മെട്രിസ് ഫിലിപ്പ്

യേശു നാഥൻ, തന്റെ ശിഷ്യരുടെ കാൽകഴുകി ചുംബിച്ചുകൊണ്ട് വിനയത്തിന്റെ മാതൃക ചെയ്തതും, തന്റെ ജീവൻ, അപ്പത്തിലേക്കു വഴിമാറ്റുകയും ചെയ്ത പെസഹാ ദിനം(Maundy Thursday). ഒരു താലത്തിൽ വെള്ളമെടുത്ത്, വെൺകച്ച അരയിൽചുറ്റി, മിശിഹാ തന്റെ ശിഷ്യരുടെ പാദങ്ങൾ, കഴുകി ചുംബിച്ചു കൊണ്ട്, വിനയാനിതനായി,സ്വയം മാതൃക കാണിച്ചു കൊടുത്ത പുണ്യദിനം.

പെസഹാ ദിവസം, ഇണ്ടറി അപ്പവും, പാലും ഭക്ഷിക്കുവാൻ എടുക്കുമ്പോൾ, ഓർക്കുക, അവയിൽ ഒരു ജീവനുണ്ടെന്ന്. യേശുവിന്റെ ശരീരവും രക്തവും, അപ്പത്തിന്റെയും പാലിന്റെയും രൂപത്തിൽ, എഴുന്നെള്ളി വരികയാണ്, ഓരോ ഹൃദയത്തിലേക്കും.

ആ വലിയ മാളിക മുറിയിൽ ഒരുക്കിയ, പെസഹാ വേളയിൽ, യേശു അപ്പമെടുത്തു ആശിർവദിച്ച് മുറിച്ച് നൽകി കൊണ്ട് അരുളി ചെയ്തു, “ഇത് എന്റെ ശരീരമാകുന്നു, ഇത് വാങ്ങി ഭക്ഷിക്കുവിൻ. തുടർന്ന് പാനപാത്രം എടുത്തു സ്തോത്രം ചെയ്ത് അവർക്കു നൽകി അരുളി ചെയ്തു, എന്റെ രക്തം പാനം ചെയ്യുവിൻ” അങ്ങനെ ലോകത്തിന് ഒരു പുതിയ ഉടമ്പടി നൽകി കൊണ്ട്, ആ അവസാന അത്താഴമേശയിൽ, യേശു ഒരു ചരിത്രം എഴുതിചേർത്തു.

ആ വലിയ അത്താഴ വേളയിൽ, യേശു നാഥൻ, സ്വയം അപ്പമായും, വീഞ്ഞായും മാറുന്ന കാഴ്ച കാണുവാൻ ഭാഗ്യം ലഭിച്ച ശിഷ്യൻമാർ, ഒരിക്കലും ഓർത്തില്ല, ഇത് തന്റെ, ഗുരുവിനോടൊത്തുള്ള അവസാന അത്താഴം ആയിരിക്കുമെന്ന്. എന്നാൽ യേശുനാഥൻ, ഇത് മനസ്സിലാക്കിയിരുന്നു.

തന്നോടൊപ്പം, പാത്രത്തിൽ കൈ മുക്കുന്നവൻ , ഒറ്റുകാരൻ ആയിരിക്കും, എന്നറിഞ്ഞിട്ടും, ഓടി ഒളിക്കാതെ, ഹൃദയം പൊട്ടി പ്രാർത്ഥിക്കുകയായിരുന്നു. ഇനിയും ഒരുപാട് സമയം ഇല്ലാ എന്നറിഞ്ഞിട്ടും, ഏകനായി, ഗത് സെമേൻതോട്ടത്തിൽ പോയി, കമിഴ്ന്നു വീണ് പ്രാർത്ഥിച്ചുകൊണ്ട്, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നുപോകട്ടെ എന്നും, എന്നാൽ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം ആണ് വലുത് എന്നും, കുരിശു മരണം ഉണ്ടാകും എന്നും, അത് പൂർത്തിയാക്കുവാൻ വിധിക്കപ്പട്ടവൻ ആണ് താൻ എന്നുള്ള സത്യം, ബേത് ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നുവീണ സമയത്തേ യേശു മനസ്സിലാക്കിയിരിക്കാം.

പള്ളികളിലെ സക്രാരിയിൽ എഴുന്നള്ളി ഇരിക്കുന്ന യേശു നാഥനെ, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്‌തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ,നമുക്കു സാധിക്കുന്നത്, പെസഹായുടെ ദിവസം യേശു പ്രഖ്യാപിച്ച പുതിയ ഉടമ്പടി വഴിയായിരുന്നു എന്ന് ഓർമ്മിക്കാം.

നമ്മുടെ ഭവനങ്ങളിൽ, ഊട്ടുമേശക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന, യേശുവിന്റെ അവസാന അത്താഴവിരുന്നിന്റെ ഫോട്ടോയിൽ കാണുന്ന ചിത്രത്തിൽ, ജെറുസലേം പട്ടണവും കാണുവാൻ സാധിക്കും. എന്റെ ജെറുസലേം യാത്രയിൽ, ലാസ്‌റ്റ് സപ്പർ റൂം, ഒരു രണ്ട് നില മാളിക തന്നെ ആയിരുന്നു. പടികൾ കയറി മുകളിൽ ചെന്നാൽ, വിശാലമായ മുറിയും, ജെറുസലേം പഴയ പട്ടണവും കാണുവാൻ സാധിക്കും.

ഈ പെസഹാ ദിനം, യേശുവിന്റെ ജീവനാകുന്ന അപ്പം സ്വീകരിച്ചുകൊണ്ട്, ജീവിതത്തിന് പുതിയ മാറ്റങ്ങൾ വരുത്താം. ദുഃഖ വെള്ളി നല്ല വെള്ളിയായി മാറുവാൻ ഉള്ള തുടക്കം ഇന്ന് ആരംഭിക്കാം. ആമേൻ.