ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഇത്തവണ മലയാളത്തില്‍ നിന്ന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‌കാറില്‍ മത്സരിക്കുക. 93ാമത് അക്കാദമി അവാര്‍ഡ്‌സില്‍ വിദേശ സിനിമകളുടെ വിഭാഗത്തിലാണ് സിനിമ മത്സരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

14 അംഗജൂറിയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത്. ചൈതന്യ തമാനേയുടെ ദ ഡിസിപ്പിള്‍, വിധു വിനോദ് ചോപ്രയുടെ ശിക്കാര, അനന്ത് നാരായണന്‍ മഹാദേവന്റെ ബിറ്റല്‍ സ്വീറ്റ്, ഗീതു മോഹന്ദാസിന്റെ മൂത്തോന്‍ എന്നീ സിനിമകള്‍ ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ സിനിമകളെ പിന്തള്ളിയാണ് ജെല്ലിക്കെട്ട് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായത്.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍ ജയകുമാര്‍ എന്നിവര്‍ തിരക്കഥ ഒരുക്കിയ ചിത്രം രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ്.
തിയറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു. 2019ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചിരുന്നു.ഗോവ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. പ്രശാന്ത് പിള്ളയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍. 2019 ഒക്ടോബര്‍ നാലിനാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗുരു ആണ് മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011-ല്‍ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിനും ഇന്ത്യയില്‍ നിന്ന് ഓസ്‌കര്‍ എന്‍ട്രി ലഭിച്ചു. 2019ല്‍ സോയാ അക്തര്‍ സംവിധാനം ചെയ്ത ഗള്ളി ബോയ് ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. 2021 ഏപ്രില്‍ 25നാണ് ഇത്തവണ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം.