുടെ മനസ്സിൽ ഭീതി പടർന്നു.
‘ആ ചെക്കൻ എന്തേലും വിളിച്ചു പറയുമോ! ഇത്ര നാളും അയാളെ പറ്റിച്ചു ഞാൻ സമ്പാദിച്ചതൊക്കെ…’
ഭീതിയുടെ തിരിച്ചറിവിൽ അയാൾ വിറങ്ങലിക്കുന്നുണ്ടായിരുന്നു.
പിറ്റെന്നാൾ അപ്പച്ചൻ മരിച്ചു. വിവരം അറിഞ്ഞപ്പോൾ അന്നത്തെ ഫ്ലൈറ്റിനു തന്നെ മാത്യൂസ് നാട്ടിൽ എത്തി.
‘അലൻ, വാതിൽ തുറക്ക് ഇത് പപ്പയാ. എടാ തുറക്കാൻ’
‘നിർബന്ധിക്കണ്ട സാറെ അവൻ തുറക്കില്ല’
‘താൻ മിണ്ടാതിരിക്കെടോ’
സഹികെട്ട അയാൾ വാതിൽ തല്ലിപ്പൊളിച്ചു. തന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ആ കാഴ്ച. ദുർഗന്ധം കൊണ്ട് അയാൾക്ക് മനം മറിഞ്ഞു. ഇരുട്ട് നിറഞ്ഞ മുറികളിൽ തന്റെ ബീജത്തിന്റെ വളർച്ചയെ അയാൾ അന്വേഷിച്ചു. മുഷിഞ്ഞു നാറിയ പുതപ്പിനുള്ളിൽ തലയിണയോടു ചേർന്ന് ചേതനയറ്റ ശരീരവുമായി അവൻ കിടന്നുറങ്ങുന്നു. അന്ന് ഉച്ചയ്ക്ക് കൊടുത്ത ഭക്ഷണവും വാതിലിനരികിൽ തണുത്തു വിറങ്ങലിച്ചിരുന്നു.

തിരച്ചറിവുണ്ടായതിനു ശേഷം ആദ്യമായി അവൻ അവന്റെ അച്ചനെയും മറ്റൊരാളുടെ കണ്ണുനീരും കാലത്തിന്റെ ദൂതനൊപ്പം വിദൂരതയിൽ നിന്ന് കണ്ടു. അയാൾക്കൊപ്പം അവൻ യാത്ര തുടർന്നു ഒരു പുഞ്ചിരിയോടെ

 

 

ജോർജ് ശാമുവേൽ

ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.