ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്യൂഷേയ്ക്ക് വില്‍ക്കുകയാണെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉടമകളായ ടാറ്റ മോട്ടോഴ്‌സ്. വില്‍പനയ്ക്കായുള്ള നീക്കങ്ങള്‍ സജീവമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ടാറ്റ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരു കമ്പനികളും ലയിച്ചാലുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റ് സെയില്‍ ഇന്റഗ്രേഷന്‍ ഡോക്യുമെന്റ് ആണ് പുറത്തായത്. ലയനം സംബന്ധിച്ചുള്ള വാര്‍ത്തകളും പ്രചാരണങ്ങളും ടാറ്റ നിഷേധിച്ചെങ്കിലും ഇതിനായുള്ള അണിയറ നീക്കങ്ങള്‍ സജീവമാണെന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഒരു വില്‍പനയോ വാങ്ങലോ നടക്കാനുള്ള സാധ്യതയിലേക്കാണ് പുറത്തു വന്ന രേഖകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് അവര്‍ സൂചന നല്‍കി.

പ്യൂഷേ, സിട്രോണ്‍, വോക്‌സ്‌ഹോള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളായ പിഎസ്എയും ഇത്തരമൊരു ഇടപാട് നടക്കുന്നില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ ഊഹങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ടാറ്റ വ്യക്തമാക്കിയത്. ഈ അഭ്യൂഹങ്ങളില്‍ സത്യത്തിന്റെ അംശം ഇല്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂല്യമുണ്ടാക്കുന്ന ഏതൊരു അവസരത്തിനോടും തുറന്ന വാതില്‍ സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് പിഎസ്എ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറോ മറ്റേതെങ്കിലും കമ്പനിയോ ഏറ്റെടുക്കുന്നതില്‍ തങ്ങള്‍ക്ക് തിടുക്കമില്ലെന്നും കമ്പനി വക്താവ് അറിയിച്ചു.

തങ്ങളുടെ വ്യവസായ സാമ്രാജ്യം വികസിപ്പിക്കുന്നതിന് താല്‍പര്യമുണ്ടെന്ന് പിഎസ്എ തലവന്‍ കാര്‍ലോസ് ടവാരസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ജെഎല്‍ആര്‍ പരിഗണിക്കാന്‍ സന്നദ്ധനാണെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. ബ്രെക്‌സിറ്റിനു ശേഷം ഡീസല്‍ വാഹനങ്ങളുടെ ആവശ്യം ഇടിയുമെന്നതിനാലും ചൈനീസ് മാര്‍ക്കറ്റില്‍ വില്‍പന കുറഞ്ഞതിനാലും യുകെയിലെ 5000 ജോലിക്കാരെ പിരിച്ചുവിടുമെന്ന് ജനുവരിയില്‍ ജെഎല്‍ആര്‍ പ്രഖ്യാപിച്ചിരുന്നു.