കാഞ്ഞിരപ്പള്ളി എസ്‌ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം കോടതി കയറുന്നു. കണാതായ ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി.

പൊലീസ് മേധാവി, മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി, ജെസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനം തിട്ട മുൻ എസ്‌പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.സൈമൺ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി.

കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടന സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കും. 2018 മാർച്ച് 22 ന് കാണാതായ ജെസ്‌നയെ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.

എന്നാൽ, ജെസ്‌ന എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാൽ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങളിൽ വാർത്ത വന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പത്തനംതിട്ട എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞത്.

അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ട്. തുറന്നുപറയാൻ സാധിക്കാത്ത പല കാര്യങ്ങളുമുണ്ട്. കേസിൽ വൈകാതെ തീരുമാനമുണ്ടാകും. തമിഴ്‌നാട്ടിലുൾപ്പെടെ അന്വേഷണം നടന്നു. കോവിഡ് പ്രതിസന്ധി അന്വേഷണത്തിനു മങ്ങലേൽപ്പിച്ചെന്നും കെ.ജി.സൈമണ്‍ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

2018 മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്. രണ്ട് വർഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു തുമ്പും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ലായിരുന്നു. ജെസ്‌നയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ – മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി.

ജെസ്‌ന എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്‌നയെ ആരും കണ്ടിട്ടില്ല. ജെസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്‌ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവു ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്.

ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേകസംഘവും തുടർന്ന് ക്രൈംബ്രാഞ്ചും ഏറ്റെടുക്കുകയായിരുന്നു. ജെസ്‌നയെ പറ്റി വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കേസിൽ യാതൊരു വഴിതിരിവും ഉണ്ടായില്ല. ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തു മെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ചതും പല്ലില്‍ കമ്പി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്‌ന കാണാതാകുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ് ധരിച്ചിരുന്നത്.