ന്യൂയോര്‍ക്ക്: അമേരിക്കകാരെ തന്നെ ജോലിക്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ കര്‍ശനമായ നടപടി ശുപാര്‍ശ ചെയ്യുന്ന എച്ച്‌1ബി വിസ സംബന്ധിച്ച ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഒപ്പ് വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ അനേകം വിദേശ പ്രൊഫഷണലുകള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന വിധത്തില്‍ റിവ്യൂ സിസ്റ്റം ഉള്‍പ്പെടെ പരിഷ്ക്കരിച്ച രീതിയിലേക്കാണ് മാറുന്നത്. ഉത്തരവില്‍ ചൊവ്വാഴ്ച ഒപ്പിട്ടേക്കും. ‘ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ എക്സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പിടാന്‍ ട്രംപ് സ്പീക്കര്‍ പോള്‍ റയാന്‍റെ മില്‍വൗകി, വിസ്കോന്‍സിനിലേക്ക് യാത്ര പദ്ധതി ഇട്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഒക്ടോബര്‍ 1 ന് തുടങ്ങുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 65,000 എച്ച്‌ 1ബി വിസ വിതരണവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശവും കാര്യക്ഷമമാക്കുമെന്ന യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍റ് ഇമിഗ്രേഷന്‍ സര്‍വീസസിന്‍റെ (യുഎസ് സിഐഎസ്)  പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രസിഡന്‍റ് ഒപ്പിടാന്‍ പോകുന്നത്. എച്ച്‌1ബി വിസയ്ക്കുള്ള 199,000 അപേക്ഷകളില്‍ കബ്യുട്ടര്‍ വല്‍ക്കരണ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി യുഎസ് സിഐഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

വിദേശത്ത് നിന്നുള്ള പ്രൊഫഷണലുകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിനെ കര്‍ശനമായ നിയമം മൂലം നിയന്ത്രിക്കുന്ന രീതിയിലുള്ളതാണ് ട്രംപ് പുതിയതായി ഒപ്പു വെയ്ക്കുന്ന നിര്‍ദേശം. അമേരിക്കന്‍ ജോലിക്കാര്‍ക്ക് കൂടുതല്‍ ശംമ്പളവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ ചൂഷണവും വഞ്ചനയും പിടികൂടാനും നടപടിയെടുക്കാനും തൊഴില്‍, നിയമ, ആഭ്യന്തരസുരക്ഷ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നതാണ് പുതിയ നിര്‍ദേശം. അമേരിക്കയുടെ തൊഴില്‍ രംഗത്തെയും സാമ്പത്തിക സ്ഥിതിയെയും സംരക്ഷിക്കാന്‍ ഉതകുന്നതായിരിക്കണം കുടിയേറ്റ സംവിധാനമെന്ന ലക്ഷ്യത്തിലാണ് ഇതെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.