ഇന്നലെ നിര്യാതനായ ജോമോൻ ജോസഫിനെ പി ജെ ജോസഫിൻെറ പുറപ്പുഴയിലെ വീട്ടിലെത്തുന്ന എല്ലാവർക്കും സുപരിചിതനായിരുന്നു. ജോക്കുട്ടൻ എന്ന് വിളിപ്പേരുള്ള ജോമോൻ ജോസഫ്.അടുപ്പമുള്ളവർ ജോ എന്നും.,ജോക്കുട്ടൻ എന്നും വിളിക്കും.ചെറുപ്പത്തിലേ അസുഖക്കാരനായിരുന്നെങ്കിലും വീട്ടുകാർ ഏറ്റവും സ്നേഹനിധിയായാണ് വളർത്തിയത്.പി ജെ ജോസെഫിന്റെ സ്റ്റാഫായ സുധീഷ് കൈമൾ.,ബ്ലെയ്റ്റ്സ്.,സലീം.,ഷാജി അറയ്ക്കൽ.,ഹരിദാസ് എന്നിവർക്കും ജോക്കുട്ടൻ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു.

അസുഖ ബാധിതനായതിന്റെ പേരിൽ ഒരിക്കലും ഒരു അവഗണനയും ജോക്കുട്ടന് ഉണ്ടായിട്ടില്ല.മിക്കവാറും വീടിന്റെ മുന്നിൽ തന്നെ ഉണ്ടാവുമായിരുന്നു.വരുന്ന പാർട്ടി പ്രവർത്തകരും ജോക്കുട്ടനോട് കുശലം പറഞ്ഞിട്ടേ പോകുമായിരുന്നുള്ളൂ.പലരെയും ജോക്കുട്ടനും നല്ല പരിചയമായിരുന്നു.അങ്ങനെയുള്ളവർ ചെല്ലുമ്പോൾ ജോക്കുട്ടൻ ഓർത്തു ചിരിക്കും.

സാധാരണ അസുഖ ബാധിതനായ ഒരാൾ വീട്ടിലുണ്ടായാൽ അവഗണ അനുഭവിക്കുന്ന തലത്തിൽ നിന്നും അംഗീകാരത്തിന്റെ തലത്തിലേക്കാണ് ജോക്കുട്ടൻ ഉയർന്നത്.പി ജെ ജോസെഫിന്റെ നാലുമക്കളിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരനും ജോക്കുട്ടൻ ആയിരുന്നു.അപ്പു.,ആന്റണി.,യമുന.,ജോക്കുട്ടൻ എന്നീ നാല് മക്കളായിരുന്നു പി ജെ ജോസഫിന്.

ജോക്കുട്ടനും തന്റെ മക്കളിൽ ഒരു വീതം കൊടുക്കാൻ പിജെ ജോസഫ് ആഗ്രഹിച്ചു.അതിനു മക്കൾക്കെല്ലാം ഏറ്റവും സന്തോഷവുമായിരുന്നു.ഏറ്റവും സന്തോഷം മൂത്ത പുത്രനായ അപ്പു ജോൺ ജോസഫിനായിരുന്നു. ജോക്കുട്ടന്റെ വിഹിതമായി കൊടുക്കുന്ന സ്ഥലം വിറ്റ് ലഭിക്കുന്ന പണം കൂട്ടി ജോക്കുട്ടൻ ചാരിറ്റി ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ മേൽ നോട്ടത്തിൽ തൊടുപുഴയിലെ 7000 നിർദ്ധനരായ രോഗികൾക്ക് മാസം 1000 രൂപാ വച്ച് നൽകുകയും ചെയ്യുന്ന “കനിവ്” എന്ന പരിപാടിക്ക് രൂപം നൽകുകയും ചെയ്തു.

അതിന്റെ ഉദ്‌ഘാടനം തൊടുപുഴ പള്ളി പാരിഷ് ഹാളിൽ നടന്നപ്പോൾ വൻ ജനാവലിയും തടിച്ചു കൂടി.കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലാണ് ആ കനിവ് എന്ന പരിപാടി ഉദ്‌ഘാടനം ചെയ്തത്.ഇത് എല്ലാവർക്കും ഒരു മാതൃകയാണ് ഈ മാതൃക സമൂഹം അനുകരിക്കേണ്ടതാണ് എന്നാണ് മാർ ജോർജ് പിതാവ് അന്ന് പറഞ്ഞത്. അന്നും ഈ പരിപാടിക്ക് ജോക്കുട്ടൻ മുൻ നിരയിൽ തന്നെ കാഴ്ചക്കാരനായി ഉണ്ടായിരുന്നു.

ജോക്കുട്ടൻ കാലയവനികയിലേക്കു മറയുമ്പോൾ ജോക്കുട്ടൻ ചാരിറ്റബിൾ ട്രസ്റ്റ് ഇനിയും ജീവിക്കും നിർധനർക്ക് കാരുണ്യമേകി